ആലപ്പുഴ∙ സംസ്ഥാനത്തെ സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റ് തകർത്ത വിലക്കയറ്റത്തിനെതിരെ ശക്തമായ വിമർശനവുമായി കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴയിലെ നയനാവെളി സ്വദേശിനിയായ റീഫ മേരിയുടെ വീട്ടിലെ സന്ദർശനത്തിനിടെ വീട്ടമ്മമാരുടെ ദുരിതവിവരങ്ങൾ കേട്ട വേണുഗോപാൽ, ഇത് രാഷ്ട്രീയ പ്രചാരണമല്ല, ദിനംപ്രതി അനുഭവിക്കുന്ന യാഥാർത്ഥ്യത്തിന്റെ നിലവിളിയാണെന്ന് വ്യക്തമാക്കി.
നൂറു രൂപയുമായി അരിയും മുളകും വാങ്ങാൻ പോയ ഞാൻ 20 രൂപ കടം പറഞ്ഞ് മടങ്ങേണ്ടിവന്നു, മത്സ്യത്തൊഴിലാളി കുടുംബാംഗമായ റീഫ മേരി പങ്കുവെച്ച അനുഭവം അടുക്കള ചെലവിലെ കുത്തനെ വർധനയുടെ ദൃശ്യമായ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
പത്തു വർഷങ്ങൾക്ക് മുമ്പ് തട്ടിമുട്ടി ജീവിക്കാമായിരുന്ന സാഹചര്യം ഇന്ന് പൂർണമായും തകർന്നുവെന്നും, ഒരു മാസം കുറഞ്ഞത് പതിനായിരം രൂപയെങ്കിലും അടുക്കള ചെലവിന് മാത്രം വേണമെന്നുമാണ് വീട്ടമ്മമാരുടെ പരാതി. കുട്ടികളുടെ പഠനച്ചെലവും ചികിത്സാചെലവും ചേർന്നാൽ ഓരോ മാസവും കടബാധ്യതയിലേക്കാണ് കുടുംബങ്ങൾ നീങ്ങുന്നതെന്ന് അവർ പറഞ്ഞു.
പാചകവാതക സബ്സിഡി കുറച്ചതും മണ്ണെണ്ണ വിതരണം നിലച്ചതും വെളിച്ചെണ്ണ ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില നിയന്ത്രണമില്ലാതെ ഉയർന്നതും കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയതായി വീട്ടമ്മമാർ ചൂണ്ടിക്കാട്ടി.
വരുമാനം നിലച്ചുനിൽക്കുമ്പോൾ ചെലവുകൾ മാത്രം കുതിച്ചുയരുന്ന അവസ്ഥയാണെന്ന് വേണുഗോപാൽ കണക്കുകൾ സഹിതം വിശദീകരിച്ചു.
വിലക്കയറ്റത്തിന്റെ കാരണങ്ങളും പ്രതിഫലങ്ങളും അടങ്ങിയ ‘കേരള കിച്ചൺ ബജറ്റ് വൈറ്റ് പേപ്പർ’ അദ്ദേഹം അവതരിപ്പിച്ചു. 2016 മുതൽ അരി, പാചകഎണ്ണ, പാൽ, പച്ചക്കറികൾ, പയർവർഗങ്ങൾ, മസാലകൾ തുടങ്ങി എല്ലാ അവശ്യസാധനങ്ങൾക്കും ഉണ്ടായ വർധനവ് സാധാരണ കുടുംബങ്ങളുടെ മാസഭക്ഷണച്ചെലവിനെ അസഹ്യ നിലയിലേക്ക് എത്തിച്ചതായി രേഖയിൽ പറയുന്നു.
ശമ്പളക്കാർക്കും ദിവസവേതനക്കാർക്കും ജീവിതച്ചെലവ് താങ്ങാനാകാത്ത സാഹചര്യമാണെന്നും, ദേശീയ ശരാശരിയേക്കാൾ ഉയർന്ന വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വീട്ടമ്മമാരോടൊപ്പം അടുക്കളയിൽ കപ്പപുഴുങ്ങി പ്രതിഷേധം രേഖപ്പെടുത്തിയ ശേഷമാണ് എംപി മടങ്ങിയത്. യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കിൽ കുടുംബങ്ങളുടെ അടുക്കളപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുൻഗണന നൽകുമെന്നു വേണുഗോപാൽ ഉറപ്പുനൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

