
ബന്ധുക്കൾക്കു പോലും സംശയം തോന്നിയില്ല, പക്ഷേ പൊലീസിന് ലഭിച്ച രഹസ്യവിവരം തുമ്പായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല∙ സ്ത്രീയെ പുലർച്ചെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം വീട്ടുവഴക്കിനിടെ നടത്തിയ കൊലപാതകമാണെന്നു തെളിഞ്ഞു. കടക്കരപ്പളളി ‘ഹരിതശ്രീ’യിൽ സുമി (58) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ഹരിദാസ് പണിക്കർ (68) പട്ടണക്കാട് പൊലീസിന്റെ പിടിയിലായി. ഭാര്യയെ തുണി ഉപയോഗിച്ചു കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതാണെന്നു വിമുക്തഭടനായ ഭർത്താവ് ചോദ്യം ചെയ്യലിൽ പൊലീസിനു മൊഴി നൽകി. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്കു ശേഷമാണ് സുമി വീടിനുള്ളിൽ അനക്കമില്ലാതെ കിടക്കുന്നതായി ഹരിദാസ് അയൽവീട്ടിലെത്തി പറഞ്ഞത്.
ഇവരെത്തിയപ്പോൾ മൂക്കിൽ നിന്ന് രക്തം വാർന്ന നിലയിൽ സുമി വീടിനുള്ളിലെ സെറ്റിയിൽ കണ്ടത്. അയൽവാസികൾ ആവശ്യപ്പെട്ടിട്ടും സുമിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഹരിദാസ് തയാറായില്ല. ഭാര്യ മരിച്ചുവെന്ന് ബന്ധുക്കളെയും മറ്റും വിളിച്ചറിയിച്ചതും ഇയാൾ തന്നെയാണ്. വീട്ടിലെത്തിയ ബന്ധുക്കൾക്കും മരണത്തിൽ ദുരൂഹത തോന്നിയില്ല. വൈകിട്ട് 4ന് സംസ്കാരം നടത്താൻ തീരുമാനിച്ചെങ്കിലും മരണത്തിൽ സംശയമുണ്ടെന്നു പട്ടണക്കാട് പൊലീസിൽ രഹസ്യവിവരം ലഭിച്ചു.
ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സംശയം ബലപ്പെട്ടു. പൊലീസിന്റെ നിർദേശപ്രകാരം ഉച്ചയോടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിക്കാൻ വിട്ടു നൽകി. മൃതദേഹത്തിൽ ബലപ്രയോഗം നടന്നതിന്റെയും കഴുത്തിൽ തുണി മുറുക്കിയതിന്റെയും പാടുകളുണ്ടെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംഭവം കൊലപാതകമാണെന്ന സൂചന നൽകി.
ബുധനാഴ്ച രാത്രി ഏഴിന് സുമിയുടെ സംസ്കാരത്തിനു പിന്നാലെ ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. തുണി കൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകിയതോടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും പുനർവിവാഹമാണ്. നാവികസേനയിൽ നിന്നു വിരമിച്ച ഹരിദാസും സുമിയും അഞ്ചു വർഷം മുൻപാണ് കടക്കരപ്പളളിയിൽ വീടും സ്ഥലവും വാങ്ങി താമസം തുടങ്ങിയത്. മുൻപ് എരമല്ലൂരിലായിരുന്നു താമസം. പട്ടണക്കാട് പൊലീസ് ഇൻസ്പെക്ടർ കെ.എസ്. ജയൻ, എസ്ഐ ജി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.