
ആലപ്പുഴ ∙ വേമ്പനാട്ടുകായലിൽ അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്ക് ഹൈക്കോടതി ഉത്തരവ് മറികടന്നു ലൈസൻസ് നൽകാൻ നീക്കം നടക്കുന്നതായി ആരോപണം. വേമ്പനാട്ടുകായലിന്റെ വാഹനശേഷിയേക്കാൾ ഇരട്ടിയിലേറെ ഹൗസ്ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെന്നു ജലവിഭവവിനിയോഗകേന്ദ്രം (സിഡബ്ല്യുആർഡിഎം).
മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ള ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടും അനധികൃത ജലയാനങ്ങൾക്കെതിരെ നടപടിയെടുക്കാൻ തുറമുഖ വകുപ്പ് തയാറാകുന്നില്ലെന്നും അംഗീകൃത ഹൗസ് ബോട്ടുടമകൾ ആരോപിച്ചു.
ജില്ലയിൽ 2014 ജനുവരി മുതൽ പുതിയ ഹൗസ് ബോട്ടുകൾക്ക് അനുമതി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. വേമ്പനാട്ടുകായലിന്റെ വാഹകശേഷിയേക്കാൾ ഹൗസ്ബോട്ടുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ടെന്നും ഇതു കായൽമലിനീകരണത്തിനു കാരണമാകുന്നു എന്നുമുള്ള സിഡബ്ല്യുആർഡിഎം പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
350 ഹൗസ് ബോട്ടുകൾ സർവീസ് നടത്താൻ മാത്രം വാഹകശേഷിയുള്ള വേമ്പനാട്ടുകായലിൽ അതിന്റെ ഇരട്ടി ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്.
ആലപ്പുഴയിലെ റജിസ്ട്രേഷൻ നിർത്തിവച്ചതോടെ ഹൗസ് ബോട്ടുകൾ മറ്റു ജില്ലകളിൽ റജിസ്റ്റർ ചെയ്ത് ആലപ്പുഴയിൽ സർവീസ് നടത്താൻ തുടങ്ങി. ചിലർ റജിസ്ട്രേഷൻ പോലും നടത്താതെയും സർവീസ് ആരംഭിച്ചു.
വേമ്പനാട്ടുകായലിൽ നൂറുകണക്കിനു അനധികൃത ബോട്ടുകൾ പെരുകി.
കണക്കെടുപ്പ് മാത്രമെന്ന് തുറമുഖ വകുപ്പ്
വേമ്പനാട്ടുകായലിൽ സർവീസ് നടത്തുന്ന വള്ളങ്ങളുടെ കണക്കെടുപ്പ് മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നാണു തുറമുഖ വകുപ്പിന്റെ വിശദീകരണം. അനധികൃതമായി സർവീസ് നടത്തുന്ന വള്ളങ്ങൾ ഉണ്ടോ എന്നറിയാനാണ് ഈ പരിശോധന.
അനധികൃത വള്ളങ്ങൾക്കു പിഴ ഈടാക്കി റജിസ്ട്രേഷൻ നൽകുന്നുണ്ട്. എന്നാൽ ആലപ്പുഴയിൽ പുതിയ വള്ളങ്ങൾക്കു റജിസ്ട്രേഷൻ നൽകാൻ നിയമതടസ്സം ഉള്ളതിനാൽ മറ്റു ജില്ലകളിലാണു റജിസ്ട്രേഷൻ
നിയന്ത്രിക്കാൻ ഉത്തരവ്, പിന്തുണയ്ക്കാൻ തീരുമാനം
∙അനധികൃത ബോട്ടുകൾക്കെതിരെ നടപടിയെടുക്കണമെന്നു 2021ൽ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.
പകരം ഇത്തരം ഹൗസ് ബോട്ടുകളെ ഒറ്റത്തവണ പിഴ ഈടാക്കി നിയമവിധേയമാക്കാൻ 2024 ജനുവരി 22നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. എന്നാൽ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി നൽകിയ ഹർജിയിൽ ഈ യോഗത്തിന്റെ തീരുമാനങ്ങൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
പക്ഷേ, ഈ യോഗത്തിലെ തീരുമാനങ്ങൾ തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും ഇപ്പോഴും നടപ്പാക്കുകയാണെന്നാണ് ആരോപണം. അനധികൃതമായ പ്രവർത്തിക്കുന്ന വള്ളങ്ങൾക്ക് ഫീസും പിഴയും ഈടാക്കി റജിസ്ട്രേഷൻ അനുവദിക്കാമെന്ന് 2024 ജൂലൈയിൽ തുറമുഖ വകുപ്പ് ഉത്തരവിറക്കി. എന്നാൽ ഹൗസ് ബോട്ടുടമകൾ ഹൈക്കോടതിയെ സമീപിച്ചതോടെ, ഈ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു.
ഇതിനെതിരെ കേരള മാരിടൈം ബോർഡ് നൽകിയ ഹർജി 2025 മാർച്ച് 27ന് ഹൈക്കോടതി തള്ളി. 2024 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ മരവിപ്പിച്ച ഉത്തരവ് നിലനിൽക്കുമെന്നും കോടതി ആവർത്തിച്ചു. പിന്നാലെ വേമ്പനാട്ടുകായലിലെ ജലയാനങ്ങളുടെ കണക്കെടുപ്പ് നടത്താനായി 9 സംഘങ്ങളെ ചുമതലപ്പെടുത്തി കേരള മാരിടൈം ബോർഡ് ജൂൺ 30ന് ഉത്തരവിറക്കി. ഇതും അനധികൃത വള്ളങ്ങൾക്ക് ലൈസൻസ് നൽകാനുള്ള നീക്കമാണെന്നാണ് ആരോപണം.
2024 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് മാരിടൈം ബോർഡിന്റെ ഉത്തരവിലുള്ളത്. എന്നാൽ ആ യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതു ഹൈക്കോടതി മരവിപ്പിച്ചതാണെന്നു ഹൗസ് ബോട്ടുടമകൾ ചൂണ്ടിക്കാട്ടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]