
നെൽക്കൃഷി വിളവ് കുറഞ്ഞു, കർഷകർ കടക്കെണിയിൽ; അന്നദാതാക്കൾ കരയുകയാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിപ്പാട്∙ പള്ളിപ്പാട്ടെ നെൽക്കർഷകർ പ്രതിസന്ധിയിൽ. വിളവ് ഗണ്യമായി കുറഞ്ഞതോടെ കർഷകർ കടക്കെണിയിലായി. അത്യുഷ്ണത്താൽ വിളവ് കുറഞ്ഞതിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതാണ് കർഷകരെ കടക്കെണിയിൽ ആക്കിയത്. പള്ളിപ്പാട് കൃഷിഭവൻ പരിധിയിലുള്ള കോയിക്കലേത്ത് കിഴക്ക്, കരീലി, വൈപ്പിൻകാട് വടക്ക്. വൈപ്പിൻ കാട് തെക്ക്, ചിറക്കുഴി, പള്ളിക്കൽ മുല്ലേമൂല, കട്ടക്കുഴി, മുട്ടത്ത് വടക്ക്, പായിപ്പാട് തറ എന്നീ പാടശേഖരങ്ങളിലാണ് കതിർ ഉണങ്ങിപ്പോയത്. യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്ത് എടുത്തപ്പോൾ യന്ത്രവാടക നൽകാനുള്ള തുക പോലും കർഷകർക്കു ലഭിച്ചില്ല. ബാങ്കിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വളം, കീടനാശിനി ഏജൻസി കടകളിൽ നിന്നും കടമെടുത്താണ് കൃഷിയിറക്കിയത്. ഈ തുക തിരിച്ചടയ്ക്കാൻ പോലും കർഷകർക്കു കഴിയുന്നില്ല. അത്യുഷ്ണം കാരണം കൃഷി നാശം സംഭവിച്ചാൽ ഇൻഷുറൻസ് തുക ലഭിക്കാത്തതാണ് കർഷകർക്ക് ഇരുട്ടടി ആയത്.
സമയത്ത് കൃഷി ഇറക്കാൻ കഴിഞ്ഞില്ല
പാടശേഖരങ്ങളിൽ സമയത്ത് കൃഷി ഇറക്കാൻ കഴിയാതെ പോയതാണു പ്രതിസന്ധിക്കു പ്രധാന കാരണം. പാടശേഖരങ്ങൾക്ക് ബലമുള്ള പുറം ബണ്ടുകൾ ഇല്ല. ആറ്റിൽ ജല നിരപ്പ് ഉയർന്നാൽ പാടശേഖരങ്ങളിൽ മട വീഴും. ഇതുപോലെ പാടശേഖരങ്ങളിൽ നിന്നു വെള്ളം ആറ്റിലേക്ക് പമ്പ് ചെയ്യാനും കഴിയാതെ വരും. അത്തവണ കൃഷിക്ക് ഒരുക്കിയിട്ട പാടശേഖരങ്ങളിലും കൃഷിയിറക്കിയ പാടശേഖരത്തിലും മട വീണിരുന്നു. ഇത് മൂലം കൃഷി ഇറക്കാൻ കർഷകർക്ക് കൂടുതൽ ചെലവ് വേണ്ടി വന്നു. പിന്നീട് ആറ്റിലെ ജലനിരപ്പ് താഴ്ന്ന് കൃഷി ഇറക്കിയപ്പോൾ വിളവ് എടുക്കുന്ന സമയം തെറ്റി. ഇതാണ് ഇത്തവണ പള്ളിപ്പാട് പാടശേഖരങ്ങളിൽ സംഭവിച്ചെതെന്ന് കർഷകർ പറഞ്ഞു. 17 വർഷമായി തരിശ് കിടന്നിരുന്ന പള്ളിപ്പാട് വഴുതാനം ചിറക്കുഴി പാടശേഖരത്തിലെ 115 ഏക്കർ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കർഷകരാണ് വലിയ പ്രതിസന്ധിയിലായത്.
കൂമ്പ് ചീയൽ രോഗം
പള്ളിപ്പാട് വൈപ്പിൻ കാട് വടക്കും വൈപ്പിൻ കാട് തെക്കും പാടശേഖരങ്ങളിൽ നെല്ലിന് കൂമ്പ് ചീയൽ രോഗം ഉണ്ടായി. കർഷകർക്ക് ഇതുമൂലം വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിന്റെ കാരണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ വിദഗ്ധ സംഘത്തെ നിയോഗിക്കാൻ മന്ത്രി പി. പ്രസാദിനോട് രമേശ് ചെന്നിത്തല എംഎൽഎ ആവശ്യപ്പെട്ടു.
പള്ളിപ്പാട്ട് കർഷക കൂട്ടായ്മ രൂപീകരിച്ചു
കൃഷി നശിച്ച പാടശേഖരങ്ങളിലെ കർഷകർ ചേർന്ന് കൂട്ടായ്മ രൂപീകരിച്ചു. അത്യുഷ്ണം മൂലം കൃഷി നശിച്ചാലും ഇൻഷുറൻസ് പരിരക്ഷ നൽകുക, പാടശേഖരങ്ങളിലെ പുറം ബണ്ടുകൾ ബലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. നഷ്ടം കണക്കാക്കി നിയമപരമായി കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും കൃഷിക്കാർക്ക് അടിയന്തരമായി ലഭിക്കുന്നതിന് കൃഷി ഓഫിസ് മുതൽ ഉന്നത കൃഷി ഉദ്യോഗസ്ഥർ വരെ തയാറാകണമെന്നു കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ.എം.രാജു(പ്രസി), എസ്. കൃഷ്ണൻകുട്ടി(സെക്ര), ജോൺ ചാക്കോ(ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.