എടത്വ ∙ കുട്ടനാട് ബ്രാൻഡ് അരി എന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി. കുട്ടനാട്ടിൽ ഉൽപാദിപ്പിക്കുന്ന നെല്ല് കുത്തി അരിയാക്കി കുട്ടനാട് ബ്രാൻഡ് അരി വിപണിയിൽ ഇറക്കുമെന്ന സർക്കാർ പ്രഖ്യാപനമാണ് പാഴ്വാക്കായി മാറിയത്. സമുദ്രനിരപ്പിലും താഴ്ന്നുകിടക്കുന്ന കുട്ടനാട്ടിൽ ഉൽപാദിപ്പിക്കുന്ന നെല്ല് സംസ്കരിച്ച് അരിയാക്കി വിപണിയിൽ ഇറക്കിയാൽ ലഭ്യമാകുന്ന സ്വീകാര്യത മുന്നിൽ കണ്ടാണ് കുട്ടനാട് ബ്രാൻഡ് അരി എന്ന ആശയം തന്നെ ഉടലെടുത്തത്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ കുട്ടനാട്ടിലെ ആയിരക്കണക്കിന് കർഷകർക്ക് ഗുണകരമാകുമെന്നും കൃഷിഭൂമി തരിശിടാതെ ഭക്ഷ്യോൽപാദനം കാര്യക്ഷമമാക്കും എന്നുമായിരുന്നു കൃഷി വകുപ്പിന്റെ വിലയിരുത്തൽ.
എന്നാൽ പ്രഖ്യാപനത്തിന് ശേഷം കുട്ടനാട്ടിലെ ഭക്ഷ്യോൽപാദനം കുപ്പു കുത്തുന്ന കാഴ്ചയാണ് കർഷകർക്ക് കാണാനായത്. 54000 ഹെക്ടറിൽ നിന്ന് മുപ്പതിനായിരത്തിലേക്ക് ഉൽപാദനം കുറഞ്ഞു. കൃഷിച്ചെലവുകൾ കുത്തനെ ഉയർന്നു.
സംഭരണത്തിലെ കാലതാമസം, സ്വകാര്യ മില്ലുകളുടെ ചൂഷണം, സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് സമയബന്ധിതമായി പണം ലഭിക്കാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിച്ചു.
കഠിനാധ്വാനം ചെയ്ത് വിളയിച്ചെടുക്കുന്ന ഉൽപന്നത്തിന് ന്യായവില ലഭിക്കാത്തതും കർഷകരുടെ പിന്മാറ്റത്തിനു കാരണമാണ്. കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങു വിലയിൽ നേരിയ വർധന വരുത്തുമ്പോൾ സംസ്ഥാന സർക്കാർ നൽകുന്ന താങ്ങു വിലയുടെ വിഹിതത്തിൽ നിന്ന് കേന്ദ്രം കൂട്ടിയത് കുറയ്ക്കും. ഫലത്തിൽ വില മാറ്റമില്ലാതെ തുടരും.
കർഷകരെ പരിപോഷിപ്പിക്കാനും കൃഷി കാര്യക്ഷമമാക്കുന്നതിനും പ്രധാന പങ്കു വഹിക്കേണ്ട സംസ്ഥാന സർക്കാർ കർഷകരെ ‘കടക്കെണിയിലേക്ക് തള്ളുന്ന ദയനീയ സാഹചര്യമാണ് നിലവിലുള്ളത്.
കുട്ടനാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട
പഞ്ചായത്തുകളിൽ നെല്ല് സംസ്കരണത്തിനായി റൈസ് മില്ലുകൾ സ്ഥാപിക്കുകയും കുട്ടനാട് ബ്രാൻഡ് അരി എന്ന ആശയം പ്രാവർത്തികമാക്കുകയും ചെയ്താൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വിപണിയിൽ ബ്രാൻഡ് അരി എന്ന നിലയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും.
ഉൽപന്നത്തിനു ന്യായവില ലഭിക്കുന്നതിനൊപ്പം സംഭരണത്തിലെ കാലതാമസം ഒഴിവാക്കുകയും സമയബന്ധിതമായി കർഷകർക്ക് ഉൽപന്നത്തിന്റെ വില ലഭിക്കുകയും ചെയ്യും. ജില്ലയിൽ തരിശുകിടക്കുന്ന ആയിരക്കണക്കിന് ഹെക്ടർ കൃഷിഭൂമികളിൽ പഴയ പ്രതാപത്തോടെ നെൽക്കൃഷി പുനരാരംഭിക്കാനാവുമെന്നും പരമ്പരാഗത കർഷകർ പറയുന്നു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

