
ചേർത്തല ∙ പ്രവർത്തന മികവിൽ അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന അംഗീകാരമാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷനു ലഭിച്ചിരിക്കുന്നത്.
ഡിജിപി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ സർട്ടിഫിക്കറ്റ് കൈമാറി. അംഗീകാരത്തിനു മുന്നോടിയായി ചെന്നൈയിലെ ദക്ഷിണ മേഖല ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഓഫിസിലെ വിദഗ്ധ സംഘം ആറുമാസം മുൻപ് സ്റ്റേഷനിലെത്തി ആദ്യഘട്ട
പരിശോധന നടത്തി. തുടർന്ന് ഒട്ടേറെ പരിശോധനകൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്.
ക്രമസമാധാനപാലനം ഉൾപ്പെടെ പ്രവർത്തനങ്ങളിലെ ഗുണമേന്മ, പരാതികൾ തീർപ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങൾ,
ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകൾ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോഗസ്ഥരുടെ മികച്ച പെരുമാറ്റം, ദൈനംദിന പ്രവർത്തനങ്ങളിൽ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകുന്നത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ബിഐഎസ് അംഗീകാരമുള്ള രാജ്യത്തെ പൊലീസ് സ്റ്റേഷനായി അർത്തുങ്കൽ പൊലീസ് സ്റ്റേഷനും മാറും.
സ്റ്റേഷൻ ഓഫിസർ പി.ജി. മധു, എസ്ഐ ഡി.സജീവ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]