
കലവൂർ∙ ഒരു കാലത്ത് ആലപ്പുഴയുടെ അഭിമാനമായിരുന്ന എക്സൽ ഗ്ലാസസ് ഫാക്ടറിയുടെ അവസാന ശേഷിപ്പും പൊളിച്ചു തുടങ്ങി. കോടികളുടെ സാമ്പത്തിക ബാധ്യതയെ തുടർന്ന് 2012ലാണ് 550 തൊഴിലാളികളുണ്ടായിരുന്ന എക്സൽ ഗ്ലാസസ് ലിമിറ്റഡ് അടച്ചുപൂട്ടിയത്. ദേശീയപാതയോരത്ത് പാതിരപ്പള്ളിയിൽ സ്ഥിതി ചെയ്തിരുന്ന ഫാക്ടറി കെട്ടിടം വർഷങ്ങളായി വെറുതേ കിടന്നു നശിക്കുകയായിരുന്നു.
തുടർന്നു നാലു വർഷം മുൻപ് ഫാക്ടറി കെട്ടിടം പൊളിച്ചിരുന്നു.
എന്നാൽ, മെഷനറികളും മറ്റും സൂക്ഷിക്കാനായി ഒരു കെട്ടിടം നിലനിർത്തിയിരുന്നു. ആ കെട്ടിടമാണ് ഇന്നലെ പൊളിക്കാൻ ആരംഭിച്ചത്.
ഇതിനിടെ ഫാക്ടറി സർക്കാർ ഏറ്റെടുക്കുമെന്നു പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല.ഒടുവിൽ സ്ഥാപനം പൂട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കിട്ടാൻ തൊഴിലാളികൾ കോടതി കയറിയിറങ്ങേണ്ട സ്ഥിതിയായി.
തുടർന്നാണ് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ ഇടപെട്ട് കമ്പനിയുടെ വസ്തുവകകൾ വിറ്റു ബാധ്യതകൾ തീർക്കാൻ ലിക്വിഡേറ്ററെ നിയമിച്ചു.
പൂട്ടുന്ന സമയത്തുണ്ടായിരുന്ന കമ്പനിയിലെ സ്റ്റോക്ക് ഉൾപ്പെടെ ലേലം ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ 17 ഏക്കർ വരുന്ന ഭൂമി ലേലം ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെ ഭൂമിയും ലേലത്തിൽ വിറ്റു.
ഇതോടെയാണ് നിലവിൽ ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിക്കാൻ തുടങ്ങിയത്.മുംബൈ ആസ്ഥാനമായ സൊമാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം. ഭൂമി വിറ്റു പോയിട്ടും തൊഴിലാളികൾക്ക് ലഭിക്കേണ്ട
ആനുകൂല്യങ്ങൾ പൂർണമായി ലഭിച്ചിട്ടില്ല. അർഹമായ ആനുകൂല്യം ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തൊഴിലാളികൾ ഇപ്പോഴും കേസ് നടത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]