
തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണസ്ഥലത്തു തുറവൂരിൽ വടം ഹുക്കിൽ നിന്ന് ഊരി ഇരുമ്പ് ബീം താഴെവീണുണ്ടായ അപകടത്തെത്തുടർന്ന് ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം. റോഡിലെ കുഴികൾ കാരണം 12.5 കിലോമീറ്റർ കടക്കാൻ മണിക്കൂറുകളോളം ഇഴഞ്ഞു നീങ്ങേണ്ട
സ്ഥിതി ഒരു വർഷത്തിലേറെയായി തുടരുകയാണ്. ഇതിനിടെ ബീം താഴെ വീണുണ്ടായ അപകടത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു.
ഇന്നലെ രാവിലെ 6ന് ഉണ്ടായ അപകടത്തിൽ പാതയിലേക്കു വീണ ഇരുമ്പ് ബീം രണ്ടു കൂറ്റൻ ക്രെയിനുകൾ എത്തിച്ചു രണ്ടര മണിക്കൂറിനു ശേഷമാണു മാറ്റാനായത്.
ഈ സമയമത്രയും ജനം ബുദ്ധിമുട്ടി. തുടർന്നുള്ള മണിക്കൂറുകളിലും ഭയത്തോടെയാണു ജനം ഉയരപ്പാതയ്ക്ക് അടിയിലൂടെ സഞ്ചരിച്ചത്.
ദീർഘദൂര വാഹനങ്ങളും ബസുകളും ഉൾപ്പെടെ തുറവൂർ കുമ്പളങ്ങി റോഡിലൂടെ വഴിതിരിച്ചു വിട്ടു. എന്നാൽ തുറവൂർ കുമ്പളങ്ങി റോഡിലെ കുഴികൾ ഇതുവഴിയുള്ള യാത്ര ദുരിതത്തിലാക്കി.
വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയാണു സഞ്ചരിച്ചത്. കുത്തിയതോട് ഇൻസ്പെക്ടർ എം.അജയ്മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണു ഗതാഗതം നിയന്ത്രിച്ചത്.
തൈക്കാട്ടുശേരി പാലത്തിനു സമീപം ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടിയതിനെ തുടർന്നുള്ള ഗതാഗതക്കുരുക്ക് ഇന്നലെയും തുടർന്നു.
വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ– തൈക്കാട്ടുശേരി റോഡിലാണു പൈപ്പ് പൊട്ടിയത്. ഇതുകാരണം ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ദേശീയപാതയിലൂടെ കടത്തിവിട്ടതു 16നു വൻ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. കുമ്പളം പാലത്തിൽ നിന്ന് അരൂർ ക്ഷേത്രം കവല വരെയുള്ള ഒന്നര കിലോമീറ്റർ സഞ്ചരിക്കാൻ ഒന്നര മണിക്കൂറിലേറെയെടുക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
ഇന്നലെ ഉച്ചയോടെ തകരാർ പരിഹരിച്ചു റോഡ് തുറന്നു കൊടുത്തു.
അരൂർ– തുറവൂർ ഭാഗത്തു പലയിടത്തും റോഡ് ശോചനീയാവസ്ഥയിലാണ്. ഇതിനെതിരെ പലതവണ പ്രതിഷേധം ഉയർന്നിരുന്നു.
കുഴികൾ അടച്ചു സഞ്ചാരയോഗ്യമാക്കിയെങ്കിലും മഴയെത്തിയതോടെ കുഴിയും ചെളിയും വീണ്ടും രൂപപ്പെട്ടു. ഗർഡറുകളുമായി പോകുന്ന ലോറികൾ യാത്ര ചെയ്യുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങൾക്കു കടന്നുപോകാനാകാതെ വരും.
ക്രെയിനുകൾ ഉപയോഗിച്ചു ബീമുകളും മറ്റും ഉയർത്തുമ്പോഴും ഗതാഗതം തടസ്സപ്പെടുന്നുണ്ട്. ഇന്നലെ ഗതാഗതത്തിരക്കേറുന്നതിനു മുൻപേ ബീം ഇളക്കി മാറ്റാൻ നിശ്ചയിച്ചതിനാലാണു വൻ അപകടവും ഗതാഗതക്കുരുക്കും ഒഴിവായത്.
അവധി ദിവസമായതിനാൽ ഒട്ടേറെ വാഹനങ്ങളാണു പകൽ ഈ റോഡിലൂടെ കടന്നുപോയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]