പൂച്ചാക്കൽ∙ പട്ടാപ്പകൽ തന്റെ വീട്ടിലുണ്ടായ മോഷണം തടയാൻ ശ്രമിച്ച ഒൻപതാം ക്ലാസ് വിദ്യാർഥിയെ മോഷ്ടാവ് ക്രൂരമായി ആക്രമിച്ചു. വീട്ടിലെ നായ മോഷ്ടാവിനെ കടിച്ചെങ്കിലും നായയെയും അടിച്ചോടിച്ചു മോഷ്ടാവ് രക്ഷപ്പെട്ടു.
മുട്ടിലിഴഞ്ഞാണ് വിദ്യാർഥി വീടിനു പുറത്തെത്തി കാര്യങ്ങൾ പറഞ്ഞത്. പൂച്ചാക്കൽ ചൂരമന വടക്കേ കൈനിക്കര പരേതനായ ബാബുവിന്റെ മകൻ ഫെബിനാണു പരുക്കേറ്റത്.
ഇന്നലെ രാവിലെ ഒൻപതോടെയായിരുന്ന മോഷണ ശ്രമം.
ഫെബിന്റെ അമ്മ ഫിയ രാവിലെ ജോലിക്കു പോയിരുന്നു. തൈക്കാട്ടുശേരി എസ്എംഎസ്ജെ എച്ച്എസ് വിദ്യാർഥിയായ ഫെബിൻ സമീപത്തെ വീട്ടിൽ ട്യൂഷൻ കഴിഞ്ഞ് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടു. കയറി നോക്കിയപ്പോൾ മുഖംമൂടിയണിഞ്ഞ മോഷ്ടാവ് അലമാര കുത്തി തുറക്കുന്നതാണു കണ്ടത്.
ബഹളം വച്ച ഫെബിനെ മോഷ്ടാവ് തള്ളിയിട്ടു.
ഇതോടെ സമീപത്തെ കടയിൽ വിവരം പറയാൻ ഓടാൻ ശ്രമിച്ച ഫെബിനെ മോഷ്ടാവ് പിടികൂടി ക്രൂരമായി ആക്രമിച്ചു. കസേരയും ക്രിക്കറ്റ് ബാറ്റും കൊണ്ട് അടിക്കുകയും ദേഹത്ത് കയറിയിരുന്ന് മർദിക്കുകയും ചെയ്തു.
ക്രിക്കറ്റ് ബാറ്റ് ഒടിയും വരെ അടിച്ചു. ഇതിനിടെ കത്തി വീശിയതോടെ ഫെബിന്റെ ദേഹത്തു മുറിവുമേറ്റു.
കുതറി ഓടി വീടിനു പുറത്തിറങ്ങിയ ഫെബിനെ മോഷ്ടാവ് അവിടെ വച്ചും മർദിച്ചതോടെ വളർത്തുനായ മോഷ്ടാവിനെ കടിച്ചു.
നായയുടെ നേരെ തിരിഞ്ഞ മോഷ്ടാവ് അതിനെ അടിച്ച് അകറ്റിയ ശേഷം ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ് നടക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്ന ഫെബിൻ മുട്ടിലിഴഞ്ഞെത്തിയാണ് സമീപവാസികളെ വിവരം അറിയിച്ചത്.
തൈക്കാട്ടുശേരി സിഎച്ച്സിയിലെത്തിച്ച്, പ്രാഥമിക ചികിത്സ നൽകിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറ്റ് കൊണ്ടുള്ള അടിയേറ്റ ഇടതുകാലിനു പൊട്ടലുണ്ട്.
പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയെങ്കിലും വീട്ടിൽ ആരുമില്ലാത്തതിനാൽ വിശദപരിശോധന നടന്നില്ല.
ഇന്നു പരിശോധന നടക്കും. ഇന്നലെ വൈകിട്ട് ഫെബിനും ഫിയയും ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയപ്പോൾ പൊലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.
മുണ്ടും മുഖംമൂടിയും ധരിച്ച മോഷ്ടാവ് ദേഹത്ത് എണ്ണ പുരട്ടിയിരുന്നതായി ഫെബിൻ മൊഴി നൽകി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തത വന്നിട്ടില്ല.
ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

