ആലപ്പുഴ∙ വേമ്പനാട്ടു കായലിലെ ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തേക്കു പാലം വന്നതോടെ ദ്വീപിലെ തപാൽ വകുപ്പ് സബ് ഓഫിസിലേക്കു കത്തുകളും മറ്റുമായി ഇനി വാഹനമെത്തും. നടപടിക്രമങ്ങൾ ആരംഭിച്ചതായി ആലപ്പുഴ പോസ്റ്റൽ സൂപ്രണ്ട് പറഞ്ഞു.
പെരുമ്പളം പാലത്തിലൂടെ വാഹനം എത്തിക്കാനുള്ള ശുപാർശയ്ക്ക് അനുമതി ലഭിക്കുന്നതോടെയാകും സർവീസ് ആരംഭിക്കുക. ഇതുവരെ പാണാവള്ളി വരെ വാഹനത്തിൽ എത്തിക്കുന്ന തപാൽ ഉരുപ്പടികൾ തുടർന്നു ബോട്ടിലാണു ദ്വീപിൽ എത്തിച്ചിരുന്നത്.
ജില്ലയിൽ വാഹനം എത്താത്ത രണ്ടു തപാൽ സബ് ഓഫിസുകളിൽ ഒന്നായിരുന്നു പെരുമ്പളത്തേത്. രണ്ടാമത്തേത് കുട്ടനാട്ടിൽ കൈനകരി മേഖലയിലെ തപാൽ സബ് ഓഫിസാണ്.
ഇവിടേക്ക് ഇപ്പോഴും ബോട്ടിലാണു തപാൽ ഉരുപ്പടികൾ എത്തിക്കുന്നത്.
പാലം വന്നു; സ്ഥലംമാറ്റ ഭീഷണി ഇല്ലാതായി
പെരുമ്പളത്തേക്കു പാലം വന്നതോടെ ‘പെരുമ്പളത്തേക്കു സ്ഥലംമാറ്റും’ എന്ന ഭീഷണി ഇല്ലാതായെന്നു സർക്കാർ ജീവനക്കാരുടെ സമൂഹമാധ്യമ കുറിപ്പുകൾ. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഒട്ടേറെപ്പേരാണു പെരുമ്പളം ഓർമകളുമായി കുറിപ്പുകൾ പോസ്റ്റ് ചെയ്തത്.
കുട്ടനാട്ടിലേക്കും പെരുമ്പളത്തേക്കുമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പലരെയും സ്ഥലംമാറ്റിയിരുന്നത്. ഗതാഗത സൗകര്യം കുറവാണെന്നതായിരുന്നു കാരണം.
എന്നാൽ ഇവിടങ്ങളിലെ ജനങ്ങളുടെ സ്നേഹം തിരിച്ചറിഞ്ഞവർ തിരികെ നഗരങ്ങളിലെ ഓഫിസുകളിലേക്ക് എത്തിയിട്ടില്ലെന്നു പല സർക്കാർ ഉദ്യോഗസ്ഥരും പറയുന്നു. നേരത്തെ അധ്യാപകർ ഉൾപ്പെടെയുള്ളവർ പെരുമ്പളത്തേക്കു സ്ഥലംമാറ്റം ലഭിച്ചാൽ എങ്ങനെയും ഒഴിവാക്കുകയാണു ചെയ്തിരുന്നത്.
ഇപ്പോൾ പാലം വന്നതോടെ പെരുമ്പളത്തു ജോലി ചെയ്യുന്നത് സന്തോഷമാണെന്നും ചില ഉദ്യോഗസ്ഥർ കുറിപ്പിട്ടു.
പെരുമ്പളം ജനതയുടെ അതിജീവനകഥ ഡോക്യുമെന്ററിയാകുന്നു
പെരുമ്പളം∙ വേമ്പനാട്ടു കായലിൽ വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപായ പെരുമ്പളത്തെ ജനതയുടെ അതിജീവനകഥ വെള്ളിത്തിരയിലേക്ക്.
‘ഗോഡ്സ് ഓൺ ഐലൻഡ്’ എന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. പെരുമ്പളം ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണു ഗോഡ്സ് ഓൺ ഐലൻഡ് എന്ന ഡോക്യുമെന്ററി.
ഏകദേശം 12,000 പേർ താമസിക്കുന്ന പെരുമ്പളം ദ്വീപിലേക്കുള്ള ആദ്യ പാലം 7നാണു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
പാലം പൂർത്തിയായതോടെ പെരുമ്പളത്തേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. ഇതിനൊപ്പം പെരുമ്പളത്തെ ജീവിതവും കൊച്ചുദ്വീപിലെ മനോഹര ദൃശ്യങ്ങളും സിനിമ കൂടിയാകുമ്പോൾ ദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂടും.
പി.ആർ.സുമേരനാണു സംവിധാനം . സ്വിച്ച് ഓണും ചിത്രീകരണവും നാളെ രാവിലെ 11നു പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും.
ശ്രിയ ക്രിയേഷൻസിന്റെ ബാനറിൽ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് എന്നിവർ നിർമിക്കും.
നിത്യാനന്ദ ജഗൻ ക്യാമറയും സജീവ് പ്രഭാകരൻ തിരക്കഥയും നിർവഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

