തുറവൂർ ∙ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ–തുറവൂർ ദേശീയപാതയിൽ ഗതാഗതക്കുരുക്കിലമർന്ന് യാത്രക്കാർ. തുറവൂർ തൈക്കാട്ടുശേരി പാലത്തിന് സമീപം ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി വാഹനങ്ങൾ തുറവൂരിൽ നിന്ന് തൈക്കാട്ടുശേരി റോഡ് വഴി തിരിച്ചുവിടുന്നത് നിയന്ത്രിച്ചതിനെത്തുടർന്നാണ് ഗതാഗത കുരുക്കുണ്ടായത്.
അരൂർ–തുറവൂർ പാതയിലെ കുരുക്ക് അഴിക്കാൻ ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന പ്രധാന റോഡാണ് ഇത്. ഇന്നലെ രാവിലെ മുതൽ ഈ റോഡ് വഴി ഇരുചക്രവാഹനങ്ങൾ മാത്രമാണു കടത്തിവിടുന്നത്.
സ്വകാര്യബസ് സർവീസ് ഉൾപ്പെടെ തടസ്സപ്പെട്ടു.
പൈപ്പ് അറ്റകുറ്റപ്പണി നാളെ വൈകിട്ടോടെ പൂർത്തിയാക്കി ഇതുവഴിയുള്ള ഗതാഗതം തുറക്കാനുള്ള ജോലികൾ പുരോഗമിക്കുന്നു.ചരക്കു വാഹനങ്ങളടക്കം ദേശീയപാതയിലൂടെ പോയതാണ് കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടാൻ കാരണം. ഇന്നലെ രാവിലെയും വൈകിട്ടുമായിരുന്നു ഗതാഗതക്കുരുക്ക്. കൊച്ചി ഭാഗത്തു നിന്നു ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുമ്പളം പാലത്തിൽ നിന്നു അരൂർ ക്ഷേത്രം കവല വരെ 1.5 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടിവന്നത് ഒന്നര മണിക്കൂർ.
ഇതുമൂലം യാത്രക്കാർ ഏറെ വലഞ്ഞു.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സന്ധ്യയോടെ അരൂർ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അരൂർ ക്ഷേത്രം കവലയിൽ നിന്നു വടക്കോട്ട് ഗർഡറുകൾ സ്ഥാപിക്കലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വൈകിട്ട് 5ന് തുടങ്ങിയ ശക്തമായ ഗതാഗതക്കുരുക്കിന് രാത്രി 8 നാണ് അൽപം ശമനം ഉണ്ടായത്.
ശക്തമായ മഴമൂലം ദുരിതം ഇരട്ടിയായി. ക്ഷേത്രം കവലയിൽ നിന്ന് അരൂക്കറ്റി പാലം വരെ എത്താൻ ഒരുമണിക്കൂറോളം പിന്നെയും വേണ്ടിവന്നു.
തുറവൂരിൽ ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണി മൂലം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതറിയാതെ ഇതര ജില്ലകളിൽ നിന്നെത്തിയ വാഹനങ്ങൾക്ക് തിരിച്ചു പോകേണ്ടി വന്നു.
കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള വാഹന യാത്രികരെയാണ് കുഴക്കിയത്. കൊച്ചിയിൽ നിന്നെത്തിയ വാഹനങ്ങൾ തുറവൂർ ജംക്ഷൻ വഴി കിഴക്കോട്ട് സഞ്ചരിച്ചു തൈക്കാട്ടുശേരിയിൽ എത്തിയപ്പോഴാണ് ഗതാഗതം തടസ്സപ്പെടുത്തിയത് അറിയുന്നത്.ഇതോടെ വാഹനങ്ങൾ തിരിച്ചു തുറവൂരിലെത്തി, ചേർത്തല വഴി കടന്നുപോയി. കോട്ടയത്ത് നിന്നു തുറവൂരിലേക്ക് എത്തിയ വാഹനങ്ങളും തിരിച്ച് മാക്കേക്കടവ് വഴി ചേർത്തലയിലെത്തി തുറവൂരിൽ വന്നിട്ടാണു പോയത്.
അരൂക്കുറ്റി – ചേർത്തല റോഡിൽ തിരക്കേറി
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി പാലത്തിലൂടെ ഗതാഗതം നിരോധിച്ചതോടെ അരൂക്കുറ്റി – ചേർത്തല റോഡിൽ തിരക്കേറി.
തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറ് റോഡിൽ ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയതിനാലാണ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചത്. മാക്കേക്കവല, മണിയാതൃക്കൽ, തൈക്കാട്ടുശേരി കവലകളിൽ ഗതാഗതം നിരോധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
മണിയാതൃക്കൽ, തൈക്കാട്ടുശേരി കവലകളിൽ വാഹനങ്ങൾ വഴിതിരിച്ചു വിടാൻ പൊലീസും ഉണ്ടായിരുന്നു.ചേർത്തല – അരൂക്കുറ്റി റോഡ് ഭാഗത്തു നിന്നും തുറവൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾക്ക് തെക്ക് ചേർത്തല നഗരത്തിലെത്തിയും വടക്ക് അരൂരിലെത്തിയുമാണ് പോകാനായത്.
ചേർത്തല – അരൂക്കുറ്റി റോഡിൽ പതിവിലേറെ വാഹനത്തിരക്ക് ഇന്നലെയുണ്ടായി. റോഡ് കുറുകെ കടക്കാൻപോലും യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]