ചെങ്ങന്നൂർ ∙ ഒഴുക്കു നിലച്ച ഉത്തരപ്പള്ളിയാറിന്റെ നവീകരണത്തിനായി വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ സർക്കാർ നിയോഗിച്ചു.
നവീകരണത്തിനുള്ള കർമപദ്ധതി നടപ്പാക്കാൻ വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം കൂടിയേ തീരൂ എന്നു ഹൈക്കോടതി നിരീക്ഷിച്ചതിനെ തുടർന്നാണു നടപടി. വനം വന്യജീവി വകുപ്പ്, സംസ്ഥാന തണ്ണീർത്തട
അതോറിറ്റി, ജൈവവൈവിധ്യവകുപ്പ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്താൻ കഴിഞ്ഞ മാസം 8നു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ആലാ റൂറൽ ഡവലപ്മെന്റ് ആൻഡ് കൾചറൽ സൊസൈറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ഏപ്രിലിൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം കലക്ടർ സ്ഥലം സന്ദർശിച്ചിരുന്നു.ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ചെയർപഴ്സനായി രൂപീകരിച്ച സമിതിയിൽ കലക്ടർ, ആർഡിഒ, മലിനീകരണ നിയന്ത്രണബോർഡ്, തണ്ണീർത്തട
അതോറിറ്റി, ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ മെംബർ സെക്രട്ടറിമാർ,എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, ഭൂവിനിയോഗവകുപ്പ് കമ്മിഷണർ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ,
ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ, സർവേ ഡപ്യൂട്ടി ഡയറക്ടർ, തഹസിൽദാർ, സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞ ഡോ.ടി.എം.ശരണ്യ, നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ.ഡി.പത്മലാൽ, സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെ ഫാക്കൽറ്റി തുടങ്ങി 17 പേർ ഉൾപ്പെടുന്നു. സമിതി യോഗം ചേർന്നു നദിയുടെ പാരിസ്ഥിതികപ്രശ്നങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കണം.
നദിയൊഴുകുന്നതും കാത്ത് നാട്
ഉത്തരപ്പള്ളിയാർ പുനരുജ്ജീവനത്തിനായി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണമെന്ന് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനത്തിനായി നിലകൊള്ളുന്ന വിവിധ സംഘടനകളുടെ പ്രതിനിധികൾ ആവശ്യമുന്നയിച്ചിരുന്നു.വെൺമണിയിൽ അച്ചൻകോവിലാറ്റിൽ നിന്നുത്ഭവിച്ച് ബുധനൂർ ഇല്ലിമലയിൽ പമ്പയാറ്റിൽ അവസാനിച്ചിരുന്ന, 18 കിലോമീറ്റർ ദൈർഘ്യമുള്ള നദിയാണ് ഉത്തരപ്പള്ളിയാർ.
വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിലൂടെയാണു നദി കടന്നു പോകുന്നത്. ആറൊഴുകിയിരുന്ന സ്ഥലങ്ങൾ കയ്യേറ്റങ്ങളാണെന്നു പരാതിക്കാർ ഉന്നയിക്കുമ്പോഴും വിലകൊടുത്ത് വാങ്ങിയവരാണ് ഉടമസ്ഥർ എന്നതു കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നു പ്രതിനിധികൾ പറയുന്നു.
പുലിയൂർ, ചെറിയനാട്, ബുധനൂർ പഞ്ചായത്തുകളിലാണ് കയ്യേറ്റം ഏറെയും കണ്ടെത്തിയത്. കുളിക്കാംപാലത്തിനു മുൻപ് ആറ്റിൽപറമ്പ് ഭാഗത്ത് അവസാനിച്ച സർവേ ലിത്തോമാപ്പിന്റെ സഹായത്തോടെ ബാക്കി ഭാഗത്തേക്കു തുടരണമെന്നും അടയാളക്കല്ലുകൾ സ്ഥാപിക്കണമെന്നും നദീപുനരുജ്ജീവനത്തിനായി ഡിപിആർ തയാറാക്കാൻ വൈകരുതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]