
ആലപ്പുഴ ∙ 58 വർഷം പഴക്കമുള്ള ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ നിന്ന് ‘ഗുരുതരാവസ്ഥ’യിലുള്ള വിഭാഗങ്ങൾ പുതിയ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാൻ തീരുമാനം. പുരുഷന്മാരുടെ മെഡിസിൻ വാർഡും മേജർ ഓപ്പറേഷൻ തിയറ്ററും പുതിയ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
ഇതിനു പുറമേ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പിഎംആർ വാർഡ്, നഴ്സിങ് സൂപ്രണ്ട് ഓഫിസ് എന്നിവയും പുതിയ ബ്ലോക്കിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എച്ച്.സലാം എംഎൽഎയും നഗരസഭാ അധ്യക്ഷ കെ.കെ.ജയമ്മയും പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ, നഗരസഭാ എൻജിനീയർമാർ ആശുപത്രി അധികൃതർ എന്നിവരുടെ യോഗമാണ് ചേർന്നത്.
ഇതിന്റെ തുടർച്ചയായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗവും ചേർന്നു.
ജനറൽ ആശുപത്രിയിലേക്ക് കോൺഗ്രസ് ഇന്നലെ പ്രതിഷേധ മാർച്ച് നടത്തുന്നതു ചൂണ്ടിക്കാട്ടി മാനേജ്മെന്റ് കമ്മിറ്റി യോഗം മാറ്റിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതിനെത്തുടർന്ന് കോൺഗ്രസ് പ്രതിനിധി സഞ്ജീവ് ഭട്ട്, കെ.സി.വേണുഗോപാൽ എംപിയുടെ പ്രതിനിധി റീഗോ രാജു എന്നിവർ യോഗം ബഹിഷ്കരിച്ചു. പഴയ ബ്ലോക്കിൽ പുരുഷന്മാരുടെ മെഡിസിൻ വാർഡ്, പഴയ ഓഫിസ്, സൂപ്രണ്ട് ഓഫിസ് എന്നിവ പ്രവർത്തിച്ചിരുന്നിടങ്ങളിൽ ഫിറ്റ്നസ് ഉള്ള സ്ഥലങ്ങളിലേക്ക് സർജറി വാർഡുകൾ മാറ്റി പ്രവർത്തിപ്പിക്കും.
റാംപ്, പത്താം വാർഡിന്റെ ഇടവഴി, പൈപ്പ് പൊട്ടി ചോർച്ചയുണ്ടായതുമൂലം അടച്ചിട്ട ശുചിമുറി ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ നഗരസഭ നടത്തും.
ഇതിനായി 60 ലക്ഷം രൂപ ടെൻഡർ ചെയ്തു. ഇന്നുതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യാ രവീന്ദ്രൻ, ആർഎംഒ ഡോ.ആശ മോഹൻദാസ്, കൗൺസിലർ ബി.നസീർ, മുനിസിപ്പൽ എൻജിനീയർ ഷിബു നാലപ്പാട്ട്, അസിസ്റ്റന്റ് എൻജിനീയർ അലിസ്റ്റർ ജോസഫ് വാൻറോക്ക്, പൊതുമരാമത്ത് സ്പെഷൽ ബിൽഡിങ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി.സോണിയ, അസിസ്റ്റന്റ് എൻജിനീയർ നെയ്മ ഷിഫാർ, എച്ച്എംസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പുതിയ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല
∙ ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ നിന്ന് വിവിധ വിഭാഗങ്ങൾ പുതിയ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുന്നതിന് വെല്ലുവിളികളേറെ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണു വെല്ലുവിളിയാകുന്നത്.
പുരുഷന്മാരുടെ മെഡിസിൻ വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പിഎംആർ വാർഡ് എന്നിവ മാറ്റി സ്ഥാപിക്കണമെങ്കിൽ ബാത്റൂം സൗകര്യങ്ങൾ ഉൾപ്പെടെ പുതിയ കെട്ടിടത്തിൽ തയാറാക്കേണ്ടി വരും. നിലവിൽ പ്രവർത്തിക്കുന്ന ഒപി വിഭാഗം അല്ലാത്ത ഭാഗങ്ങൾ ഓപ്പൺ ഹാൾ പോലെയാണ് ഉള്ളത്.
ഇവിടെ ഭിത്തികൾ തിരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫൊറൻസിക് സർജന്റെ സേവനം കൂടി ഒരുക്കേണ്ടതുണ്ട്. നിലവിൽ വണ്ടാനം മെഡിക്കൽ കോളജിൽ മാത്രമാണ് ഫൊറൻസിക് സർജനുളളത്.
അപകടകരമായ നിലയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് വിഭാഗം, മെഡിസിൻ, ഐസിയു, ഓർത്തോ വിഭാഗങ്ങളുടെ പ്രവർത്തനം എന്നിവ മാറ്റുന്നതു സംബന്ധിച്ച് ഇന്നലത്തെ യോഗം തീരുമാനമെടുത്തിട്ടുമില്ല.
പോസ്റ്റ്മോർട്ടത്തിന് സംവിധാനമൊരുക്കും
ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. മോർച്ചറിയിലെ അറ്റകുറ്റപ്പണികൾക്കും കാനയുടെ നിർമാണത്തിനുമായി 12 ലക്ഷം രൂപയും നഗരസഭ അധികമായി വകയിരുത്തും.
ഇവ പൂർത്തിയായാലുടൻ ഇവിടെ പോസ്റ്റ്മോർട്ടം ആരംഭിക്കാനാകും. ഓഗസ്റ്റ് ഒന്നിന് ബ്ലഡ് ബാങ്കിന്റെ പ്രവർത്തനവും ജനറൽ ആശുപത്രിയിൽ ആരംഭിക്കാൻ തീരുമാനിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]