
ഓർമയിലേക്കു മറഞ്ഞതു മനുഷ്യരെയും മൃഗങ്ങളെയും ജീവനുതുല്യം സ്നേഹിച്ച സൂരജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തകഴി ∙ അടുത്ത മാസം പ്ലസ് ടു ക്ലാസ് തുടങ്ങുമ്പോൾ സഹപാഠികളുടെ സ്നേഹനിധിയായ സൂരജ് ഇനി ഓർമയിൽ മാത്രം. വളർത്തു മൃഗങ്ങളെയും തെരുവുനായ്ക്കളെയും ഏറെ സ്നേഹിക്കുകയും അവയ്ക്ക് ആഹാരം നൽകാനും ലാളിക്കാനും സമയം കണ്ടെത്തുകയും ചെയ്തിരുന്ന സൂരജ് (17) പേവിഷ ബാധയേറ്റു മരിച്ചെന്ന വിവരം സഹപാഠികളെയും തകഴി ഗ്രാമത്തെയും ദുഃഖത്തിലാഴ്ത്തി. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിഭാഗം വിദ്യാർഥിയാണ്.
വളർത്തു മൃഗങ്ങളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന സൂരജ് ഒരു മാസം മുൻപ് നായയുടെ കടിയേറ്റ വിവരം വീട്ടിൽ അറിയിച്ചതുമില്ല. സഹപാഠികൾക്കും ഈ വിവരം അറിയില്ലായിരുന്നു. ഏതു നായ ആണ് അന്നു സൂരജിനെ കടിച്ചതെന്ന് ആർക്കും അറിയില്ല. മാതാപിതാക്കളായ സരിത്തും ഗീതയും തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപം കഫേ നടത്തുകയാണ്. സഹപാഠികൾ ഉച്ചഭക്ഷണം കൊണ്ടു വന്നില്ലെന്ന് സൂരജിനു മനസ്സിലായാൽ കഫേയിൽ പോയി പലഹാരം എത്തിച്ചു നൽകുന്നത് പതിവായിരുന്നതായി അധ്യാപിക എസ്. ഷൈജ പറഞ്ഞു.
വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി പഠിക്കാനും ക്ലാസ് പരീക്ഷകളിൽ മെച്ചപ്പെട്ട മാർക്ക് വാങ്ങാനും കഴിഞ്ഞു. ഒന്നാം വർഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നതിനിടെയാണ് സൂരജിന്റെ ദാരുണ അന്ത്യം.സൂരജിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം അധ്യാപകരും സഹപാഠികളും വിങ്ങിപ്പൊട്ടിയതു നന്മകളുടെ അവശേഷിപ്പിച്ചു പോകുന്ന ഈ കുരുന്നോർമകളുടെ നീറ്റലിലായിരുന്നു. മികച്ച ഫുട്ബോൾ താരം കൂടിയായിരുന്നു സൂരജ്.
തകഴി ദേവസ്വം ബോർഡ് സ്കൂൾ മൈതാനത്തും എല്ലോറയിലെ മൈതാനത്തും പരിശീലനത്തിന് എത്തുന്നത് പതിവായിരുന്നുവെന്നു സഹപാഠി കെ.ശ്യാം പറഞ്ഞു. പേവിഷ ബാധയെ തുടർന്ന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനാൽ ഒരാഴ്ചയിലേറെയായി സൂരജിന്റെ ഫുട്ബോൾ പരിശീലനം മുടങ്ങിയിരുന്നു.
തെരുവുനായയുടെ കടിയേറ്റ പ്ലസ്ടു വിദ്യാർഥി പേവിഷ ബാധയേറ്റ് മരിച്ചു
അമ്പലപ്പുഴ ∙ ഒരു മാസം മുൻപ് തെരുവുനായയുടെ കടിയേറ്റ പ്ലസ് ടു വിദ്യാർഥി പേവിഷ ബാധയേറ്റ് മരിച്ചു. തകഴി കിഴക്കേ കരുമാടി ഗീതാഭവനത്തിൽ സരിത്ത്കുമാറിന്റെയും ഗീതയുടെയും മകൻ തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എസ്.സൂരജാണ് (17) മരിച്ചത്.
നായ കടിച്ചതിനെത്തുടർന്ന് സമീപത്തെ ക്ലിനിക്കിൽ എത്തിയ കുട്ടിയോടു മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി വാക്സീൻ എടുക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും പോയിരുന്നില്ല.
നായ കടിച്ച കാര്യം മാതാപിതാക്കളെ അറിയിച്ചതുമില്ല. പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് രണ്ടു ദിവസം മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച സൂരജിനു പേവിഷബാധയുടെ ലക്ഷണമുണ്ടായിരുന്നതിനാൽ ഉടൻ വാക്സീൻ നൽകി. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണു മരിച്ചത്. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.
നായ്ക്കളെ സൂരജിന് ഏറെ ഇഷ്ടമായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. രണ്ടാഴ്ച മുൻപ് അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ വളർത്തുനായയെ കൊഞ്ചിക്കുന്നതിനിടെ നഖം കൊണ്ടു കഴുത്തിൽ പോറലേറ്റിരുന്നു. ഈ നായയ്ക്കു മൂന്നു മാസം മുൻപ് പ്രതിരോധ വാക്സീൻ എടുത്തിരുന്നതിനാൽ അപ്പോഴും ചികിത്സ തേടിയില്ല. സൂരജിന്റെ മാതാപിതാക്കൾ തകഴി ക്ഷേത്രത്തിനു സമീപം ചായക്കട നടത്തുകയാണ്. സഹോദരൻ: സഹജ്.