
കേരളത്തിന്റെ തീരദേശത്ത് രണ്ടാം റെയിൽ പാത: അരൂർ – കുമ്പളം പാലത്തിന്റെ 30 പൈലുകൾ പൂർത്തിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ തീരദേശ റെയിൽപാതയിൽ എറണാകുളം മുതൽ തുറവൂർ വരെയുള്ള ഭാഗത്തു രണ്ടാംപാത നിർമാണത്തിന്റെ 10 ശതമാനത്തോളം പണികൾ പൂർത്തിയായി. അരൂർ– കുമ്പളം ഭാഗത്ത് ഒരു കിലോമീറ്ററോളം നീളമുള്ള പാലം ഉൾപ്പെടെയാണു രണ്ടാംപാതയ്ക്കായി നിർമിക്കുന്നത്. പാലത്തിന്റെ പൈലിങ് ജോലികളും മറ്റിടങ്ങളിൽ പാതയ്ക്കായി മണ്ണിട്ട് ഉയർത്തുന്ന പണികളുമാണു പുരോഗമിക്കുന്നത്. 2027 പകുതിയോടെ പണികൾ പൂർത്തിയാക്കാനാണു റെയിൽവേയുടെ ശ്രമം. അരൂർ– കുമ്പളം പാലത്തിൽ 186 പൈലുകളാണുണ്ടാവുക. ഇതിൽ 30 എണ്ണം പൂർത്തിയായി. മൂന്നു തൂണുകളും പൂർത്തിയായി.
ആറു പൈലുകൾക്കു മുകളിലാണ് ഒരു തൂൺ നിർമിക്കുന്നത്. 30 മീറ്റർ വീതം നീളമുള്ള 27 സ്പാനുകളാണു പാലത്തിനായി നിർമിക്കുക. ദേശീയ ജലപാതയ്ക്കു കുറുകെയുള്ള ഭാഗത്ത് 60 മീറ്റർ നീളമുള്ള സ്പാനുകളാണു നിർമിക്കുന്നത്. ഇവിടെ 9 പൈലുകൾക്കു മുകളിലാണു തൂണ് നിർമിക്കുന്നത്.നിർമാണ പുരോഗതിയിൽ എറണാകുളം– കുമ്പളം ഭാഗമാണു മുന്നിൽ. ഇവിടെ ഭൂമിയേറ്റെടുക്കൽ നേരത്തെ പൂർത്തിയായതിനാൽ പണികൾ ആരംഭിച്ചിരുന്നു. കുമ്പളം– തുറവൂർ ഭാഗത്തെ സ്ഥലത്തിൽ ഭൂരിഭാഗവും ഏറ്റെടുത്തു നൽകിയിട്ടുണ്ട്. ഇതോടെ ഇവിടെയും മണ്ണിട്ട് നിരപ്പാക്കൽ ആരംഭിച്ചു.
ജില്ലയിൽ മഴ താരതമ്യേന കുറവാണെങ്കിലും മണ്ണെടുക്കുന്ന സ്ഥലങ്ങളിൽ മഴ പെയ്യുന്നതു മണ്ണ് ലഭ്യതയെ ബാധിക്കുന്നുണ്ട്. മഴയ്ക്കു മുൻപേ പരമാവധി പണികൾ തീർക്കാനാണു ശ്രമം. കനത്ത മഴയത്ത് ഒഴികെ കോൺക്രീറ്റിങ് ജോലികൾ തടസ്സമില്ലാതെ നടന്നേക്കും. എറണാകുളം മുതൽ തുറവൂർ റെയിൽവേ സ്റ്റേഷനു സമീപത്തു വരെ നിലവിലെ പാതയ്ക്കു പടിഞ്ഞാറു വശത്തായാണു പുതിയ പാത നിർമിക്കുന്നത്. തുറവൂർ സ്റ്റേഷനിൽ കിഴക്കു ഭാഗത്തു കൂടിയാണു പാത കടന്നുപോകുക. തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തു രണ്ടാംപാത നിർമാണത്തിന് അനുമതിയായിട്ടില്ല.