
മുഹമ്മ ∙ പുത്തനങ്ങാടി – കൊല്ലംപറമ്പ് – അഴീക്കോടൻ കവല റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു. ബസ് സർവീസ് നിലച്ചിട്ടും റോഡ് നന്നാക്കേണ്ട
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാതെ പ്രദേശവാസികളോട് കടുത്ത അവഗണനയാണ് കാട്ടുന്നത്.പുത്തനങ്ങാടി ജംക്ഷനിൽനിന്നു തുടങ്ങി സമന്വയ ജംക്ഷൻ, കൊല്ലംപറമ്പ് വഴി അഴീക്കോടൻ കവലവരെ 2 കിലോമീറ്റർ നീളമുള്ള റോഡിലൂടെ ബസ് സർവീസ് നിലച്ചിട്ട് 3 വർഷം പിന്നിട്ടു. 12 സ്വകാര്യ ബസുകൾ ഈ റൂട്ടിലൂടെ മുഹമ്മ, ചേർത്തല തുടങ്ങിയ പ്രദേശങ്ങളിലേക്ക് വർഷങ്ങൾക്ക് മുൻപ് സർവീസ് നടത്തിയിരുന്നു.കുണ്ടും കുഴികളും നിറഞ്ഞ റോഡിൽ മെറ്റൽ ഇളകി ആഴത്തിലുള്ള ഒട്ടേറെ കുഴികളുണ്ട്.മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ വീണ് കൈയും കാലുമൊടിഞ്ഞ ഇരുചക്രവാഹന യാത്രികരും പ്രദേശത്തുണ്ട്.
നാലുചക്രവാഹനങ്ങൾ കുഴിയിൽ ചാടി ആക്സിൽ ഒടിഞ്ഞിരുന്നു.ചേർത്തലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പടെ നൂറുകണക്കിന് യാത്രികർ ബസ് സർവീസ് ഇല്ലാത്തതിനാൽ വളരെ ദൂരം സഞ്ചരിച്ച് അഴീക്കോടൻ കവലയിലോ പുത്തനങ്ങാടി ജംക്ഷനിലോ തീയറ്റർ ജംക്ഷനിലോ എത്തിയാണ് ബസ് യാത്രചെയ്യുന്നത്.ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി റെയിൽവേ സ്റ്റേഷൻ, ആലപ്പുഴ, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ടവരും മതിലകം ആശുപത്രി , കെവിഎം, എക്സ്റേ, താലൂക്ക് ആശുപത്രി, താലൂക്ക് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ടവരും ബസ് സർവീസ് ഇല്ലാത്തതിനാൽ വളരെയേറെ ദുരിതം സഹിക്കുന്നു.കുട്ടികൾ കനത്ത മഴയിൽ സമയത്ത് സ്കൂളിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നു.
മുഹമ്മ ബോട്ട് ജെട്ടിയിലെത്തി കുമരകം വഴി യാത്രചെയ്യുന്നവരുടെ കാര്യവും ഭിന്നമല്ല.
സമന്വയ ജംക്ഷൻ മുതൽ വടക്കോട്ട് 400 മീറ്റർ നീളത്തിൽ റോഡ് നന്നാക്കാൻ കരാറുകാരനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ചില ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും കരാറുകാരൻ തിരിഞ്ഞുനോക്കുന്നില്ല.നിയമാനുസൃത നടപടി സ്വീകരിച്ച് പുതിയ കരാറുകാരനെ ഏൽപിക്കാൻ ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരാത്ത റോഡ് എന്നാണ് നന്നാക്കുക എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി.പ്രസാദ് ഇടപെട്ട് പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]