
‘ജൈവ അതിരുകൾ നിർമിക്കണം; കുട്ടനാട്ടിൽ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ജൈവ അതിരുകൾ നിർമിക്കുക, ജലസസ്യങ്ങളുടെ വളർച്ച നിയന്ത്രിക്കുക, കുട്ടനാട് മേഖലയിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുക തുടങ്ങിയ ശുപാർശകളുമായി വേമ്പനാട്ടു കായൽ പുനരുജ്ജീവന പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കലക്ടർ അലക്സ് വർഗീസ് കൈമാറി. വംശനാശഭീഷണി നേരിടുന്ന കര,ജല ജീവികളെ സംരക്ഷിക്കുക, വടയാർ ഡൈവേർഷൻ പദ്ധതിയിലൂടെ ശൂദ്ധജലം കായലിലേക്ക് എത്തിച്ചു ജലമലിനീകരണവും ജലലവണാംശവും നിയന്ത്രിക്കുക, വേമ്പനാട് തണ്ണീർത്തടം ഇന്റർപ്രെട്ടേഷൻ സെന്റർ സ്ഥാപിക്കുക, മഴവെള്ളം, വേലിയേറ്റം എന്നിവ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽനിന്നു സംരക്ഷണം നൽകുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്.
കുട്ടനാട്ടിലെ കൃഷിരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഘട്ടംഘട്ടമായി ജൈവകൃഷിയിലേക്കു മടങ്ങുക, കൃഷി കലണ്ടർ തയാറാക്കുക, നെല്ല്, മത്സ്യം, താറാവ്, പച്ചക്കറി എന്നിവയുടെ സംയോജിതകൃഷി നടപ്പാക്കുക, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന നൂതന കൃഷിരീതി അവലംബിക്കുക തുടങ്ങിയവയാണ് കൃഷി സംബന്ധിച്ച നിർദേശങ്ങൾ. വേമ്പനാട്ടു കായൽ പുനരുജ്ജീവന പദ്ധതിയിൽ ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്നു നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടും കായൽ സംരക്ഷണത്തിനു വിദഗ്ധ സമിതികൾ നൽകിയ ശുപാർശകളും ഉൾപ്പെട്ടതാണ് റിപ്പോർട്ട്.
സന്നദ്ധ സേനകളുടെ സഹകരണത്തോടെ 3 ഘട്ടമായി ജില്ലയിൽ നടത്തിയ യജ്ഞത്തിലൂടെ 28.72 ടൺ പ്ലാസ്റ്റിക് മാലിന്യം കായലിൽനിന്നു നീക്കിയിരുന്നു. സംസ്ഥാനത്തെ പരിസ്ഥിതി വീണ്ടെടുക്കൽ രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പായ നിരീക്ഷണങ്ങളും ശുപാർശകളും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നടപ്പാക്കണമെന്നു റിപ്പോർട്ടിൽ അഭ്യർഥിച്ചു.
കാലാവസ്ഥ മാറ്റം കായലിലും
രാജ്യത്തെ ഏറ്റവും വലിയ റംസർ സൈറ്റുകളിലൊന്നായ വേമ്പനാട്ടു കായലിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ പ്രകടമാകുന്നെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ 1.2–1.4 മീറ്റർ വരെ ഉയരത്തിലാണു വേലിയേറ്റ സമയത്തു കായലിൽ ജലനിരപ്പ് ഉയർന്നിരുന്നത്. ഇത്തവണ വൃശ്ചിക വേലിയേറ്റത്തിൽ 1.95 മീറ്റർ വരെ ഉയർന്നു. ഇതുകാരണം കായൽത്തീരത്തെ നൂറിലേറെ വീടുകൾ ഒരു മാസത്തോളം വെള്ളക്കെട്ടിലായിരുന്നു.