മാവേലിക്കര ∙ മിച്ചൽ ജംക്ഷൻ വികസനത്തിന്റെ ഭാഗമായി ഹൈക്കോടതി ഉത്തരവ് അനുസരിച്ചു മൂന്നാമതു നടത്തിയ സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയാറായി. വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന വസ്തു ഉടമകളുമായുള്ള പൊതുവാദം 18നു നടക്കും.
കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് ഡവലപ്മെന്റ് ആണു പഠനം നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്.
മിച്ചൽ ജംക്ഷൻ വികസന പദ്ധതി അശാസ്ത്രീയവും ഭാവിവികസനം ലക്ഷ്യമാക്കി ഉള്ളതല്ലെന്നും പുനഃപരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തികൾ നൽകിയ ഹർജി പരിഗണിച്ചു കഴിഞ്ഞ ജൂലൈയിൽ വിദഗ്ധ ഏജൻസിയെക്കൊണ്ടു സാമൂഹിക പ്രത്യാഘാത പഠനം വീണ്ടും നടത്താൻ ഹൈക്കോടതി ജഡ്ജി വിജു ഏബ്രഹാം ഉത്തരവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മൂന്നാമതും പഠനം നടത്തിയത്.
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് ഡവലപ്മെന്റ് ഓഫിസർ സി.പി.ബിജു റിപ്പോർട്ട് എം.എസ്.അരുൺകുമാർ എംഎൽഎയ്ക്കു കൈമാറി.
കോളജ് റിസർച് അസോഷ്യേറ്റ്സ് മരിയ കെൻസി, കെ.ഒ.വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അവസാനമാണു സംഘം മാവേലിക്കരയിൽ എത്തിയത്.
പ്രാരംഭ പ്രവർത്തനമായി മിച്ചൽ ജംക്ഷനിലെ കടകളിലെത്തി ചോദ്യാവലി പൂരിപ്പിച്ചു വാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രാരംഭ റിപ്പോർട്ട് തയാറാക്കിയത്.
വ്യാപാരികളുടെയും കെട്ടിട
ഉടമകളുടെയും പരാതികളും ആശങ്കകളും കേൾക്കാൻ 18നു രാവിലെ 11നു മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ പൊതുവാദം നടത്തും. റവന്യു, പൊതുമരാമത്ത്, നഗരസഭാധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന പൊതുവാദത്തിനു ശേഷം അന്തിമ റിപ്പോർട്ട് തയാറാക്കും.
കലക്ടർ അധ്യക്ഷനായ വിദഗ്ധസമിതി റിപ്പോർട്ട് പരിശോധിച്ച ശേഷം അംഗീകാരം നൽകും.
2017–18 ബജറ്റിലെ 25 കോടി രൂപയുടെ പദ്ധതി
മുൻ എംഎൽഎ ആർ രാജേഷിന്റെ നിർദേശപ്രകാരം 2017-18 ലെ സംസ്ഥാന ബജറ്റിലാണ് 25 കോടി രൂപ ചെലവുള്ള പദ്ധതി ഉൾപ്പെടുത്തിയത്. 2018 സെപ്റ്റംബറിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തി കല്ലുകൾ സ്ഥാപിക്കൽ 2020 ജനുവരിയിൽ പൂർത്തീകരിച്ചു. കൊല്ലം ജില്ലയിലുള്ള ഒരു ഏജൻസിയാണ് ആദ്യം സാമൂഹിക പ്രത്യാഘാത പഠനം നടത്തിയത്.
ഇതിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നപ്പോൾ കൊഴുവല്ലൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
വിദഗ്ധ സമിതി അംഗീകരിച്ച രണ്ടാമത്തെ റിപ്പോർട്ടും തള്ളിയാണു മൂന്നാമതു പഠനം നടത്തുന്നത്.
ഏറ്റെടുക്കേണ്ടത് 57.08 ആർ ഭൂമി
മാവേലിക്കര വില്ലേജിലെ 20, 21, 54, 55, 66, 67 ബ്ലോക്കുകളിലെ വിവിധ സർവേ നമ്പറുകളിലെ പുറമ്പോക്ക്, പുരയിടം, നിലം എന്നീ വിഭാഗങ്ങളിലെ 57.08 ആർ സ്ഥലം ഏറ്റെടുക്കാനാണു പദ്ധതി. മിച്ചൽ ജംക്ഷനിൽ നിന്നു വടക്കോട്ട് 70, തെക്കോട്ട് 55, പടിഞ്ഞാറോട്ട് 75, കിഴക്കോട്ട് 117 മീറ്റർ ദൂരത്തിലാണു വികസന പദ്ധതി.
റോഡിന്റെ വീതി, നടപ്പാത ഉൾപ്പെടെ 18 മീറ്ററായി വികസിക്കുന്ന പദ്ധതിക്കായി അനുവദിച്ച 25 കോടിയിൽ 22.5 കോടിയും ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകാനാണ്.
വസ്തു ഉടമസ്ഥർക്കു 2013 ലെ ഭൂമി ഏറ്റെടുക്കൽ അവകാശ നിയമം ഒന്നാം ഉപവകുപ്പ് അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും പുനഃസ്ഥാപനവും ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

