
കറ്റാനം ∙ നാഥനില്ലാക്കളരിയായി കറ്റാനം, ഭരണിക്കാവ് വില്ലേജ് ഓഫിസുകൾ മാറിയത് ജനങ്ങളെ വലയ്ക്കുന്നു. ഇരുവില്ലേജ് ഓഫിസുകളിലും ഓഫിസർമാർ ഇല്ലാത്തത് മൂലം ഓഫിസ് പ്രവർത്തനം താളം തെറ്റുകയാണ്.
രണ്ടിടത്തെയും ഓഫിസർമാർ കഴിഞ്ഞ മെയ് 31ന് വിരമിച്ചതാണ്. മാസം ഒന്നു കഴിഞ്ഞിട്ടും പുതിയ വില്ലേജ് ഓഫിസർമാർ ചുമതലയേൽക്കാത്തതാണ് ഓഫിസിനെ പ്രതിസന്ധിയിലാക്കുന്നത്.
പകരം ചുമതല സമീപമുള്ള വില്ലേജ് ഓഫിസുകളിലെ ഓഫിസർമാർക്ക് മാറി മാറി നൽകുകയാണ്.
എന്നാൽ ഇവരുടെ സേവനം പൂർണമായും ലഭിക്കാത്തത് മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഒരു വില്ലേജ് ഓഫിസിൽ പോലും പിടിപ്പത് പണിയുള്ളപ്പോൾ ഒരാളിനെക്കൊണ്ട് രണ്ട് ഓഫിസ് കൈകാര്യം ചെയ്യുന്നത് ദുഷ്കരമാണെന്നു ഓഫിസർമാർ തന്നെ വെളിപ്പെടുത്തുന്നു.
മഴക്കെടുതികൾ എപ്പോഴുമുണ്ടാകുന്ന ഈ മേഖലയിൽ രണ്ടിടത്തും ഓടി എത്താൻ പകരം ചുമതല നൽകിയിട്ടുള്ള വില്ലേജ് ഓഫിസർമാർക്ക് കഴിയാത്ത സ്ഥിതിയാണ്.
കാര്യങ്ങൾ സാധിക്കാൻ പല തവണ ഓഫിസിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ.
എത്രയും വേഗം പുതിയ ഓഫിസർമാരെ നിയമിച്ച് ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇപ്പോൾ ഹ്യുമൻ റിസർച് മാനേജ്മെന്റ് സിസ്റ്റം (എച്ച്ആർഎംഎസ്) വഴി ഓൺ ലൈനിലൂടെ സ്ഥലം മാറ്റം നടക്കുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്നും ഈ മാസം തന്നെ പുതിയ ഓഫിസർമാർ ചുമതലയേൽക്കുമെന്നും അധികൃതർ പറയുന്നു.
കറ്റാനം ∙ ഭരണിക്കാവിലും കറ്റാനത്തും സ്ഥിരം വില്ലേജ് ഓഫിസർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തി. ഭരണിക്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെപിസിസി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിഷ്ണു ചേക്കോടൻ അധ്യക്ഷത വഹിച്ചു.
ജി ബൈജു, എൻ.വാസുദേവൻ, കട്ടച്ചിറ താഹ, എം.ആർ.മനോജ്കുമാർ, കട്ടച്ചിറ ഗോപാലകൃഷ്ണപിള്ള, കട്ടച്ചിറ ശ്രീകുമാർ, വേണുഗോപാൽ തെങ്ങുംതറയിൽ, ചന്ദ്രിക തങ്കപ്പൻ, കെ.ആർ.ഷൈജു, എസ് നന്ദകുമാർ, സുഹൈൽ ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.
കറ്റാനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കറ്റാനം വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രകാശ് ഡി.പിള്ള അധ്യക്ഷത വഹിച്ചു.
അവിനാശ് ഗംഗൻ, കൊച്ചുകോശി ജോർജ്, എസ്.നന്ദകുമാർ, സജി കണ്ണങ്കര, സുനിൽ പൊന്നാലയം, പ്രേം പ്രസാദ്, ജയചന്ദ്രൻ കറ്റാനം, ലിബു വർഗീസ്, ടി.രാജൻ, ഷാജി വരിക്കോലിത്തറ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]