ചാരുംമൂട് ∙ പുതിയ ജനപ്രതിനിധികളിൽ പ്രതീക്ഷയർപ്പിച്ച് ചാരുംമൂട് ജംക്ഷൻ. കെ–പി റോഡിലെയും കൊല്ലം–തേനി ദേശീയപാതയുടെയും പ്രധാനപ്പെട്ട
ജംക്ഷനാണിത്. എന്നാൽ ഇവിടെ വികസനം കാര്യമായി നടക്കുന്നില്ല.
400നു മുകളിൽ വ്യാപാര സ്ഥാപനങ്ങളും ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും ജംക്ഷൻ കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്നുണ്ട്. 20 വർഷം മുൻപ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാസത്തിൽ 10 ദിവസം പോലും കൃത്യമായി പ്രകാശിക്കാറില്ല.
റോഡുകൾക്കിരുവശവുമുള്ള തെരുവുവിളക്കുകളും ശരിയായി പ്രവർത്തിക്കുന്നില്ല. ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കുമെന്ന എംഎൽഎയുടെ വാഗ്ദാനവും നടപ്പിലായിട്ടില്ല.
ബസ്ബേ ഉണ്ടെങ്കിലും ബസുകൾ ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്.
ജംക്ഷനിലെ അനധികൃത പാർക്കിങ്ങിന് ഇതുവരെ പരിഹാരമായിട്ടില്ല. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഇ ടോയ്ലറ്റും പ്രവർത്തനരഹിതമാണ്.
സ്ത്രീ സൗഹൃദ പൊതു ശുചിമുറിയില്ല. ചുനക്കര, താമരക്കുളം, നൂറനാട് പരിധിയിലാണ് ജംക്ഷൻ വരുന്നത്.
കോടിക്കണക്കിന് രൂപയാണ് ചാരുംമൂട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും തൊഴിൽ മേഖലകളിൽ നിന്നും മറ്റു ലൈസൻസുകളിൽ നിന്നും മൂന്ന് പഞ്ചായത്തുകൾക്ക് ലഭിക്കുന്നത്. എന്നാൽ ജംക്ഷനിലെ വികസന പ്രവർത്തനങ്ങൾക്കൊന്നും തന്നെ പഞ്ചായത്തുകൾ മുൻകൈയെടുക്കാറില്ല.
അശാസ്ത്രീയമായി നിർമിച്ച ഡിവൈഡർ ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങൾക്ക് കാരണമായി മാറുന്നു.
തെരുവുനായ്ക്കളുടെ കാര്യത്തിലും ആവശ്യമായ ഒരു നടപടിയും പഞ്ചായത്തുകളിൽ സ്വീകരിച്ചിട്ടില്ല.
മൂന്ന് പഞ്ചായത്തുകളുടെയും ചാരുംമൂട് ജംക്ഷനോട് ചേർന്നുള്ള വാർഡുകളിൽ നിന്നും വിജയിച്ചിട്ടുള്ള ജനപ്രതിനിധികൾ ജംക്ഷന്റെ അടിസ്ഥാനപരമായ വികസനപ്രവർത്തനങ്ങൾ മുൻഗണന നൽകി ജനങ്ങളെയും വ്യാപാര സമൂഹത്തെയും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

