മാവേലിക്കര ∙ ഗർഡർ കോൺക്രീറ്റിങ് ജോലികൾ നടക്കവേ തകർന്നുവീണ കീച്ചേരിക്കടവ് പാലം നിലവിലെ കരാറുകാരനെ കൊണ്ടു പൂർത്തീകരിക്കണമെന്ന് സർക്കാർ ഉത്തരവ്. അതേസമയം കരാറുകാരനെ വിലക്കു പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകും. അച്ചൻകോവിൽ ആറിനു കുറുകെ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കീച്ചേരിക്കടവ് പാലം കഴിഞ്ഞ ഓഗസ്റ്റ് 4ന് ഉച്ചയ്ക്ക് 1.15ന് ആണു തകർന്നു വീണത്.
ഗർഡർ കോൺക്രീറ്റിങ് നടക്കവേ തട്ടിന്റെ നട്ട് ഒടിഞ്ഞ് ഗർഡറും തട്ടും ഉൾപ്പെടെ ആറ്റിലേക്ക് വീഴുകയായിരുന്നു. നിർമാണത്തിൽ ഏർപ്പെട്ട
തൊഴിലാളികളായ കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക് (കിച്ചു-24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻ ചിറ ബിനു ഭവനം ജി.ബിനു (42) എന്നിവർ ആറ്റിലേക്കു വീണു മരിച്ചു.
പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ, മാന്നാർ സെക്ഷൻ അസി.എൻജിനീയർ, ഓവർസീയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
പാലം നിർമാണത്തിനു കരാർ എടുത്ത കൊല്ലം സ്വദേശി ഇബ്രാഹിംകുട്ടിയെ വിലക്കു പട്ടികയിൽ ഉൾപ്പെടുത്താനും നിർദേശം ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർ സസ്പെൻഷനിൽ തന്നെ തുടരുമ്പോഴാണ് ബാക്കിയുള്ള നിർമാണം നിലവിലെ കരാറുകാരനെ കൊണ്ടു പൂർത്തീകരിക്കണമെന്ന ഉത്തരവിറങ്ങിയത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഈ കരാറുകാരൻ ഏറ്റെടുത്തിട്ടുള്ള നിലവിലെ എല്ലാ ജോലികളെയും ബാധിക്കാത്ത വിധത്തിൽ കരാറുകാരനെ വിലക്കു പട്ടികയിൽ ഉൾപ്പെടുത്തി സർക്കാരിലേക്കു റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. നിലവിലെ സാഹചര്യത്തിൽ കരാറുകാരന്റെ പ്രവൃത്തികൾ റദ്ദാക്കിയാൽ അതു കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നാണു സർക്കാർ വിലയിരുത്തൽ.
അതിനാൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കു ടെൻഡർ നൽകാൻ സാധിക്കാത്ത വിധം വിലക്കു പട്ടികയിൽ ഉൾപ്പെടുത്താനാണു നിർദേശം. ഇക്കാര്യം കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് രേഖാമൂലം അറിയിക്കും.
തുടർന്നു പാലം നിർമാണം പുനരാരംഭിക്കാൻ സാധിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ സൂചിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]