
ആലപ്പുഴ ∙ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ രാത്രി അതിക്രമിച്ചു കടന്നു മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ തലവടി കുറ്റിക്കാട്ടുവെളി ശരത്തി(26)നെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെയാണു പിടികൂടിയത്.
ലഹരിമരുന്നു കേസിൽ പിടിയിലായി ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്.
ആശുപത്രികളിൽ ശസ്ത്രക്രിയാ വേളയിൽ രോഗികൾക്കു നൽകുന്ന മയക്കുമരുന്നുകൾ സംബന്ധിച്ചു സഹതടവുകാരാണു വിവരം നൽകിയതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. 12ന് രാത്രി ഒന്നരമണിക്കാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. ഓപ്പറേഷൻ തിയറ്റർ തുറന്നു കിടന്നതിനാൽ അകത്തു കടന്നു മോഷണം നടത്തിയെന്നും തനിച്ചാണു ചെയ്തതെന്നുമാണ് ഇയാൾ ആലപ്പുഴ നോർത്ത് പൊലീസിനു മൊഴി നൽകിയത്.
അനസ്തീസിയ വിഭാഗം ഡോക്ടർമാരുടെ സീലുകൾ, സ്റ്റാംപ് പാഡ് എന്നിവയും ആശുപത്രിയിൽ നിന്നു മോഷണം പോയിരുന്നു. മോഷണം നടന്ന ആശുപത്രിയിലും തലവടിയിലെ വീട്ടിലും ശരത്തിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
പ്രതിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ ഇതെല്ലാം കണ്ടെടുത്തു. ആശുപത്രിയിൽ പ്രവേശിക്കാൻ ഇയാൾ ഉണ്ടാക്കിയ വ്യാജ ടാഗും കണ്ടെടുത്തു.
മോഷ്ടിച്ച സീലുകൾ ഉപയോഗിച്ചു മരുന്നുകടകളിൽ നിന്നു നർകോട്ടിക് വിഭാഗത്തിൽപെട്ട
മരുന്നുകൾ വാങ്ങുകയായിരുന്നു ഉദ്ദേശ്യം. ആശുപത്രിയിൽ നിന്നു മോഷ്ടിച്ച മയക്കുമരുന്നുകൾ കണ്ടെത്താനായില്ല.
ഇവ ഉപയോഗിച്ചു തീർത്തെന്നു പ്രതി പൊലീസിനോടു പറഞ്ഞു. ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ നിർദേശപ്രകാരം നോർത്ത് എസ്എച്ച്ഒ എം.കെ.രാജേഷ്, എസ്ഐമാരായ കെ.ജെ.ജേക്കബ്, നൗഫൽ, സിപിഒമാരായ വിഷ്ണു, ബിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആശുപത്രിയിൽ നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണു ശരത്തിനെ പിടികൂടാൻ സഹായിച്ചത്. ആദ്യം കിട്ടിയ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു. പിന്നീടു ലഭിച്ചതിൽ നിന്നു പ്രതിയുടെ ചിത്രം കിട്ടി.
മുൻപ് ലഹരിമരുന്ന്, മോഷണക്കേസുകളിൽ പെട്ടവരുടെ വിവരം പൊലീസ് ശേഖരിക്കുകയും അതുമായി ഒത്തുനോക്കി പ്രതിയെ കണ്ടെത്തുകയുമായിരുന്നു. രാത്രി ഉറക്കം കുറവായതിനാൽ കറങ്ങിനടക്കുമ്പോഴാണ് ആശുപത്രിയിൽ കയറിയതെന്ന് ഇയാൾ പറഞ്ഞു.
സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഓപ്പറേഷൻ തിയറ്ററിലെ ജീവനക്കാരനെയും ആശുപത്രി പിആർഒയെയും പിരിച്ചുവിട്ടിരുന്നു. അതീവ സുരക്ഷാമേഖലയിൽ പുറത്തു നിന്നൊരാൾ പ്രവേശിച്ചത് അറിയാതിരുന്നതിനാണ് പിആർഒയെ പിരിച്ചുവിട്ടത്.
ഓപ്പറേഷൻ തിയറ്ററിലെ ജീവനക്കാരൻ മദ്യപിച്ചിരുന്നെന്ന പരാതിയെത്തുടർന്നാണു പിരിച്ചുവിട്ടതെന്നും അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]