ആലപ്പുഴ ∙ ദേശീയപാത 66 ജില്ലയിലൂടെ കടന്നുപോകുന്നത് 96 കിലോമീറ്റർ. ഓച്ചിറയ്ക്കു സമീപം കൃഷ്ണപുരത്തു നിന്നു തുടങ്ങി അരൂർ വരെ.
ഈ 96 കിലോമീറ്റർ പിന്നിടുന്ന ദീർഘദൂര യാത്രക്കാർക്കു മൂത്രശങ്ക തീർക്കാൻ എവിടെ സൗകര്യമുണ്ട്? ലോക ടോയ്ലറ്റ് ദിനത്തിൽ ദേശീയപാതയിലൂടെ ഒരു യാത്ര നടത്തിയാൽ മനസ്സിലാകും പ്രശ്നം ഗുരുതരമാണെന്ന്.
∙ കായംകുളം– 2ശുചിമുറികൾ. റെയിൽവേ ടെർമിനൽ, കെപി റോഡിലെ പേട്ട
മൈതാനം മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലായി. ഒന്നും ദേശീയ പാതയോരത്തല്ല.
∙ ഹരിപ്പാട്– അൽപം ആശ്വസിക്കാം. മാധവ ജംക്ഷനുസമീപം, ‘ടേക് എ ബ്രേക്ക്’ പദ്ധതിയുടെ ശുചിമുറിയുണ്ട്.
സ്തീകൾക്കു മൂന്നും പുരുഷൻമാർക്കു രണ്ടും വീതം ശുചിമുറികൾ. ∙ അമ്പലപ്പുഴ– അടുത്ത ശുചിമുറിക്ക് 19 കിലോമീറ്റർ സഞ്ചരിച്ച് അമ്പലപ്പുഴയെത്തണം.
അവിടെ ദേശീയപാതയോരത്ത് പഞ്ചായത്തിന്റെ ശുചിമുറി പ്രവർത്തിക്കുന്നുണ്ട്.
∙ പുന്നപ്ര – പുന്നപ്രയിലെത്തിയാൽ ദേശീയപാതയിൽ 2 ശുചിമുറികളുണ്ട്. മാർക്കറ്റിനു സമീപവും പിന്നെ പുന്നപ്ര സൗത്തിലും.
‘ടേക് എ ബ്രേക്ക്’ പദ്ധതിയിലാണ് ഇവരണ്ടും. ഇനി ഏതാണ്ട് രണ്ടുമണിക്കൂർ വേണം ജില്ലയുടെ അതിർത്തി കടക്കാൻ.
എവിടെയും ദേശീയപാതയിൽ ശുചിമുറികളില്ല! ബസ് സ്റ്റാൻഡുകളിലേക്കു പോയാൽ രക്ഷയുണ്ട്.
∙ ആലപ്പുഴ– ദേശീയപാത വിട്ട് രണ്ടര കിലോമീറ്റർ അകത്താണ് സ്വകാര്യ ബസ്സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ടേക് എ ബ്രേക് ശുചിമുറി.
കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് അവിടെയും ശുചിമുറിയുണ്ട്. ബീച്ചിലും ഹൗസ് ബോട്ട് ടെർമിനലിലും മറ്റും ശുചിമുറികളുണ്ടെങ്കിലും സ്ഥലപരിചയമില്ലാത്തവർ ചോദിച്ചു ചോദിച്ച് കണ്ടുപിടിക്കേണ്ടിവരും.
∙ മാരാരിക്കുളം– മാർക്കറ്റിലും ബീച്ചിലുമാണ് രണ്ട് പൊതുശുചിമുറികൾ.
പക്ഷേ, ദേശീയപാതയിൽ നിന്നു കിലോമീറ്ററുകൾ അകത്തേക്കു പോകണം. ∙ ചേർത്തല–കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ ഉൾപ്പെടെ 9 ഇടത്ത് പൊതുശുചിമുറിയുണ്ട്.
പക്ഷേ ദേശീയപാതയോരത്തല്ല ഇതൊന്നും. ∙ തുറവൂർ– കുത്തിയതോട്ടിലെ ശുചിമുറികൾ പ്രവർത്തിക്കുന്നില്ല.
∙ അരൂർ– വഴിയോര വിശ്രമകേന്ദ്രമുണ്ടെങ്കിലും ശുചിമുറികൾ പൂട്ടിയിട്ടിരിക്കുന്നു.
വേമ്പനാട്ടു കായലിനു സമീപം 1399 അശാസ്ത്രീയ ശുചിമുറികൾ; പരിഹാരം കാണാൻ ജില്ലാ ഭരണകൂടം
ആലപ്പുഴ∙ ജില്ലയിൽ വേമ്പനാട്ടു കായലിനു സമീപത്തെ തദ്ദേശ സ്ഥാപന പരിധിയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ അശാസ്ത്രീയമായ 1399 ശുചിമുറികൾക്കു പരിഹാരം കാണാൻ ജില്ലാ ഭരണകൂടം. ആലപ്പുഴ, ചേർത്തല നഗരസഭകളിലും ഇവയ്ക്കിടയിലുള്ള ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീർമുക്കം പഞ്ചായത്തുകളിലാണു സർവേ നടത്തിയത്.
മോശം സ്ഥിതിയിലെന്നു കണ്ടെത്തിയ 1399 വീടുകളിലും 500 ലീറ്റർ ശേഷിയുള്ള ശുചിമുറി മാലിന്യ ടാങ്ക് ലഭ്യമാക്കാൻ ശുപാർശ തയാറാക്കിയിട്ടുണ്ട്. നബാർഡിന്റെ സഹായത്തോടെ 3.5 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. ഇതോടെ ശുചിമുറി മാലിന്യം വെള്ളവുമായി കലരുന്നത് ഒഴിവാക്കാനാകും.
വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണു ശുചിമുറി മാലിന്യ നിർമാർജന സംവിധാനങ്ങൾ പരിശോധിച്ചത്. ടാഗ്സ് ഫോറമാണു ജില്ലാ ഭരണകൂടത്തിനായി സർവേ നടത്തി ശുപാർശ തയാറാക്കിയത്.
പല വീടുകളിലും ശുചിമുറികളും മാലിന്യം സംഭരിക്കാൻ ടാങ്കുമുണ്ടെങ്കിലും വിള്ളലിലൂടെയും മറ്റും മാലിന്യം കായലിലെയും തോട്ടിലെയും ജലവുമായി കലരുന്നുണ്ട്. വേമ്പനാട്ടു കായലിൽ നിന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്തതിനു തുടർച്ചയായി മാലിന്യം കായലിലേക്ക് എത്താനുള്ള വഴികൾ തടയുന്നതിന്റെ ഭാഗമായാണു ശുചിമുറികൾ ശാസ്ത്രീയമാക്കുന്നതെന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

