മങ്കൊമ്പ് ∙ വിഷ്ണുവിനും അമ്മുവിനും തലചായ്ക്കാനൊരിടം ഒരുങ്ങുന്നു. നാടോടി ജീവിതം നയിക്കുന്ന കുടുംബത്തിനു വീടു നിർമിച്ചു നൽകാൻ അമേരിക്കൻ വനിതാ കൂട്ടായ്മയായ ‘പുണ്യം’ എന്ന സംഘടനയാണു തയാറായി മുന്നോട്ടു വന്നത്.
ഇനി വീടു നിർമിക്കാനുള്ള 2 സെന്റ് സ്ഥലം കണ്ടെത്തണം.മീൻ വിൽപന നടത്തിയിരുന്ന കർണാടക സ്വദേശികളായ സഹോദരങ്ങളുടെ മലയാള മനോരമ നൽകിയ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു പുണ്യം സംഘടന മുന്നോട്ടു വന്നത്.ഇപ്പോൾ നാട്ടിലുള്ള പുണ്യത്തിന്റെ കോഓർഡിനേറ്ററായ രാജി മേനോൻ കുടുംബത്തെ നേരിൽ കണ്ടാണു സഹായം ഉറപ്പു നൽകിയത്. വിഷ്ണു, അമ്മു, അമ്മ അംബിക, ഇളയ സഹോദരൻ ശിവ എന്നിവരെ കൂടാതെ കണ്ടങ്കരി ദേവി വിലാസം എച്ച്എസ് സ്കൂളിലെ അധ്യാപികയായ ആർ.രാധികയും കൂടിക്കാഴ്ചയുടെ ഭാഗമായി.
മറാഠ, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകൾ നന്നായി സംസാരിക്കാൻ അറിയാവുന്ന കുട്ടികൾക്ക് ഈ അധ്യയന വർഷത്തിലാണു സ്കൂളിൽ ചേർന്നു പഠിക്കാൻ സാധിച്ചത്.കുട്ടവഞ്ചിയിൽ മീൻ പിടിച്ച് ഉപജീവനം നയിക്കുന്ന കുടുംബത്തിലെ അംഗങ്ങൾക്കു 14–ാം വയസ്സിൽ സ്കൂൾ പഠനം യാഥാർഥ്യമാക്കിയതു കണ്ടങ്കരി സ്വദേശി മുകേഷും അധ്യാപിക രാധികയുടെയും ശ്രമഫലമാണ്. കർണാടകയിൽ നിന്നു ലഭിച്ച ആധാറിന്റെ അടിസ്ഥാനത്തിൽ 7–ാം ക്ലാസിൽ പ്രവേശനം നേടിയ ഇരുവർക്കും ഇപ്പോൾ മലയാളം, ഇംഗ്ലിഷ് ഭാഷകൾ എഴുതാനും വായിക്കാനും അറിയാം.
കുടുംബത്തിനു വീടു നിർമിക്കാനുള്ള 2 സെന്റ് സ്ഥലം സ്വന്തമാക്കാൻ ഇനി സുമനസ്സുകളുടെ കൈത്താങ്ങ് കൂടി വേണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

