തിരുവൻവണ്ടൂർ ∙ ആദിപമ്പയുടെയും വരട്ടാറിന്റെയും തീരത്തെ കിണറുകളിൽ വെള്ളം വലിയുന്നു. മണൽ ഖനനത്തെ തുടർന്നെന്നു പരാതി.
തിരുവൻവണ്ടൂർ പഞ്ചായത്തിൽ വർഷങ്ങൾക്കു മുൻപു നേരിയ ഭൂകമ്പം ഉണ്ടായതും ഭൂമിയിലെ മണൽ ഊർന്നു പോകുന്ന പൈപ്പിങ് പ്രതിഭാസം റിപ്പോർട്ട് ചെയ്തതും കണക്കിലെടുത്ത് സംഭവത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്നും ആവശ്യമുയരുന്നു.
ഖനനം മൂലം നദിയുടെ അടിത്തട്ടും ഭൂഗർഭ ജലവിതാനവും താഴുകയാണ്. തിരുവൻവണ്ടൂർ, വനവാതുക്കര, ഇരമല്ലിക്കര, മഴുക്കീർ, പ്രയാറ്റുകടവ്, തൃക്കയ്യിൽ, പുതുക്കുളങ്ങര, ആറാട്ടുകടവ്, തലയാർ, ഇടനാട് പ്രദേശങ്ങളിൽ വീടുകളിലെ കിണറുകളിലെ വെള്ളം വലിഞ്ഞു മാറുന്നുണ്ട്. വരട്ടാറിനേക്കാൾ ആദിപമ്പയുടെ അടിത്തട്ട് താഴ്ന്നിട്ടുണ്ട്.
ഇതേക്കുറിച്ചു ജല അതോറിറ്റിയും ഹരിത കേരള മിഷനും ചേർന്നു പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തുന്നുണ്ട്.
തുടരെ മണലൂറ്റുന്നതു മൂലം നദിയുടെ അടിത്തട്ട് വീണ്ടും താഴുകയും വരട്ടാറിലേക്ക് നീരൊഴുക്ക് അസാധ്യമാവുകയും ചെയ്യും. ഇതിനനുസരിച്ച് വരട്ടാറിന്റെ ആഴവും കൂട്ടേണ്ടതുണ്ട്.
ഈ സ്ഥിതി തുടർന്നാൽ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം നിലവിലുള്ളതിനെക്കാൾ വർധിക്കുമെന്ന് ആശങ്ക ഉയരുന്നു. ഇതിനകം വറ്റിയ കിണറുകളും പ്രദേശത്തുണ്ട്.
തുലാവർഷത്തിൽ മാത്രമാണു വീട്ടുകാരുടെ ഏക പ്രതീക്ഷ.
ആദി പമ്പയിലും വരട്ടാറിലും ഒഴുക്കില്ലാത്തതു മൂലം ഇടത്തോടുകളിൽ ഉൾപ്പെടെ മാലിന്യം അടിഞ്ഞു കൂടുന്നതു മറ്റൊരു പ്രശ്നമാണ്. വെള്ളത്തിനു നിറവ്യത്യാസവും ദുർഗന്ധവുമുണ്ട്.
മണലുള്ളപ്പോൾ അരിക്കൽ പ്രക്രിയ നടക്കുകയും സമീപമുള്ള കിണറുകളിലേക്ക് ശുദ്ധജലത്തിന്റെ നീരുറവ ലഭിക്കുകയും ചെയ്യുമായിരുന്നു. വ്യാപകമായി മണൽ ഊറ്റുന്നതു കാരണം ഇതും നഷ്ടമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

