പുത്തൂർ ∙ കൊല്ലത്ത് 2012ൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനം. പീരങ്കിമൈതാനമായിരുന്നു സമ്മേളന വേദി.
നഗരത്തെ ചെമ്പട്ട് ഉടുപ്പിച്ച് ആശ്രമം മൈതാനത്തു നിന്ന് പീരങ്കി മൈതാനത്തിലേക്കു റെഡ് വൊളന്റിയർ മാർച്ച്. കാൽ ലക്ഷത്തോളം ജനസേവാദൾ പ്രവർത്തകരാണു പങ്കെടുത്തത്.
യുവത്വത്തിന്റെ ആ പങ്കാളിത്തം കണ്ട സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പൻ പ്രഖ്യാപിച്ചു: പാർട്ടി സേനയെ നാടിന് ഉപകാരപ്പെടുന്ന തരത്തിൽ പരിശീലിപ്പിച്ചെടുക്കാൻ ഒരു പാർട്ടി സ്കൂൾ കൊല്ലത്ത് തുടങ്ങും.
സംസ്ഥാന സമ്മേളനത്തിൽ മിച്ചം വന്ന 20 ലക്ഷം രൂപ ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തു.
ആ പ്രഖ്യാപനമാണ് കൊല്ലത്ത് ‘മോസ്കോ’ എന്ന് അപരനാമമുള്ള താഴത്തുകുളക്കടയിൽ 4 നിലയിൽ തല ഉയർത്തി നിൽക്കുന്ന സി.കെ.ചന്ദ്രപ്പൻ സ്മാരക പാർട്ടി പഠന, പരിശീലന, ഗവേഷണ കേന്ദ്രം. സംസ്ഥാനത്ത് സിപിഐയുടെ ഏക പാർട്ടി സ്കൂൾ.ആന്ധ്രയിലെ സി.ആർ.ഫൗണ്ടേഷന്റ മാതൃകയിൽ ഒരു കേന്ദ്രമായിരുന്നു ചന്ദ്രപ്പന്റെ മനസ്സിൽ.
പക്ഷേ, വസ്തു വാങ്ങുന്നതിനു മുൻപേ അദ്ദേഹം ഓർമയായി. പിന്നീട് സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനാണ് സി.കെ.ചന്ദ്രപ്പൻ സ്മാരകമായിത്തന്നെ അതു നിർമിക്കാൻ മുന്നിട്ടിറങ്ങിയത്.
കല്ലടയാറിന്റെ തീരത്ത് രണ്ടര ഏക്കർ സ്ഥലം ന്യായവിലയ്ക്കു കിട്ടി.
2016 മാർച്ച് 22ന് പാർട്ടി ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഢി മന്ദിരത്തിനു തറക്കല്ലിട്ടു. 2022 സെപ്റ്റംബർ 23ന് കാനം ഉദ്ഘാടനം നിർവഹിച്ചു.
അന്നു ഹർത്താൽ ദിനമായിട്ടും പാർട്ടി പ്രവർത്തകർ ചടങ്ങിലേക്കു പ്രവഹിച്ചു. തന്റെ വിശ്രമജീവിതം ഇവിടെയായിരിക്കും എന്നു കാനം പറഞ്ഞു.
പക്ഷേ, അതിനു മുൻപേ അദ്ദേഹവും വിടവാങ്ങി.ദുരന്തമുഖങ്ങളിൽ തുണയാകുന്ന തരത്തിൽ പരിശീലനം, രാഷ്ട്രീയ പഠനകേന്ദ്രം, പാർട്ടി സ്കൂൾ തുടങ്ങി നീന്തൽ വരെ നീളുന്ന പരിശീലന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്ന പാർട്ടി അംഗങ്ങൾക്കുള്ള അഭയകേന്ദ്രം കൂടിയാണിത്. ജൈവ പാർക്കും നീന്തൽക്കുളവും ഹെൽത്ത് ക്ലബ്ബും രൂപരേഖയിലുണ്ട്. പൂർത്തിയായിട്ടില്ല.
15 കോടി രൂപ ഇതിനകം ചെലവായി. ഭാവിയിലെ ആവശ്യാനുസരണം കൂടുതൽ നിലകൾ പണിയാൻ കഴിയുന്ന തരത്തിലാണ് മന്ദിര രൂപകൽപന.
പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം ചെയർമാനും സംസ്ഥാന നിർവാഹക സമിതിയംഗം ആർ.രാജേന്ദ്രൻ സെക്രട്ടറിയും ജനസേവാദൾ ദേശീയ ക്യാപ്റ്റൻ ആർ.രമേശ് മാനേജരുമായ ഭരണസമിതിക്കാണ് നടത്തിപ്പു ചുമതല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]