ആലപ്പുഴ ∙ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ മൂന്നു പദ്ധതികളാക്കി വിഭജിച്ച് നടത്തിപ്പ് വേഗത്തിലാക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയതായി കെ.സി.വേണുഗോപാൽ എംപി. മൊത്തം പദ്ധതിച്ചെലവ് 1726 കോടി രൂപയായി നിശ്ചയിച്ചിരുന്ന എസ്റ്റിമേറ്റ് തുക ഇതോടെ മൂന്നായി വിഭജിക്കും.
ഇതനുസരിച്ച് അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള 14 കിലോമീറ്റർ പാത ഇരട്ടിപ്പിക്കുന്നത് ആദ്യഘട്ടമായി ഏറ്റെടുക്കും. ഈ മേഖലയിലെ എസ്റ്റിമേറ്റ് വിശദ പരിശോധന നടത്തിവരികയാണ്.
ഇതോടെ കഴിഞ്ഞ പത്തു വർഷമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമാകുമെന്നും എംപി ചൂണ്ടിക്കാട്ടി.
ജനുവരിയോടെ ഡിപിആർ പൂർത്തിയാക്കും. തുടർന്ന് ബോർഡിന്റെ അംഗീകാരം വാങ്ങി തുടർ നടപടികളിലേക്കു കടക്കുമെന്നും തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ദിവ്യകാന്ദ് ചന്ദ്രാകർ സന്ദർശനത്തിനു ശേഷം നടന്ന അവലോകന യോഗത്തിൽ എംപിയെ അറിയിച്ചു.
ഇതോടെ തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ഇരട്ടപ്പാത പൂർത്തിയാകും. ദീർഘദൂര ട്രെയിനുകൾക്ക് ഉൾപ്പെടെ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതിനും ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനും ഇതു സഹായകരമാകുമെന്നും എംപി പറഞ്ഞു.
കരുനാഗപ്പള്ളി മുതൽ തുറവൂർ വരെയുള്ള ലോക്സഭാ മണ്ഡലത്തിലെ ഏഴു പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എംപി സന്ദർശനം നടത്തിയതിന്റെ ഭാഗമായാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ അവലോകന യോഗം ചേർന്നത്.
നിർമാണം ഇഴയുന്നതിൽ അതൃപ്തി
റെയിൽവേ സ്റ്റേഷനുകൾക്കായി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും മെല്ലെയാണ് പുരോഗമിക്കുന്നതെന്നു സന്ദർശനത്തിനു ശേഷം കെ.സി മാധ്യമങ്ങളോടു പറഞ്ഞു. ആലപ്പുഴ സ്റ്റേഷനിലും നിർമാണം മന്ദഗതിയിലാണ്.
കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയെ നേരിൽ കണ്ടു സംസാരിച്ചു. സ്റ്റോപ് അനുവദിക്കുന്ന കാര്യത്തിൽ പലയിടത്തു നിന്നും ആവശ്യങ്ങളുയരുന്നുണ്ട്. ഇതെല്ലാം കൂട്ടായി ചർച്ചചെയ്യും.
വിഷയത്തിൽ കൃത്യമായ തുടർ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ആറുമാസം സമയം നീട്ടി നൽകിയിട്ടും ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ നീളുന്നതിൽ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]