ആലപ്പുഴ∙ യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലിന്റെ ഇടതു കണ്ണിലും വലതു കൈയിലും ഇപ്പോഴും ക്രൂരമായ പൊലീസ് മർദനത്തിന്റെ നീറിപ്പടരുന്ന വേദനയുണ്ട്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റായിരുന്നപ്പോൾ ആലപ്പുഴ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിലാണു ബിനുവിന്റെ ഇടതു കണ്ണിന് പൊലീസ് മർദനത്തിൽ പരുക്കേറ്റത്.
കോട്ടയം കലക്ടറേറ്റിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെയുള്ള പൊലീസ് ലാത്തിച്ചാർജിൽ വലതുകൈ ഒടിഞ്ഞു.
ചോര ചിന്തിയ ഇത്തരം സമരങ്ങളുടെ കരുത്തിലാണു ഹരിപ്പാട് മണ്ണാറശാല സ്വദേശിയായ ബിനു യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്. മൂന്നു മാസം മുൻപാണു ബിനുവിനെ യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായി നിയമിച്ചത്. പിന്നാലെ വോട്ടുകൊള്ളയ്ക്കെതിരെ ബിഹാറിൽ രാഹുൽ ഗാന്ധി നയിച്ച 17 ദിവസത്തെ ‘വോട്ടർ അധികാർ യാത്ര’യിൽ പൂർണസമയ യാത്രികനായി നിയോഗിക്കപ്പെട്ടു.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയെന്ന നിലയിൽ ഗോവയുടെ ചുമതല ലഭിച്ച ബിനു അവിടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടയിലാണു പുതിയ ചുമതല തേടിയെത്തുന്നത്.
ഹരിപ്പാട് ഗവ.ബോയ്സ് സ്കൂളിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റായി സംഘടനാപ്രവർത്തനം ആരംഭിച്ച ബിനു കെഎസ്യു കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2012ൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയായി.
കെഎസ്യു മുഖമാസികയായ കലാശാലയുടെ ചീഫ് എഡിറ്ററായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗവും 2020ൽ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. നിലവിൽ കെപിസിസി അംഗമാണ്.
കഴിഞ്ഞ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥിയായി കെ.സി.
വേണുഗോപാൽ വിഭാഗം നിശ്ചയിച്ചതു ബിനുവിനെയായിരുന്നു. എന്നാൽ അവസാനനിമിഷം നേതൃത്വത്തിന്റെ നിർദേശപ്രകാരം ബിനു നിശ്ശബ്ദം പിൻമാറി.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെ പകരം സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചയിലും അവസാന നിമിഷം വരെ ബിനുവിന്റെ പേരും സജീവമായുണ്ടായിരുന്നു. മണ്ണാറശാല ശ്രീനിലയത്തിൽ വിജയൻ നായരുടെയും ശ്രീദേവിയുടെയും മകനായ ബിനു ബെംഗളൂരു സിദ്ധാർഥ ലോ കോളജിൽ എൽഎൽബി വിദ്യാർഥിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]