
കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ ആർച്ചിന്റെ രണ്ടാംഘട്ട കോൺക്രീറ്റിങ് പൂർത്തിയായി.
ശനിയാഴ്ച ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചാണു കോൺക്രീറ്റിങ് നടത്തിയത്. ശനി വൈകിട്ട് 4 മണിയോടെ കോൺക്രീറ്റിങ് പൂർത്തിയായെങ്കിലും വേണ്ടത്ര ഉറപ്പു ലഭിക്കുന്നതിനായി ഗതാഗത നിയന്ത്രണം ഇന്നലെ രാവിലെ 6 വരെ തുടർന്നു.72 മീറ്റർ നീളമുള്ള ആർച്ചിന്റെ കോൺക്രീറ്റിങ് 3 ഘട്ടമായിട്ടാണു നടത്തുന്നത്.
ആദ്യഘട്ടം കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. മൂന്നാം ഘട്ടം സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താനാണു ലക്ഷ്യമിടുന്നത്.
യാത്രക്കാർക്കു കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണു അവധി ദിവസം തിരഞ്ഞെടുത്തു കോൺക്രീറ്റിങ് നടത്തുന്നത്.പാലത്തിന്റെ നിർമാണം 65% പൂർത്തിയായി.
പുതിയ പാലത്തിന്റെ ആർച്ചിന്റെയും പഴയ പാലത്തിന്റെ ഇരുവശങ്ങളിലെ അപ്രോച്ചിന്റെയും ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. പഴയ പാലത്തിന്റെ പടിഞ്ഞാറേ കരയിൽ 4 സ്പാനുകളും കിഴക്കേ കരയിൽ ഒരു സ്പാനും നിർമിച്ചാണ് അപ്രോച്ച് തയാറാക്കുന്നത്.
ദേശിയ ജലപാത ചട്ടത്തിൽ കുടുങ്ങിയതോടെയാണു പാലത്തിന്റെ നിർമാണം വൈകിയത്.
ഇതിനോടൊപ്പം നിർമാണം ആരംഭിച്ച കിടങ്ങറ, നെടുമുടി പാലത്തിന്റെ നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കു മുൻപേ ഗതാഗതം നടത്തിയിരുന്നു. ദേശിയ ജലപാത ചട്ടപ്രകാരം നിർമിച്ചതിനാൽ നിലവിലുള്ള പാലത്തിലും ഉയരത്തിലാണു പുതിയ പാലം നിർമിക്കുന്നത്. അതിനാൽ വൺവേ സംവിധാനത്തിലൂടെയാണ് ഇവിടെ വാഹനങ്ങൾ കടത്തി വിടുക. ഡിസംബറിൽ നിർമാണം പൂർത്തിയാക്കാണു ലക്ഷ്യമിടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]