
ആലപ്പുഴ ∙ മുൻ മന്ത്രി കെ.ആർ.ഗൗരിയമ്മയുടെ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട് ഗൗരിയമ്മ സ്മാരക പഠനഗവേഷണ കേന്ദ്രമാകും. സാംസ്കാരിക വകുപ്പിനു കീഴിലുള്ള ആറന്മുള വാസ്തുവിദ്യാഗുരുകുലമാണ് സ്മാരകത്തിന്റെ രൂപരേഖ തയാറാക്കുക.
ഗൗരിയമ്മയ്ക്കു സ്മാരകം നിർമിക്കാൻ സംസ്ഥാന സർക്കാർ 2 കോടി രൂപ അനുവദിച്ചിരുന്നു. 60 വർഷത്തോളം അവർ താമസിച്ചിരുന്ന വീടിന്റെ പ്രധാന ഭാഗങ്ങൾ നിലനിർത്തി, പുതിയ മുറികൾ കൂട്ടിച്ചേർത്തു സ്മാരകമന്ദിരം നിർമിക്കാനാണു തീരുമാനം.
ഗൗരിയമ്മയുടെ വിപ്ലവച്ചൂരു നിറഞ്ഞ രാഷ്ട്രീയ ജീവിതവും മന്ത്രിയെന്ന നിലയിലുള്ള സംഭാവനകളും അടുത്തറിയാനുള്ള സൗകര്യങ്ങൾ സ്മാരകത്തിലൊരുക്കും.
മ്യൂസിയം, ലൈബ്രറി, ഡോർമിറ്ററി എന്നിവയും ഒരുക്കും. പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണു തീരുമാനം.
ഗൗരിയമ്മ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി പി.സി.ബീനാകുമാരി, വാസ്തുവിദ്യാഗുരുകുലം ഡയറക്ടർ എം.എസ്.ജിൻഷ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ ഫണ്ടിനു പുറമേ ആവശ്യമായി വരുന്ന തുക പി.പി.ചിത്തരഞ്ജന്റെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കും.
ഓർമകൾ നിറഞ്ഞ കളത്തിപ്പറമ്പിൽ വീട്
അച്ഛന്റെയും ഭർത്താവിന്റെയും ഓർമകൾ ഉറങ്ങുന്ന ഇടമായിരുന്നു ഗൗരിയമ്മയ്ക്കു ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്.
1957 മേയ് 30ന് ആയിരുന്നു ടി.വി.തോമസുമായുള്ള വിവാഹം. രണ്ടുവർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം നഷ്ടമായി ആലപ്പുഴയിലെത്തിയപ്പോൾ ഒന്നിച്ചു ജീവിക്കാൻ ഒരു വീടു വേണമെന്നു ഗൗരിയമ്മയ്ക്ക് ആഗ്രഹമുണ്ടായി. ആദ്യം വാടകവീടുകളിലായിരുന്നു താമസം.
അങ്ങനെയിരിക്കെയാണ് ചാത്തനാട്ട് ഒരു വീട് വിൽക്കാനുണ്ടെന്നറിഞ്ഞത്. ഗൗരിയമ്മ സമ്പാദ്യമെല്ലാം ചെലവഴിച്ച് ആ വീട് വാങ്ങി.
അന്നു വീടിനു രണ്ടു ഭാഗമുണ്ടായിരുന്നു.
രണ്ടും ഒന്നിച്ചുചേർത്തു വീട് പുതുക്കിപ്പണിതു. 1960 ഡിസംബർ 30ന് ആ വീട്ടിൽ താമസവും തുടങ്ങി.
അച്ഛൻ കളത്തിപ്പറമ്പിൽ രാമന്റെ ഓർമയിൽ പട്ടണക്കാട്ടെ സ്വന്തം തറവാടിന്റെ പേര് ഗൗരിയമ്മ പുതിയ വീടിനു നൽകി. കമ്യൂണിസ്റ്റു പാർട്ടി പിളർന്നു രണ്ടായ കാലത്തും ഗൗരിയമ്മയും ടി.വി.തോമസും ഈ വീട്ടിൽ രണ്ടു പാർട്ടിക്കാരായി ഒന്നിച്ചു ജീവിച്ചു.
ഇരുവരും വേർപിരിഞ്ഞതോടെ ഗൗരിയമ്മ ഈ വീട്ടിൽ തനിച്ചായി. അച്ഛന്റെ ഓർമയ്ക്ക് തറവാടിന്റെ പേരു നൽകിയ വീട്ടിൽ, ടി.വി.തോമസുമൊത്തു ജീവിച്ച വീട്ടിൽ അവരുടെ ഓർമകൾക്കു നടുവിലായിരുന്നു ഗൗരിയമ്മയുടെ അവസാനകാലം.
മരിക്കുന്നതിന് ഒരു മാസം മുൻപാണ് ഗൗരിയമ്മ ഇവിടെ നിന്നു തിരുവനന്തപുരത്തേക്കു താമസം മാറിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]