ആലപ്പുഴ ∙ ഒരേ താളത്തിൽ ചുവടുവച്ച ചെമ്പട കടപ്പുറത്ത് സംഗമിച്ചപ്പോൾ തീരത്തു ചെങ്കടലിരമ്പി; ആവേശം തിരയടിച്ചു.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളന വേദിയിൽ കണ്ണെത്താ ദൂരത്തോളം നിരന്ന ചുവപ്പു വൊളന്റിയർമാർ കടപ്പുറത്തെ അക്ഷരാർഥത്തിൽ ചുവപ്പിച്ചു. കണ്ണെത്താ ദൂരത്തോളം ചുവപ്പുതൊപ്പികളുടെ നിര.
ചുറ്റും ചെങ്കൊടിയേന്തിയ പ്രവർത്തകർ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വേദിയിൽ നിന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചപ്പോൾ പ്രവർത്തകരുടെ ആവേശം തിരതള്ളി.
ജനറൽ സെക്രട്ടറി ഡി.രാജ പ്രസംഗത്തിനൊടുവിൽ വയലാറിന്റെ ‘മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല’ എന്ന ഗാനം പാടിയപ്പോൾ സദസ്സിൽ വിപ്ലവവീര്യം തുടിച്ചു.
സമാപന സമ്മേളനത്തിന്റെ ഭാഗമായി പ്രകടനത്തിനു പകരം വൊളന്റിയർ മാർച്ച് മാത്രം മതിയെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. ചുവപ്പുവൊളന്റിയർമാർക്കൊപ്പം ചെങ്കൊടിയേന്തിയ പ്രവർത്തകരും നിറഞ്ഞതോടെ നഗരവീഥികൾ ചുവന്നു.
വൈകിട്ടു 4ന് നാൽപാലം ജംക്ഷനിൽ നിന്നാരംഭിച്ച വൊളന്റിയർ മാർച്ച് സമാപനസമ്മേളന വേദിയിലെത്തിയത് 5.20ന്. മാർച്ചിന്റെ അവസാന നിര സമ്മേളന വേദിയിലെത്താൻ പിന്നെയും മണിക്കൂറുകളെടുത്തു.
സമാപന സമ്മേളനത്തിനു തുടക്കം കുറിച്ചു ജനറൽ സെക്രട്ടറി ഡി.രാജ വൊളന്റിയർമാരുടെ റെഡ് സല്യൂട്ട് സ്വീകരിക്കുമ്പോഴും 3 ജില്ലകളിലെ വൊളന്റിയർമാർ നാൽപ്പാലത്തു നിന്നു മാർച്ച് ചെയ്തു തുടങ്ങിയിരുന്നില്ല.
വൊളന്റിയർ ക്യാപ്റ്റൻ ആർ.രമേഷ് ദേശീയ നിർവാഹക സമിതി അംഗം പി.സന്തോഷ്കുമാറിന് ചെങ്കൊടി കൈമാറി. അരിവാൾ ചുറ്റിക പതിച്ച ചെങ്കൊടി കേരളത്തിൽ ആദ്യമായി ഉയർന്നത് ആലപ്പുഴയിലാണെന്നു മന്ത്രി പി.പ്രസാദ് സദസ്സിനെ ഓർമിപ്പിച്ചു.
പാർട്ടിയെ അടിമുടി ശക്തിപ്പെടുത്താനാണു സമ്മേളനത്തിന്റെ തീരുമാനമെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
‘‘ഇടതുപക്ഷമാണ് ഇന്ത്യയുടെ ഭാവി. ഇടതുപക്ഷത്തിന്റെ ദൗർബല്യം നാടിന്റെ ദൗർബല്യമാണ്.
എൽഡിഎഫിനെ ശക്തിപ്പെടുത്താൻ സിപിഐ ശ്രമിക്കും. ഒപ്പം സിപിഐയും ശക്തിപ്പെടണം.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മർമം തിരിച്ചറിഞ്ഞിട്ടില്ല. ഇടതുപക്ഷത്തെയാണ് അവർ പ്രധാന ശത്രുവായി കാണുന്നത്.
പാർട്ടിയിൽ ശൈഥില്യമുണ്ടാകുമെന്നു വ്യാമോഹിച്ചവർക്ക് ആലപ്പുഴ മറുപടി നൽകിയെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.നാരായണ, രാമകൃഷ്ണ പാണ്ഡേ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കെ.പ്രകാശ് ബാബു, കെ.പി.രാജേന്ദ്രൻ, പി.സന്തോഷ്കുമാർ, മന്ത്രി പി.പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ്.സോളമൻ എന്നിവർ പ്രസംഗിച്ചു.
പ്രായപരിധി പിന്നിട്ടവർക്ക് പേരെടുത്ത് പറഞ്ഞ് സ്വാഗതം
ആലപ്പുഴ ∙ പ്രായപരിധിയുടെ പേരിൽ പദവികളിൽ നിന്നൊഴിവായ മുതിർന്ന നേതാക്കളെ സമാപന സമ്മേളന വേദിയിൽ പേരെടുത്തു പറഞ്ഞു സ്വാഗതം ചെയ്തു. പദവികൾ ഒഴിഞ്ഞ പന്ന്യൻ രവീന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, കെ.ആർ.ചന്ദ്രമോഹൻ, വി.ചാമുണ്ണി എന്നിവരെയാണു സ്വാഗത പ്രസംഗകനായ മന്ത്രി പ്രസാദ് പ്രത്യേകം സ്വാഗതം ചെയ്തത്.
