ആലപ്പുഴ ∙ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും തിരുത്തലിനുമുള്ള സമയം 14നു കഴിഞ്ഞപ്പോൾ ജില്ലയിൽനിന്നു തിരഞ്ഞെടുപ്പു കമ്മിഷനു ലഭിച്ചത് 41,739 അപേക്ഷകൾ. ഇതിൽ 29,873 എണ്ണവും പേരു ചേർക്കാനുള്ളതാണ്.
പട്ടികയിൽ തിരുത്തൽ വരുത്താനുള്ളവ 313, വോട്ട് മറ്റൊരു വാർഡിലേക്കു മാറ്റാനുള്ള അപേക്ഷ 2,442. പേര് ഒഴിവാക്കാനുള്ള 29 അപേക്ഷ ലഭിച്ചു.
മരിച്ചവർ, സ്ഥലത്തില്ലാത്തവർ തുടങ്ങിയ വിഭാഗങ്ങളിലേതെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ സ്വയം കണ്ടെത്തിയവ 131 എണ്ണമാണ്. പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന പരാതികൾ 8,936 എണ്ണമുണ്ട്.
പ്രവാസി വോട്ടിനായി 15 അപേക്ഷ ലഭിച്ചു.
വോട്ട് ഇരട്ടിപ്പും മറ്റും കണ്ടെത്തി ഒഴിവാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തെ ജില്ലാതല ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ വോട്ടർ പട്ടികയിൽനിന്നു മരണം, താമസം മാറ്റം, ഇരട്ടിപ്പ് എന്നിവയുടെ പേരിലാണ് ഒഴിവാക്കൽ.
വോട്ടർമാരെ മറ്റേതെങ്കിലും വാർഡിൽ തെറ്റായി ഉൾപ്പെടുത്തിയെങ്കിൽ അതും ചട്ടപ്രകാരമുള്ള നടപടിയിലൂടെ തിരുത്താൻ നിർദേശമുണ്ടായിരുന്നു. വോട്ട് ഇരട്ടിപ്പു കണ്ടെത്താനും ഒഴിവാക്കാനും ഇആർഎംഎസ് സംവിധാനമാണ് ഉപയോഗിക്കുന്നത്.
പ്രവാസി വോട്ടിന് ആർക്ക്, എങ്ങനെ അപേക്ഷിക്കാം?
വിദേശത്തുള്ള ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാം.
അപേക്ഷ നൽകുന്ന വർഷം ജനുവരി ഒന്നിനു 18 വയസ്സു തികഞ്ഞിരിക്കണം. മറ്റു രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചവരാകരുത്.
പാസ്പോർട്ടിലെ വിലാസം ഉൾപ്പെട്ട മണ്ഡലത്തിലാകും ഉൾപ്പെടുത്തുക.
ഇതിനു ഫോം 6എ പൂരിപ്പിച്ചു മണ്ഡലത്തിന്റെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കു നേരിട്ടോ തപാലിലോ നൽകണം.
അടുത്തയിടെ എടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോ ഒപ്പം നൽകണം. തപാലിൽ അയയ്ക്കുമ്പോൾ പാസ്പോർട്ടിൽ ഫോട്ടോയും വിവരങ്ങളുമുള്ള പേജിന്റെയും വീസയുടെയും പകർപ്പും വയ്ക്കണം.
പകർപ്പുകൾ ആ രാജ്യത്തെ ഇന്ത്യൻ എംബസി അധികൃതർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷ നേരിട്ടു നൽകുമ്പോൾ പകർപ്പുകൾക്കു പുറമേ അസ്സൽ പാസ്പോർട്ടും നൽകണം. അതു പരിശോധിച്ച ശേഷം തിരികെ നൽകും.
വോട്ടർ പട്ടികയിൽ പേരു വന്നശേഷം, വോട്ടെടുപ്പു ദിനത്തിൽ പോളിങ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം. ഒറിജിനൽ പാസ്പോർട്ട് കയ്യിൽ കരുതണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]