മഴ കനത്തു, ജലനിരപ്പ് ഉയരുന്നു; കുട്ടനാട് വീണ്ടും വെള്ളപ്പൊക്കഭീതിയിൽ
കുട്ടനാട് ∙ ജലനിരപ്പ് ഉയർന്നു കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ. കാവാലം, മങ്കൊമ്പ്, നെടുമുടി, പള്ളാത്തുരുത്തി മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തി. വെള്ളപ്പൊക്ക ദുരിതം വർധിച്ചതോടെ രാമങ്കരിയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു.
കുട്ടനാട് താലൂക്കിൽ കോളജ്, ട്യൂഷൻ സെന്റർ, അങ്കണവാടി ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.റോഡുകളും വെള്ളത്തിലായി.ജലനിരപ്പ് ഉയർന്നതോടെ രാമങ്കരി പഞ്ചായത്തിൽ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു. രാമങ്കരി സഹകരണ ബാങ്ക് ഹാളിൽ 13–ാം വാർഡിലെ 5 കുടുംബങ്ങളിലെ 10 അംഗങ്ങളെയാണു മാറ്റി പാർപ്പിച്ചിരിക്കുന്നത്. കൈനകരി മേഖലയിൽ മടവീഴ്ചയുണ്ടായ ഭാഗത്തുള്ള 20 ഭക്ഷണവിതരണ കേന്ദ്രങ്ങൾ മാറ്റമില്ലാതെ തുടരുന്നുണ്ട്.ജലനിരപ്പ് ഉയർന്നതും സ്കൂളുകളിലും പൊതുവഴിയിലുമടക്കം വെള്ളക്കെട്ടു രൂപപ്പെട്ടതും കാരണമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് അതേസമയം പരീക്ഷകൾക്കു മാറ്റമില്ല.
നെടുമുടി മേഖലയിൽ 13 സെന്റീമീറ്ററും കാവാലത്ത് 8 സെന്റീമീറ്ററും പള്ളാത്തുരുത്തിയിൽ 3 സെന്റീമീറ്ററും മങ്കൊമ്പിൽ 2 സെന്റീമീറ്ററും ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. നീരേറ്റുപുറം മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്ക് ഒപ്പമാണെങ്കിലും കിടങ്ങറ, ചമ്പക്കുളം മേഖലയിൽ അപകടനിലയ്ക്കു താഴെയാണ്. ചമ്പക്കുളത്ത് 6 സെന്റീമീറ്ററും കിടങ്ങറയിൽ 32 സെന്റീമീറ്ററും ജലനിരപ്പ് ഉയർന്നാലേ അപകടനിലയ്ക്കു മുകളിലെത്തുകയുള്ളു.
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6നു രേഖപ്പെടുത്തിയ ജലനിരപ്പ്, അപകടനില ക്രമത്തിൽ:
പള്ളാത്തുരുത്തി 1.43 (1.40), കാവാലം 1.48 (1.40), നെടുമുടി 1.58 (1.45), മങ്കൊമ്പ് 1.37 (1.35), ചമ്പക്കുളം 1.63 (1.69), കിടങ്ങറ 1.65 (1.97), നീരാറ്റുപുറം 2.42 (2.42).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]