
മാവേലിക്കര ∙ നഗരസഭാ ബജറ്റിൽ നവീകരണത്തിനു പണം വകയിരുത്തുന്നുണ്ടെങ്കിലും കണ്ടിയൂർ കാളച്ചന്തയിലെ വാതക ശ്മശാനം പ്രവർത്തന സജ്ജമായിട്ടില്ല. നഗരസഭ പരിധിയിലെ ഭൂരഹിതർ ബന്ധുക്കളുടെ സംസ്കാരത്തിനു സ്ഥലമില്ലാതെ നെട്ടോട്ടമോടുമ്പോഴാണു നഗരസഭ ലക്ഷങ്ങൾ മുടക്കി നിർമിച്ച വാതക ശ്മശാനം ഉപയോഗിക്കാൻ സാധിക്കാതെ തുരുമ്പെടുക്കുന്നത്.ഇത്തവണത്തെ നഗരസഭാ ബജറ്റിൽ ശ്മശാനം പ്രവർത്തന ക്ഷമമാക്കാൻ 20 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്.
നിലവിലെ കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ശ്മശാന നവീകരണം വൈകുമെന്നാണു സൂചന. 2005ൽ അന്നത്തെ എംഎൽഎ എം.മുരളിയുടെ പ്രാദേശിക വികസന ഫണ്ടും നഗരസഭയുടെ പദ്ധതി വിഹിതവും ചേർത്താണ് വാതക ശ്മശാനം നിർമാണം ആരംഭിച്ചത്.
14 ലക്ഷമായിരുന്നു അടങ്കൽത്തുക.
2008ൽ നിർമാണം പൂർത്തീകരിച്ച് ശ്മശാനം തുറന്നു. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്ന മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചെങ്കിലും ഇടയ്ക്ക് വൈദ്യുതി മുടങ്ങുന്നതു ശ്മശാനത്തിന്റെ സുഗമമായ പ്രവർത്തനത്തിനു തടസ്സമായി.
ഇതുമൂലം അടച്ചിട്ട ശ്മശാനം പിന്നീട് നഗരസഭ ജനറേറ്റർ സ്ഥാപിച്ച ശേഷമാണ് വീണ്ടും തുറന്നത്.
പുകക്കുഴൽ ശരിയായി പ്രവർത്തിക്കാത്തതു കാരണം ചൂള സ്ഥാപിച്ചിരിക്കുന്ന മുറിക്കുള്ളിൽ പുക നിറയുന്നു എന്നതായിരുന്നു അടുത്ത പ്രശ്നം. ഇതു പരിഹരിക്കാൻ കഴിഞ്ഞ നഗരസഭാ കൗൺസിൽ 7 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
നിവേദനവുമായി ‘കോറം’
മാവേലിക്കര നഗരസഭയുടെ പൊതുശ്മശാനം പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ മാവേലിക്കര (കോറം) നഗരസഭ അധ്യക്ഷൻ നൈനാൻ സി.കുറ്റിശേരിക്കു നിവേദനം നൽകി.
രണ്ടും മൂന്നും സെന്റ് വസ്തു ഉള്ളവരും സ്വന്തമായി സ്ഥലം ഇല്ലാത്തവരും മരിക്കുമ്പോൾ മൃതദേഹം മറവു ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹചര്യം കൗൺസിൽ ഗൗരവമായി കാണണം. വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നു കോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, സെക്രട്ടറി ശശികുമാർ മാവേലിക്കര, ട്രഷറർ വി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണു നിവേദനം നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]