പൂച്ചാക്കൽ ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പെരുമ്പളം ദ്വീപിലേക്കുള്ള പോളിങ് ഉദ്യോഗസ്ഥർ പെരുമ്പളം പാലത്തിൽ കയറി പോകുമോ അതോ ഇത്തവണയും ജങ്കാറിൽ പോകുമോ ? തിരഞ്ഞെടുപ്പുകളിൽ പെരുമ്പളം ദ്വീപ് പഞ്ചായത്തിലേക്കുള്ള പോളിങ് ഉദ്യോഗസ്ഥർ പാണാവള്ളിയിൽ നിന്നും ബോട്ടിലൂടെയും ജങ്കാറിലൂടെയും സഞ്ചരിച്ചാണ് ദ്വീപിലെ പോളിങ് ബൂത്തുകളിലേക്കു പോകുന്നത്. ആദ്യകാലത്ത് ബോട്ടിലാണ് പോയിരുന്നത്.
പിന്നീട് ജങ്കാറിലൂടെയായി. തിരികെ വോട്ട് പെട്ടികളുമായി വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു പുറപ്പെടുന്നതും ജങ്കാറിലാണ്.
ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലത്തിലൂടെ വാഹനത്തിൽ പെരുമ്പളം ദ്വീപിലേക്കു സഞ്ചരിക്കാമെന്ന പ്രതീക്ഷ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദ്വീപ് നിവാസികൾ പങ്കിട്ടിരുന്നു. പെരുമ്പളം പാലം നിർമാണം പൂർത്തിയായെങ്കിലും കിഴക്കേക്കരയായ പെരുമ്പളം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തതു കാരണമാണ് തുറക്കാൻ വൈകുന്നത്.
തുടർച്ചയായുള്ള മഴയും തടസ്സമാണ്. അവിടെ ചതുപ്പ് പ്രദേശമായതിനാൽ തെങ്ങിൻകുറ്റി, ഗ്രാവൽ തുടങ്ങിയവ ഉപയോഗിച്ച് ഭൂമി ഉയർത്തിയ ശേഷമാണ് അപ്രോച്ച് റോഡ് നിർമാണം തുടങ്ങാനാകുക.
എണ്ണായിരത്തോളം തെങ്ങിൻകുറ്റികളാണ് ഇതിനായി താഴ്ത്തിയത്.
മണലും ഗ്രാവലും ടാറും ഇടിയാതിരിക്കാനും വശങ്ങൾ ശക്തമാകാനും ജിയോ ടെക്സ്, ജിയോ ഗ്രിഡ് നിർമാണ രീതികൾ ഉപയോഗിച്ചു. ഇപ്പോൾ ഗ്രാവൽ വിരിക്കുകയാണ്.
ശേഷം മെറ്റിൽ വിരിച്ച് ഉന്നതനിലവാരത്തിൽ ടാർ ചെയ്യണം. ഇവിടെ 75 ശതമാനത്തോളം നിർമാണമാണ് പൂർത്തിയായത്.
പാലത്തിന്റെ പടിഞ്ഞാറെക്കരയായ വടുതല ജെട്ടിയിൽ അപ്രോച്ച് റോഡ് നിർമാണം 90 ശതമാനത്തോളം പൂർത്തിയായി. ഇരുവശങ്ങളിലും 300 മീറ്റർ വീതം നീളത്തിലാണ് അപ്രോച്ച് റോഡ്.
9.5 മീറ്ററാണ് വീതി.
പാലത്തിൽ പെയിന്റിങ് തുടങ്ങിയിട്ടുണ്ട്. തെരുവു വിളക്ക് സ്ഥാപിക്കൽ, ടാറിങ് തുടങ്ങിയവയാണ് ചെയ്യാനുള്ളത്.
ഡിസംബറിൽ പാലം ഉദ്ഘാടനം ചെയ്യുമെന്ന് ദലീമ ജോജോ എംഎൽഎ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷമാകുമെന്നാണ് സൂചന.
നിലവിൽ പാലം നിർമാണ സാമഗ്രികളുമായുള്ള ചെറിയ വാഹനങ്ങൾ പാലത്തിലൂടെ പോകുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് അത്യാവശ്യ വാഹനങ്ങൾ കടത്തിവിടണമോ എന്ന ചർച്ചയും തുടങ്ങിയിട്ടുണ്ട്.
വേമ്പനാട് കായലിലെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. 1157 മീറ്ററാണ് നീളം.
ഇരുവശങ്ങളിലും ഒന്നരമീറ്റർ നടപ്പാത നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് വീതി. കിഫ്ബിയിൽ 100 കോടി രൂപ ചെലവിലാണ് നിർമാണം നടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]