
ഹരിപ്പാട് ∙ ദേശീയപാതയിൽ നാരകത്തറയിലും ആർകെ ജംക്ഷനിലും അടിപ്പാത നിർമിക്കണം എന്ന ജനകീയ ആവശ്യം ശക്തമായി. ദേശീയപാത നിർമാണത്തിന്റെ തുടക്കം മുതൽ നാരകത്തറയിൽ അടിപ്പാത വേണമെന്ന ആവശ്യം ജനങ്ങൾ ഉയർത്തിയിരുന്നു. കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്ത് നിവാസികൾക്ക് താലൂക്ക് ആസ്ഥാനത്തേക്കും താലൂക്ക് ആശുപത്രി കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകുവാൻ അടിപ്പാത ആവശ്യമാണ്.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് കരുവാറ്റക്കുളങ്ങര ക്ഷേത്രത്തിലേക്ക് പോകുന്നതിനും മുതുകുളം– കാർത്തികപ്പള്ളി റോഡിലൂടെ വരുന്ന വാഹനങ്ങൾ ദേശീയ പാതയിൽ പ്രവേശിക്കുന്നതിനും നാരകത്തറ ജംക്ഷനിൽ അടിപ്പാത വേണം.
ഇത് സംബന്ധിച്ച് പല തവണ ദേശീയപാത അതോറിറ്റിക്ക് വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ജനങ്ങളും നിവേദനം നൽകിയിരുന്നു. രമേശ് ചെന്നിത്തല എംഎൽഎ കേന്ദ്രമന്ത്രിയെ കണ്ട് അടിപ്പാത സംബന്ധിച്ച് ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കുമാരപുരം, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി പഞ്ചായത്തുകളിലെ പ്രധാന വഴികളെല്ലാം എത്തിച്ചേരുന്ന നാരകത്തറയിൽ അടിപ്പാത നിർമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റ് ആവശ്യപ്പെട്ടു.
നാരകത്തറയിൽ അടിപ്പാത നിർമിക്കണം എന്ന ആവശ്യവുമായി ബിജെപി ഹരിപ്പാട് മണ്ഡലം കമ്മിറ്റി നടത്തിയ ഒപ്പുശേഖരണം ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. കുമാരപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ജി.അനിൽകുമാർ, ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് പി.
സുമേഷ്, ജില്ലാ ഉപാധ്യക്ഷ മോഹിനി ശിവദാസ്, ജില്ലാ സെക്രട്ടറി രാജേന്ദ്ര കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനു പള്ളിപ്പാട്, ജി. എസ്.ബൈജു, മണ്ഡലം ട്രഷറർ സി.എസ്.മോഹനൻ നായർ, കുമാരപുരം ഏരിയ ജനറൽ സെക്രട്ടറി വിജി തുടങ്ങിയവർ പ്രസംഗിച്ചു.ദേശീയപാതയിൽ ആർകെ ജംക്ഷനിലും അടിപ്പാത വേണം എന്ന ആവശ്യം ശക്തമാണ്.
മുനിസിപ്പാലിറ്റിയുടെ കിഴക്ക് ഭാഗത്തുള്ള ഏകദേശം രണ്ടായിരത്തോളം കുടുംബങ്ങൾ അടിപ്പാതയില്ലാത്തതിനാൽ ബുദ്ധിമുട്ടിലാകും.
ഇവിടെ ഉള്ളവർക്ക് ഹരിപ്പാട് താലൂക്ക് ആശുപത്രി, കോടതി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്തണമെങ്കിൽ ആർകെ ജംക്ഷനിൽ നിന്ന് 2 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ച് നങ്ങ്യാർകുളങ്ങര വന്നു തിരിഞ്ഞു പോകണം. നഗരസഭയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത സാഹചര്യവും ഉണ്ടാകും. ഹരിപ്പാട് ആർകെ ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നടുവട്ടം സത്യലാൽ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]