ഹരിപ്പാട് / കായംകുളം ∙ ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹരിപ്പാട്ടും കായംകുളത്തും യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നേരിയ സംഘർഷം. പ്രശ്നത്തിൽ സസ്പെൻഷനിലായ ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ബി.മുരാരി ബാബുവിന്റെ ഹരിപ്പാട്ടെ ഓഫിസിലേക്കും കായംകുളത്ത് ദേവസ്വം ബോർഡ് അംഗം എ.അജികുമാറിന്റെ വീട്ടിലേക്കുമായിരുന്നു മാർച്ച്.
പ്രശ്നത്തിൽ സസ്പെൻഷനിലായ മുരാരി ബാബുവിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം പൊലീസ് തടഞ്ഞു.
തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പൊലീസ് തടയുന്നതിനിടെ ബാരിക്കേഡ് വടം ഉപയോഗിച്ച് വലിച്ചു കെട്ടിയിരുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞത് അപകടഭീഷണി ഉയർത്തിയെങ്കിലും പ്രശ്നം പരിഹരിച്ച ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന്റെ ഗേറ്റിനു മുന്നിൽ ധർണ നടത്തി.
പൊലീസ് ഓഫിസും മുന്നിലെ ഗേറ്റും പൂട്ടിയിരുന്നെങ്കിലും മതിൽ ചാടിക്കടന്ന ചില പ്രവർത്തകർ ഓഫിസിനു മുന്നിൽ ചാണക വെള്ളം തളിച്ച് പ്രതിഷേധിച്ചു.
മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.നാഥൻ അധ്യക്ഷത വഹിച്ചു. ആർ.വി.
സ്നേഹ, അബാദ് ലുത്ഫി, അഖിൽ കൃഷ്ണൻ, ശ്രീക്കുട്ടൻ, ശ്രീരാജ് മുളയ്ക്കൽ, സുജിത് സി. കുമാരപുരം, നൈസൽ പാനൂർ, അമൽ വേണു, വൈശാഖ് പൊന്മുടി തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ടാലറിയാവുന്ന 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. ദേവസ്വം ബോർഡ് അംഗം എ.അജികുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് വീടിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തുടർന്ന് നടന്ന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിത ബാബു ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ വിശാഖ് പത്തിയൂർ, നൗഫൽ ചെമ്പകപ്പള്ളി, അജിമോൻ കണ്ടല്ലൂർ, ജില്ലാ സെക്രട്ടറിമാരായ ആസിഫ് സെലക്ഷൻ, ദീപക് എരുവ, സജീത് ഷാജഹാൻ, കൃഷ്ണ അനു, ആദർശ് മഠത്തിൽ, റിയാസ് മുണ്ടകത്തിൽ, അഖിൽ പുതുപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
വൈദ്യുതത്തൂൺ ഒടിഞ്ഞെങ്കിലും വൻ അപകടം ഒഴിവായി
ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ബാരിക്കേഡ് വലിച്ചു കെട്ടിയിരുന്ന വൈദ്യുതത്തൂൺ ഒടിഞ്ഞെങ്കിലും പൊലീസിന്റെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും അവസരോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി. ബാരിക്കേഡ് വടം ഉപയോഗിച്ച് കെട്ടിയിരുന്ന വൈദ്യുതത്തൂണിന്റെ ചുവടുഭാഗം പൊലീസും പ്രവർത്തകരുമായുള്ള ഉന്തിനും തള്ളിനുമിടെ ഒടിയുകയായിരുന്നു. വൈദ്യുതത്തൂൺ ചരിഞ്ഞു തുടങ്ങിയതോടെ അതിനു സമീപം നിന്നിരുന്ന പ്രവർത്തകർ ബഹളംവച്ചു.
ഉടൻ സമരം നിർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ചേർന്ന് വൈദ്യുതത്തൂൺ വീഴാതെ താങ്ങി നിർത്തി.വൈദ്യുതത്തൂണിൽ കെട്ടിയിരുന്ന വടം അഴിച്ചു മാറ്റുകയും ചെയ്തു. ഉടൻ കെഎസ്ഇബി അധികൃതർ ഇൗ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം നിർത്തി വച്ചു.
അഗ്നിരക്ഷാസേന എത്തി ഏണി ഉപയോഗിച്ച് വൈദ്യുതത്തൂൺ വീഴാതെ താങ്ങി നിർത്തി.
പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി ലൈൻ അഴിക്കുകയും ഒടിഞ്ഞ തൂൺ മാറ്റുകയും ചെയ്തു. പത്ത് മിനിറ്റോളം വൈദ്യുതത്തൂൺ താഴെ വീഴാതെ പൊലീസും പ്രവർത്തകരും താങ്ങി നിർത്തുകയായിരുന്നു.
പൊലീസിന്റെ നിരുത്തരവാദപരമായ പ്രവൃത്തിയാണ് വൈദ്യുതത്തൂൺ ഒടിയാൻ ഇടയാക്കിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ബലപ്രയോഗത്തിൽ വൈദ്യുതത്തൂൺ ഒടിച്ച് പൊതു മുതൽ നശിപ്പിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]