
അരൂർ ബൈപാസ് കവലയിൽ ഉയരപ്പാത റാംപിന്റെ നിർമാണം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ ∙ അരൂർ തുറവൂർ ഉയരപ്പാത തുടങ്ങുന്ന അരൂർ ബൈപാസ് കവലയ്ക്കു സമീപം ഉയരപ്പാതയുടെ റാംപിന്റെ തൂണുകളുടെ നിർമാണം ആരംഭിച്ചു. അരൂർ കുമ്പളം പാലത്തിനോടു ചേർന്ന് ഉയരപ്പാത താഴേക്ക് ഇറങ്ങാനും മുകളിലേക്കു കയറാനും കഴിയുന്ന വിധത്തിലാണു തൂൺ നിർമാണം. ഉയരം കുറവായതിനാൽ ലാൻഡിങ് തൂണുകൾ ഉയരപ്പാതയുടെ തൂണുകളുടെ കണക്കിൽ പെടുത്തിയിട്ടില്ല. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ ദൂരത്തിൽ 354 തൂണുകളിലായാണു ഉയരപ്പാത വരുന്നത്.
ഇതിനു പുറമേയാണു തുടക്കത്തിലും ഒടുക്കത്തിലും ഉയരപ്പാത 6 വരിയിലേക്കു സംഗമിക്കുന്ന തൂണുകൾ വരുന്നത്. അരൂർ ബൈപാസ് ജംക്ഷനിൽ തൂൺ നിർമാണം തുടങ്ങിയതോടെ ഇവിടെ ഗതാഗത നിയന്ത്രണവുമുണ്ട്.പള്ളി ജംക്ഷനിൽ നിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെല്ലാം ദേശീയപാതയിൽ നിന്ന് താഴേക്കിറങ്ങി സർവീസ് റോഡിലൂടെ 400 മീറ്ററോളം ദൂരം സഞ്ചരിച്ച് വീണ്ടും ദേശീയപാതയിലേക്ക് കയറി വേണം യാത്ര തുടരാൻ.
അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ സെമിത്തേരിയിലേക്കു പോകുന്ന റോഡാണിത്. ഇവിടെ നിന്നും ദേശീയപാതയിലേക്കു കയറാൻ പ്രത്യേക വഴിയുണ്ടാക്കിയാണ് ഗതാഗത നിയന്ത്രണം. ബൈപാസ് ജംക്ഷൻ മുതൽ പാലം വരെ ഉണ്ടായിരുന്ന മീഡിയൻ നീക്കം ചെയ്ത് ടാറിങ് ചെയ്തിട്ടുമുണ്ട്. നിർമാണ ജോലികൾ നടക്കുന്നതിനാൽ പാലം ഇറങ്ങി ചേർത്തല ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലാണ് കടത്തി വിടുന്നത്. ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.