
ദുരിതയാത്രയ്ക്ക് ശമനം തേടി മുട്ടാത്ത വാതിലുകളില്ല; നാട്ടുകാർ പിരിവെടുത്ത് റോഡിലെ വെള്ളക്കെട്ട് മാറ്റി
കുട്ടനാട് ∙ നാട്ടുകാർ ഒന്നിച്ചു. കടുത്ത വേനലിലും വെള്ളക്കെട്ടിലായിരുന്ന റോഡിലെ വെള്ളക്കെട്ട് ഒഴിവായി.
വർഷങ്ങളായി വെള്ളക്കെട്ടു ദുരിതം അനുഭവിക്കുന്ന പുളിങ്കുന്ന് പഞ്ചായത്ത് 14–ാം വാർഡിലെ ആറാട്ടുവഴി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണു നാട്ടുകാർ ഒന്നിച്ചത്. ജലാശയത്തിൽ നേരിയ വേലിയേറ്റം ഉണ്ടായാൽ പോലും റോഡ് വെള്ളക്കെട്ടിലാകുമായിരുന്നു. വർഷങ്ങളായി തുടരുന്ന ദുരിതയാത്രയ്ക്കു ശമനം തേടി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല.
അധികൃതർ കയ്യൊഴിഞ്ഞതോടെ നാട്ടുകാർ പിരിവെടുത്ത് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുവരെ രണ്ടര ലക്ഷം രൂപയുടെ മണ്ണാണ് ഇറക്കിയത്.
ഈ പണം നാട്ടുകാർ പിരിവെടുത്തു നൽകിയെങ്കിലും മണ്ണ് നിരത്തുന്നതിന് അടക്കം വന്ന അധിക തുക ഇനി കണ്ടത്തേണ്ടതുണ്ട്. വർഷങ്ങൾക്കു മുൻപ് പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണിത്.
താഴ്ന്ന പ്രദേശമായതിനാൽ വർഷത്തിൽ ഏറിയ സമയവും റോഡിൽ വെള്ളക്കെട്ടായിരുന്നു. റോഡ് താഴ്ന്നു കിടന്നിരുന്നതു സമീപത്തെ മേച്ചേരിവാക്ക പാടശേഖരത്തിലെ കൃഷിയെയും സാരമായി ബാധിച്ചിരുന്നു.
പൊതുജലാശയത്തിലെ വെള്ളം റോഡ് വഴി കവിഞ്ഞ് ഒഴുകി പാടശേഖരത്തിൽ എത്തുന്നതിനാൽ സമയ ബന്ധിതമായി കൃഷിയിറക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇത്തവണ ഈ ഭാഗത്തെ 10 ഏക്കറോളം സ്ഥലത്ത് 3 പ്രാവശ്യം വിതയിറക്കേണ്ട
സാഹചര്യമുണ്ടായിരുന്നു. വെള്ളം കവിഞ്ഞ് ഒഴുകുന്നതിനാൽ സമയത്തു വെള്ളം വറ്റിക്കാൻ സാധിക്കാതിരുന്നതാണു പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്.സ്ഥിരമായി വെള്ളക്കെട്ടായിരുന്ന മങ്കൊമ്പ് ക്ഷേത്രം റോഡിന്റെ നിർമാണം നടക്കുന്നതിനാൽ ആറാട്ടുവഴി റോഡായിരുന്നു നാട്ടുകാർ പുറംലോകത്തേക്ക് എത്താനുള്ള ഏക വഴി.
കഴിഞ്ഞ ദിവസം തണ്ണീർമുക്കം ബണ്ട് തുറന്നപ്പോൾ റോഡിൽ ഒരടിയിലേറെ വെള്ളക്കെട്ടായതുമൂലം മങ്കൊമ്പ് ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]