ആലപ്പുഴ ∙ നുകം വച്ച കാളയും പശുവും കിടാവുമായിരുന്നു കോൺഗ്രസിന്റെ ആദ്യകാല തിരഞ്ഞെടുപ്പ് ചിഹ്നം. ജനസംഘത്തിനു ദീപവും, സോഷ്യലിസ്റ്റ് പാർട്ടിക്ക് ആൽമരവും, ജനതാ പാർട്ടിക്ക് കലപ്പയേന്തിയ കർഷകനും. പുതുതലമുറയ്ക്ക് അന്യമായ ഇത്തരം ചിഹ്നങ്ങൾ കിടങ്ങാംപറമ്പ് സ്വദേശി കെ.ശിവകുമാർ ജഗ്ഗുവിന്റെ ശേഖരത്തിലുണ്ട്.
1996 മുതലുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ, പോസ്റ്ററുകൾ, സ്ഥാനാർഥികളുടെ വോട്ടഭ്യർഥന നോട്ടിസുകൾ, കാർഡുകൾ, കലണ്ടറുകൾ തുടങ്ങി ആയിരത്തിലധികം പ്രചാരണ പത്രികകളുടെ വിപുലശേഖരത്തിനുടമയാണു ശിവകുമാർ.
തിരഞ്ഞെടുപ്പുകാലത്ത് ചുവരുകളിൽ നിറയുന്ന പല തരത്തിലുള്ള ചിഹ്നങ്ങളോടുള്ള കൗതുകത്തെത്തുടർന്ന് മൂന്നാംക്ലാസ് മുതൽ ശിവകുമാർ ഇവയുടെ ശേഖരണം തുടങ്ങി. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തായിരുന്നു ശിവകുമാറിന്റെ കുട്ടിക്കാലം. പിതാവ് പരേതനായ കോലപ്പൻ ആചാരി കോൺഗ്രസ് സേവാദൾ പ്രവർത്തകനായിരുന്നതിനാൽ രാഷ്ട്രീയവും ചർച്ചകളും വീട്ടിലും സജീവമായിരുന്നു. 1990ൽ ശിവകുമാറും കുടുംബവും ആലപ്പുഴയിലേക്കു താമസം മാറി.
1995ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എ.കെ.ആന്റണി തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നു ജയിച്ചതിന്റെ വിവരങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിച്ചാണു വിവരശേഖരണത്തിന്റെ തുടക്കം.
നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടന്ന 1996ൽ ആലപ്പുഴയിൽ നിന്നും വി.എം.സുധീരൻ പാർലമെന്റിലേക്കും കെ.സി.വേണുഗോപാൽ നിയമസഭയിലേക്കും മത്സരിച്ചു ജയിച്ചതിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടിസുകളാണ് ആദ്യം ശേഖരിച്ചത്. വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പുകളുടെ വിവരങ്ങൾ അവിടെ നിന്നുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ശേഖരിക്കുന്നത്. കേരളത്തിലേതു മാത്രമല്ല, തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പുകളുടെ വിവരങ്ങളും ശേഖരിത്തിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന രാഷ്ട്രീയപാർട്ടികളുടെ പേര്, കൊടി, നേതാവ്, ചിഹ്നം എന്നിവ ചേർത്ത് ബ്യൂറോ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ് എന്ന ആൽബം ശിവകുമാർ തയാറാക്കിയിട്ടുണ്ട്.
ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയ്നിങ് കമ്മിഷണറും ബാലജനസഖ്യം ആലപ്പുഴ യൂണിയൻ രക്ഷാധികാരിയുമാണ് ശിവകുമാർ ജഗ്ഗു. ദർശനയാണ് ഭാര്യ.
മകൾ പദ്മശ്രീ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