സദസ്സിൽ ഇരിപ്പുറപ്പിച്ച പന്ന്യൻ രവീന്ദ്രനെ നേതാക്കളുടെ നിർദേശ പ്രകാരം എഐവൈഎഫ് ദേശീയ സെക്രട്ടറി ടി.ടി.ജിസ്മോൻ ഇറങ്ങിവന്നു വേദിയിലേക്ക് ആനയിച്ചു.
എൽഡിഎഫിന്റെ വിജയം രാജ്യത്തെ ഇടതുപക്ഷത്തിന് ഊർജം നൽകും: ഡി.രാജ; സിപിഐ എപ്പോഴും വാഴ്ത്തുപാട്ട് പാടില്ലെന്നും വിമർശിക്കേണ്ടതു കണ്ടാൽ വിമർശിക്കുമെന്നും ബിനോയ് വിശ്വം
ആലപ്പുഴ ∙ കേരളത്തിൽ എൽഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് സിപിഐയുടെ ഉത്തരവാദിത്തമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വിജയിക്കണം. കേരളത്തിലെ എൽഡിഎഫിന്റെ വിജയം മറ്റു സംസ്ഥാനങ്ങളിലെ ഇടതുപക്ഷ പ്രവർത്തകർക്കു ഊർജം നൽകും.
കമ്യൂണിസ്റ്റുകാരുടെ ദേശസ്നേഹത്തെ ആരും ചോദ്യം ചെയ്യേണ്ട. സ്വാതന്ത്ര്യസമരത്തിന്റെ മുന്നിൽ നിന്നവരാണു കമ്യൂണിസ്റ്റുകാർ.’’ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ആർഎസ്എസ് ഒന്നും ചെയ്തിട്ടില്ലെന്നും ഡി.രാജ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷനായി. സിപിഐ എപ്പോഴും വാഴ്ത്തുപാട്ടു പാടില്ലെന്നും വിമർശിക്കേണ്ടതു കണ്ടാൽ വിമർശിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘‘എന്നാൽ ആ വിമർശനം ശത്രുക്കൾക്കു വേണ്ടിയല്ല; ഇടതുപക്ഷ ഐക്യത്തിനു വേണ്ടിയാണ്. അധികാരക്കസേര വലിച്ചെറിഞ്ഞ് ഇടതുപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങിയ പാർട്ടിയാണ് സിപിഐ.
പുതിയ ഉത്തരവാദിത്തത്തിന്റെ ഭാരം കൊണ്ട് എന്റെ തലകുനിയുന്നു. എന്നാൽ സിപിഐ ആരുടെയും മുൻപിൽ തലകുനിക്കില്ല.
ആരുടെയെങ്കിലും മുൻപിൽ തലകുനിക്കുന്നുണ്ടെങ്കിൽ അതു ജനങ്ങളുടെ മുൻപിൽ മാത്രമാണ്. എൽഡിഎഫിന് മൂന്നാമൂഴം ലഭിക്കും’’.
സിപിഐയിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും എന്നാൽ വിഭാഗീയത പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പാർട്ടി ഒപ്പം നിന്നു; ജോലി എളുപ്പമായി’; സമ്മേളനത്തിന്റെ സംഘാടനച്ചുമതല വഹിച്ചത് പി.പ്രസാദും ടി.ജെ.ആഞ്ചലോസും
ആലപ്പുഴ ∙ പാർട്ടി അപ്പാടെ ഒപ്പം നിന്നു; ഞങ്ങൾക്കു ജോലി എളുപ്പമായി– സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടന ചുമതലക്കാരായ മന്ത്രി പി.പ്രസാദും (സ്വാഗതസംഘം ചെയർമാൻ) എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും (ജനറൽ കൺവീനർ) പറയുന്നു. ഓരോ കാര്യത്തിലും ജില്ലയിലെ പ്രവർത്തകരുടെ പരിപൂർണ പിന്തുണയുണ്ടായിരുന്നു.
ജില്ലാ നേതൃത്വവും വിവിധ ഘടകങ്ങളും പ്രവർത്തകരും അനുഭാവികളും സമ്മേളനത്തെ ഏറ്റെടുത്തു. എല്ലാവരും സത്യസന്ധമായി, ആർജവത്തോടെ ഒപ്പം നിന്നു.
അതിന്റെ വിജയമാണിത്– മന്ത്രി പി.പ്രസാദ് പറയുന്നു. 43 വർഷത്തിനു ശേഷം ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ ചെലവിൽ വലിയൊരു ഭാഗം പാർട്ടി അംഗങ്ങളുടെ കുടുംബങ്ങളിൽ വച്ച കുടുംബ ഹുണ്ടിക വഴി ശേഖരിച്ചതാണ്.
ഒട്ടേറെ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. ഓണനാളുകളിൽ പൊതുജനങ്ങൾക്കു വേണ്ടി വേദി തുറന്നിട്ടതും നാട്ടുകാർ അത് ആഘോഷമാക്കിയതും ഹൃദയം നിറയ്ക്കുന്ന അനുഭവമായിരുന്നു – ടി.ജെ.ആഞ്ചലോസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]