ആലപ്പുഴ∙ തീരദേശ റെയിൽപാതയിൽ അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള ഭാഗത്തു കൂടി രണ്ടാംപാത വരുന്നതോടെ ആലപ്പുഴയിൽ നിന്നു തെക്കുഭാഗത്തേക്കുള്ള യാത്ര സുഗമമാകും. തീരദേശപാതയിലെ ആയിരക്കണക്കിനു യാത്രികരുടെ ചിരകാല അഭിലാഷത്തിനാണു റെയിൽവേ പച്ചക്കൊടി വീശിയത്.
അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ഭാഗത്ത് പാത ഇരട്ടിപ്പിക്കാൻ 324.16 കോടി രൂപയാണു റെയിൽവേ അനുവദിച്ചത്. ഈ ഭാഗത്തു രണ്ടാംപാത വരുന്നതോടെ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ ഇരട്ടപ്പാതയാകും.
ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്കും സാധ്യതയേറും.ആലപ്പുഴ വഴിയുള്ള പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണു ഇരട്ടപ്പാതയുള്ളത്. എറണാകുളം മുതൽ കുമ്പളം വരെയും കുമ്പളം മുതൽ തുറവൂർ വരെയും രണ്ടാം പാത നിർമാണം പുരോഗമിക്കുകയാണ്.
ഇവിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. പാലങ്ങളുടെ കോൺക്രീറ്റ് പണികളും പാതയ്ക്കായി മണ്ണിട്ട് ഉയർത്തുന്ന പണികളുമാണ് ഇപ്പോൾ നടക്കുന്നത്.
തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള 46 കിലോമീറ്റർ ദൂരം രണ്ടാം പാത നിർമാണത്തിനാണു വർഷങ്ങളായി കേരളം അനുമതി കാത്തിരിക്കുന്നത്.
അമ്പലപ്പുഴ–തുറവൂർ പാത ഇരട്ടിപ്പിക്കലിനു 2017ൽ 1720 കോടി രൂപയുടെ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിനു കൈമാറിയിരുന്നെങ്കിലും വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ താമസം കാരണം അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ റെയിൽവേ നിർമാണ വിഭാഗം പദ്ധതി മൂന്നായി തിരിച്ച് എസ്റ്റിമേറ്റ് പുതുക്കി നൽകിയതിൽ ഒന്നിനാണ് ഇപ്പോൾ അനുമതിയായത്.
ഇരട്ടപ്പാതയില്ലാത്തതിനാൽ വലിയ യാത്രാ ദുരിതമാണു തീരദേശ പാതയിലെ യാത്രക്കാർ നേരിടുന്നത്.
ഒറ്റവരിപ്പാതയായതിനാൽ ആവശ്യത്തിനു മെമു ട്രെയിനുകളോ പുതിയ എക്സ്പ്രസ് ട്രെയിനുകളോ ലഭിക്കുന്നില്ല. തീരദേശ പാതയിലൂടെ ട്രെയിനുകൾ കുറവായതിനാൽ നിലവിൽ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളിലെല്ലാം വൻ തിരക്കാണ്.
രാവിലെയും വൈകിട്ടുമുള്ള ട്രെയിനുകളിൽ നിൽക്കാൻ പോലും ഇടമില്ല. തിക്കും തിരക്കും കാരണം യാത്രികർ കുഴഞ്ഞു വീഴുന്ന സ്ഥിതിയുമുണ്ട്.
മറ്റു ട്രെയിനുകൾക്കു കടന്നു പോകാനായി പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നതു യാത്രാ ദുരിതം ഇരട്ടിയാക്കുന്നു. കഴിഞ്ഞ ദിവസവും മറ്റു ട്രെയിനുകൾക്കായി എറണാകുളം– കായംകുളം പാസഞ്ചർ ചേർത്തല സ്റ്റേഷനിൽ അര മണിക്കൂറോളം പിടിച്ചിട്ടിരുന്നു.
ദിവസം 9 പുതിയ ട്രെയിനുകൾ വരെ
തീരദേശപാതയിൽ അമ്പലപ്പുഴ– ആലപ്പുഴ ഭാഗത്തെ ഇരട്ടിപ്പിക്കൽ പൂർത്തിയാകുമ്പോൾ ദിവസവും 9 പുതിയ ട്രെയിനുകൾ വരെ ഓടിക്കാനാകുമെന്നാണു റെയിൽവേയുടെ വിലയിരുത്തൽ.
ഇതിനു പുറമേ വർഷം 28.8 ലക്ഷം ടൺ ചരക്കു നീക്കവും സാധ്യമാകും. ഇവയിൽ നിന്നു റെയിൽവേയ്ക്കു വർഷം 3.23 കോടി രൂപയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.
അന്തിമ ഉത്തരവ് ഉടൻ: കെ.സി
അമ്പലപ്പുഴ– ആലപ്പുഴ പാത ഇരട്ടിപ്പിക്കാനുള്ള പുതുക്കിയ എസ്റ്റിമേറ്റിനു റെയിൽവേ ബോർഡ് അനുമതി നൽകിയെന്നും അന്തിമ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
ഇരട്ടിപ്പിക്കൽ ബാക്കിയുള്ള അമ്പലപ്പുഴ – തുറവൂർ പ്രദേശത്തെ അനിശ്ചിതത്വം പരിഹരിക്കാൻ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന നിർദേശം റെയിൽവേ അംഗീകരിച്ചു പദ്ധതിയെ മൂന്നായി വിഭജിക്കുകയായിരുന്നു. ഇതിലെ ആദ്യഘട്ടമായി അമ്പലപ്പുഴ – ആലപ്പുഴ പാതയ്ക്ക് അംഗീകാരം ലഭിച്ചു.
പിന്നാലെ രണ്ടാം റീച്ചായി മാരാരിക്കുളം – തുറവൂർ പാത (434 കോടി) ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നേടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
പ്രോജക്ട് എക്സാമിനേഷൻ കമ്മിറ്റി, പിഎം ഗതിശക്തി ഡയറക്ടറേറ്റ് എന്നിവരുടെ അനുമതി നേടിയാൽ ഉടൻ പദ്ധതി ആരംഭിക്കാനാകും. മൂന്നാം റീച്ചായ ആലപ്പുഴ– മാരാരിക്കുളം അതിനു ശേഷമാകും പരിഗണിക്കുകയെന്നും എംപി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

