മങ്കൊമ്പ് ∙ കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്ടിൽ അതിശക്തമായി തുടരുന്ന വേലിയേറ്റം മൂലം ജനം പ്രതിസന്ധിയിൽ. ഇന്നലെ രാവിലെ 2 അടിയിലേറെ ജലനിരപ്പ് ഉയർന്നതുമൂലം താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.
പുറംബണ്ടുകൾ കവിഞ്ഞു കൃഷിയിടത്തിലേക്കു വെള്ളം കയറുന്നതിനാൽ വിത നശിക്കുന്ന അവസ്ഥയിലാണ്.
വെള്ളം കവിഞ്ഞു കയറി 2 ആഴ്ച പ്രായമായ നെൽച്ചെടികൾ വരെ മുങ്ങിയ പാടശേഖരങ്ങളുണ്ട്. കൂടുതൽ ദിവസം വെള്ളം കെട്ടിക്കിടന്നാൽ നെൽച്ചെടികൾ പൂർണമായും നശിക്കുന്ന അവസ്ഥ സംജാതമാകും.
പുറം ജലാശയത്തിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ സുഗമമായി പമ്പിങ് നടത്താൻ കഴിയാത്തതു പ്രതിസന്ധി രൂക്ഷമാക്കുന്നു. 2 ആഴ്ച പിന്നിട്ട
വിത നശിച്ചാൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ കർഷകർക്കു മാർഗമില്ല. മൂപ്പ് കുറഞ്ഞ വിത്ത് വിതച്ചാലും മറ്റു കൃഷിയിടത്തിനൊപ്പം കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതാണ് ഈ സീസണിലെ കൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാക്കുക.
പുഞ്ചക്കൃഷി ഇറക്കിയ സാഹചര്യത്തിൽ വെള്ളം കയറില്ലെന്ന വിശ്വാസത്തിൽ കുട്ടനാട്ടിൽ വ്യാപകമായി കരക്കൃഷിയും തുടങ്ങിയിരുന്നു.
എന്നാൽ പല പുരയിടങ്ങളിലും വെള്ളം കയറിയതിനാൽ കപ്പയും പച്ചക്കറിയും അടക്കമുള്ള കൃഷികളും നാശത്തിന്റെ വക്കിലാണ്. മങ്കൊമ്പിൽ ഏത്തവാഴ കൃഷി ചെയ്യുന്ന കർഷകന്റെ കൃഷിയിടത്തിൽ ദിവസങ്ങളായി വെള്ളം കെട്ടി കിടക്കുകയാണ്.
ഇന്നലെ മുതൽ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ അടച്ചു തുടങ്ങിയെങ്കിലും പൂർണമായി അടയ്ക്കാത്തതിനാൽ ഇന്നും വേലിയേറ്റം ഉണ്ടാകാനാണു സാധ്യത.
തണ്ണീർമുക്കം ഷട്ടറിലെ മധ്യഭാഗത്തെ 28 ഷട്ടറുകളാണ് ഇന്നലെ അടച്ചത്. ബണ്ടിൽ 90 ഷട്ടറുകളാണ് ആകെ ഉള്ളത്.
2 ദിവസം കൊണ്ടു പൂർണമായി ഷട്ടർ അടയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എത്രയും വേഗം വെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നു വെള്ളം പമ്പു ചെയ്താൽ മാത്രമേ നെൽച്ചെടികൾ രക്ഷിച്ചെടുക്കാൻ സാധിക്കൂ.
എടത്വ ∙ വേലിയേറ്റം കാരണം ജല നിരപ്പ് ഉയരുന്നത് നദീതീരങ്ങൾക്കും തോടുകൾക്കും സമീപം ഉള്ള പാടശേഖരങ്ങളെ കാര്യമായി ബാധിക്കുന്നു.
പുറത്ത് വെള്ളം കൂടുതലായതിനാൽ ഉറവയിലൂടെ പാടത്ത് വെള്ളം കയറുകയാണ്. പുറത്ത് വെള്ളം ഉയർന്നു നിൽക്കുന്നതിനാൽ മോട്ടർ പ്രവർത്തിപ്പിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി കളയാനും പറ്റാത്ത സ്ഥിതിയാണ്.
വിതച്ച് 32 ദിവസം കഴിഞ്ഞ മങ്കുഴി പാടത്ത് നെൽച്ചെടികൾ പകുതിയിലധികം വെള്ളത്തിലായിരിക്കുകയാണ്.
പല പ്രാവശ്യം പ്രകൃതിക്ഷോഭം കാരണവും മടവീഴ്ച മൂലവും നെല്ല് നഷ്ടപ്പെടുകയും, വിത്ത് വിതച്ച് മുളയ്ക്കാതെയും വലിയ നഷ്ടം സംഭവിച്ച പാടശേഖരമാണിത്. കളപറിക്കലും, ഇടപോക്കലും നടത്തി ദിവസങ്ങൾ കഴിഞ്ഞെങ്കിലും വെള്ളം അധികമായതോടെ പാടത്ത് വളം ഇടാൻ പോലും സാധിക്കുന്നില്ല.
തകഴിയിലും മറ്റും ജല നിരപ്പ് വളരെ ഉയർന്ന നിലയിലാണ്.
ഇതാകട്ടെ പുറം ബണ്ടുകളുടെ ബലക്ഷയത്തിനും കാരണമാകുമെന്നു കർഷകർ പറയുന്നു. കുട്ടനാട് പാക്കേജിൽ പെടുത്തി പുറം ബണ്ടുകൾ ബലപ്പെടുത്തുമെന്നു പറഞ്ഞിരുന്നെങ്കിലും അപൂർവം ചില പാടശേഖരങ്ങളിൽ മാത്രമാണ് പുറം ബണ്ട് നിർമിച്ചിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

