
അമ്പലപ്പുഴ ∙ അബുദാബിയിലേക്കു പോകേണ്ട യുവാവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കാൻ അമിതവേഗത്തിൽ കാറോടിച്ച സുഹൃത്തുക്കൾ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ തടയാൻ നോക്കിയ പൊലീസ് ജീപ്പിനും ഇടി കിട്ടി.
റോഡിലെ ഡിവൈഡറിൽ തട്ടി ഒരു ടയർ പൊട്ടിയിട്ടും 5 കിലോമീറ്ററോളം കാർ നിർത്താതെ ഓടിച്ചു. ഇടയ്ക്കു വഴിതെറ്റി വണ്ടി നിർത്തിയപ്പോൾ പിന്തുടർന്നെത്തിയ പൊലീസും നാട്ടുകാരും ചേർന്നു കാറിലുണ്ടായിരുന്ന 6 പേരെയും ഓടിച്ചിട്ടു പിടികൂടി.
ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
കരുനാഗപ്പള്ളി പ്രവീൺ നിവാസിൽ പ്രവീൺ (25), ചങ്ങംകുളങ്ങര ഗൗരിഭവനത്തിൽ ആദർശ് (23), കരുനാഗപ്പള്ളി ആലിൻ കടവ് പുന്നമൂട്ടിൽ അഖിൽ (26), കരുനാഗപ്പള്ളി ദിലീപ് ഭവനത്തിൽ സഞ്ജയ് (25), കരുനാഗപ്പള്ളി ഷിയാസ് മൻസിലിൽ നിയാസ് (22), കരുനാഗപ്പള്ളി കാട്ടിൽകടവ് തറയിൽ ഹൗസിൽ സൂരജ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സഞ്ജയിനെ വിമാനത്താവളത്തിലെത്തിക്കാൻ കരുനാഗപ്പള്ളിയിൽ നിന്നു യാത്ര തിരിച്ചതായിരുന്ന സംഘം.
വലിയഴീക്കൽ പാലം വഴി വന്ന കാർ പല്ലന ഭാഗത്താണു സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടത്. നിർത്താതെ പോയ കാറിനെ നാട്ടുകാർ ഇരുചക്ര വാഹനങ്ങളിൽ പിന്തുടർന്നു തടഞ്ഞു.
ഇരുകൂട്ടരുമായി തർക്കവും പിടിവലിയും ഉണ്ടായി. അതിനിടെ കാറെടുത്തു യുവാക്കൾ കടന്നു.
പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു നാട്ടുകാർ പിന്നാലെ. അമ്പലപ്പുഴ പൊലീസ് ദേശീയപാതയിൽ അമ്പലപ്പുഴ കച്ചേരിമുക്കിൽ കാത്തുനിന്നെങ്കിലും അവരുടെ ജീപ്പിലും ഇടിച്ചു കാർ കടന്നുപോയി.
തുടർന്ന് കാക്കാഴം മേൽപാലത്തിന്റെ ഡിവൈഡറിൽ തട്ടി കാറിന്റെ പിന്നിലെ വലതുഭാഗത്തെ ടയർ പൊട്ടി.
എന്നിട്ടും കാർ നിർത്തിയില്ല. പൊലീസിനെ ഒഴിവാക്കാൻ സംഘം പുന്നപ്ര കളിത്തട്ട് ജംക്ഷനിൽ നിന്നു കിഴക്കോട്ട് കളരി ക്ഷേത്രം റോഡിലേക്കു കടന്നു. ഇടറോഡിൽ ഡ്രൈവർ അഖിലിനു വഴി തെറ്റിയതോടെ കാർ നിർത്തേണ്ടിവന്നു.
അപ്പോഴേക്കും പൊലീസും നാട്ടുകാരും എത്തി കാർ വളഞ്ഞു. 3 പേരെ അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. മൂന്നുപേർ ഇറങ്ങിയോടി.
അവരെയും പിന്തുടർന്നു പിടികൂടി. പൊതുമുതൽ നശീകരണം, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ, അപകടകരമായി വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണു യുവാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]