
കെൽട്രോൺ –കുമ്പളങ്ങി ഫെറി പാലം: അതിവേഗം ബഹുദൂരം; വൻ വികസന സാധ്യത ലക്ഷ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ∙ കെൽട്രോൺ –കുമ്പളങ്ങി ഫെറി പാലത്തിന്റെ ടെൻഡർ നടപടികളായി. നടപടികൾക്ക് അംഗീകാരം ലഭിച്ചാൽ ജോലി ആരംഭിക്കും. 5 കരാറുകാരാണ് ടെൻഡറിൽ പങ്കെടുത്തത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. ആലപ്പുഴ–എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 44.20 കോടി രൂപയാണ് പദ്ധതി ചെലവ്. പാലത്തിനായി അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി. പ്രാദേശികമായി തടസ്സങ്ങളില്ലെങ്കിൽ 18മാസം കൊണ്ട് പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാകും. പാലം പൂർത്തിയാകുന്നതോടെ മാതൃകാ ടൂറിസം പദ്ധതിയിൽപ്പെടുത്തിയുള്ള എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിലേക്ക് ദേശീയപാതയിൽ നിന്നു എളുപ്പത്തിൽ എത്താൻ സാധിക്കും. നിലവിൽ കുമ്പളങ്ങിയിൽ നിന്നു ദേശീയപാത 66ൽ എത്താൻ 15 കിലോമീറ്ററോളം സഞ്ചരിക്കണം. പാലം യാഥാർഥ്യമായാൽ, ഹൈവേയിലേക്കുള്ള ദൂരം 2 കിലോമീറ്ററായി കുറയും.
ടൂറിസം വികസനത്തിന് ദേശീയപാതയുമായി അടുത്ത സഞ്ചാരപാത ആവശ്യമായതിനാൽ വൻ വികസന സാധ്യതയാണ് വരുന്നത്. കെൽട്രോൺ ഫെറിയിൽ വേമ്പനാട് കായലിന് കുറുകെയാണ് പാലം വരുന്നത്.
കെൽട്രോൺ– കുമ്പളങ്ങി പാലമെന്നത് ഇരു ജില്ലകളിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. 36.20 മീറ്റർ വീതിയിലുമുള്ള പാലത്തിന് 8 സ്പാനുകളിൽ ആകെ 290 മീറ്റർ നീളത്തിലാണ് നിർമാണം.7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ഉൾപ്പെടെ 11 മീറ്റർ ആണ് പാലത്തിന്റെ ആകെ വീതി.
പാലത്തിന്റെ അടിത്തറയിൽ 1.2 മീറ്റർ വ്യാസമുള്ള ബോർഡ് കാസ്റ്റ് ഇൻസിറ്റു ആർസിസി പൈലുകൾ നിർമിക്കും. ഓരോ പൈൽ ക്യാപിനു കീഴിലും 8 പൈലുകളും പിയറുകളിൽ ഓരോ പൈൽ ക്യാപ്പിനു കീഴിലും 6 പൈലുകളും ഉണ്ടാകും. 63 മീറ്റർ താഴ്ചയിലാണ് പൈൽ സ്ഥാപിക്കുന്നത്.
കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 136 മീറ്ററും നീളമുള്ള അപ്രോച്ച് റോഡുകൾ ജിഎസ്ബി, ഡബ്ല്യുഎംഎം എന്നിവ ഉപയോഗിച്ച് നിർമിക്കും.