ആലപ്പുഴ ∙ ഭൂരിപക്ഷം ഉറപ്പിച്ച നഗരസഭകളിൽ അധ്യക്ഷരെ നിശ്ചയിക്കാൻ, ഭൂരിപക്ഷമില്ലാത്തിടത്ത് അംഗബലം ഉറപ്പിക്കലും അധ്യക്ഷരെ തീരുമാനിക്കലും ഒന്നിച്ച് – മുന്നണികൾക്കു വിശ്രമമില്ലാത്ത ദിനങ്ങളാണ്. 21ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിയുന്നതോടെ നീക്കങ്ങൾക്കു വേഗമേറും.
ആലപ്പുഴ
ഒരംഗത്തിന്റെ ഭൂരിപക്ഷമുള്ള യുഡിഎഫ് ഒരു സ്വതന്ത്രന്റെയും പിഡിപി അംഗത്തിന്റെയും പിന്തുണ ഏറെക്കുറെ ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിലാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഇന്ന് എത്തിയശേഷം ഘടകകക്ഷികൾ, സ്വതന്ത്രൻ, പിഡിപി അംഗം എന്നിവർക്കുള്ള സ്ഥാനങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടാക്കും. ഇത്തവണയും അധ്യക്ഷസ്ഥാനം വനിതാ സംവരണമാണ്.
മൂന്നു പേരെ കോൺഗ്രസ് ആ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
മുതിർന്ന അംഗവും മുൻ അധ്യക്ഷയുമായ മോളി ജേക്കബ്, രണ്ടു തവണ കൗൺസിലറായ സി.ജ്യോതിമോൾ, മുൻ അധ്യക്ഷ ഷോളി സിദ്ധകുമാർ എന്നിവരെയാണിത്.പിന്തുണയ്ക്കു പകരമായി സ്വതന്ത്ര അംഗം ജോസ് ചെല്ലപ്പന് ഒരു പദവി നൽകിയാൽ അധ്യക്ഷ സ്ഥാനത്തേക്കു സമുദായ പരിഗണനയും നോക്കേണ്ടിവരും. ഇക്കാര്യത്തിലും കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ തീരുമാനമാകുമെന്നാണു യുഡിഎഫ് നേതാക്കൾ പറയുന്നത്.
കോൺഗ്രസ്, യുഡിഎഫ് നഗരസഭാകക്ഷികളുടെ അഭിപ്രായവും തേടും.
കായംകുളം
അധ്യക്ഷസ്ഥാനം മുസ്ലിം ലീഗ് പ്രതിനിധിക്കെന്ന് ഉറപ്പായിട്ടുണ്ട്. അധ്യക്ഷ സ്ഥാനം പട്ടികജാതി സംവരണമാണ്.
കോൺഗ്രസിന്റെ പട്ടികജാതി സ്ഥാനാർഥികളെല്ലാം തോറ്റതിനാലാണു ലീഗിലെ ശരത്ലാൽ ബെല്ലാരിക്ക് അവസരം ഒരുങ്ങുന്നത്. 19 സീറ്റുള്ള കോൺഗ്രസിന് ഉപാധ്യക്ഷ സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വരും.
ലീഗിനു രണ്ടംഗങ്ങളാണുള്ളത്.ഇവിടെയും യുഡിഎഫിനു കേവലഭൂരിപക്ഷമില്ലെങ്കിലും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് അധികാരത്തിലെത്താൻ കഴിഞ്ഞേക്കും. 2 സ്വതന്ത്രരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിക്കാമെന്നാണു നേതാക്കളുടെ കണക്കുകൂട്ടൽ.
ഹരിപ്പാട്
യുഡിഎഫ് ഭരണം നിലനിർത്തിയ ഹരിപ്പാട്ട് കോൺഗ്രസിലെ മുതിർന്ന അംഗം വൃന്ദ എസ്.കുമാർ, മുൻ അധ്യക്ഷ വിജയമ്മ പുന്നൂർമഠം, ലേഖ അജിത്ത് എന്നിവരാണു പരിഗണനയിലുള്ളത്.
ഇവിടെ യുഡിഎഫിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. 30ൽ 16 അംഗങ്ങൾ.
എൽഡിഎഫിന് എട്ടും എൻഡിഎക്ക് ആറും.
മാവേലിക്കര
യുഡിഎഫ് ഭരണം നിലനിർത്തിയ മാവേലിക്കരയിൽ മുൻ അധ്യക്ഷ കോൺഗ്രസിലെ ലളിത രവീന്ദ്രനാഥ്, നിലവിലെ ഉപാധ്യക്ഷ ടി.കൃഷ്ണകുമാരി എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഉപാധ്യക്ഷരായി കോൺഗ്രസിലെ കെ.ഗോപൻ, സജീവ് പ്രായിക്കര, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ എന്നിവരുടെ പേരുകളുണ്ട്. കഴിഞ്ഞതവണ 3 മുന്നണിക്കും തുല്യ സീറ്റായപ്പോൾ ആദ്യം സിപിഎം വിമതന്റെയും പിന്നീടു ജനാധിപത്യ കേരള കോൺഗ്രസ് അംഗത്തിന്റെയും പിന്തുണയിൽ യുഡിഎഫ് ഭരണം നടത്തി.
ചേർത്തല
എൽഡിഎഫ് ഭരണം തുടരുന്ന ചേർത്തലയിൽ അധ്യക്ഷ സ്ഥാനത്തേക്ക് എസ്.സനീഷിനോ എസ്.സോബിനോ ആണു സാധ്യത.
സിപിഎമ്മിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. ജില്ലയിൽ എൽഡിഎഫ് ഭരണം നേടിയ ഏക നഗരസഭയാണിത്.
അധ്യക്ഷരാകാൻ സാധ്യതയുണ്ടായിരുന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗം എൻ.ആർ.ബാബുരാജും മുതിർന്ന നേതാവു കെ.പി.പ്രതാപനും തോറ്റതോടെയാണു മറ്റു രണ്ടു പേരുകൾ ഉയരുന്നത്. കൗൺസിലറെന്ന നിലയിൽ സീനിയർ സനീഷാണ്.
ചെങ്ങന്നൂർ
യുഡിഎഫ് ഭരണം നിലനിർത്തിയ ചെങ്ങന്നൂരിൽ മുൻ ഉപാധ്യക്ഷൻ മനീഷ് കീഴാമഠത്തിലിനാണു സാധ്യത കൂടുതൽ. മുൻ അധ്യക്ഷരായ 3 വനിതകൾ ജയിച്ചെങ്കിലും അധ്യക്ഷസ്ഥാനം ജനറൽ വിഭാഗത്തിലായതിനാൽ വനിതകളെ പരിഗണിക്കാൻ സാധ്യത കുറവാണ്.
ഉപാധ്യക്ഷസ്ഥാനം ആർക്കെന്നു കേരള കോൺഗ്രസുമായും യുഡിഎഫ് ജില്ലാ കമ്മിറ്റിയുമായും ആലോചിച്ചു തീരമാനിക്കുമെന്നു യുഡിഎഫ് നേതാക്കൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

