തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത തുടങ്ങുന്ന തുറവൂർ ജംക്ഷനിൽ നിലവിലെ ഡിസൈൻ മാറ്റത്തിനു പദ്ധതി തയാറാകുന്നു. തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ട് 350 മീറ്റർ മണ്ണിട്ടുയർത്തി അപ്രോച്ച് റോഡ് നിർമിക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. ഇതിനു പകരമായി ജംക്ഷനിൽ നിന്നു 200 മീറ്റർ തെക്കോട്ട് തൂണുകളിലും പിന്നീട് 280 മീറ്റർ മണ്ണിട്ടുയർത്തിയുള്ള അപ്രോച്ച് റോഡും നിർമിച്ചു തുറവൂർ പറവൂർ റീച്ചിലെ 6 വരി പാതയിൽ ബന്ധിപ്പിക്കുന്ന വിധമാണു പുതിയ ഡിസൈൻ തീരുമാനം.ഇതോടെ അരൂർ–തുറവൂർ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററിൽ നിന്നു 13 കിലോമീറ്ററിലധികമായി മാറും.
തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ട് മണ്ണിട്ടുയർത്തി അപ്രോച്ച് റോഡ് നിർമിക്കുന്നതോടെ തുറവൂർ ജംക്ഷനിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികളും ചൂണ്ടിക്കാട്ടിയതോടെ കെ.സി.വേണുഗോപാൽ എംപി കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടു.
തുടർന്നാണ് ഡിസൈൻ മാറ്റുന്നതിനുള്ള തീരുമാനത്തിലെത്തിയത്. 8 മാസം മുൻപ് ഇതിനായുള്ള നടപടി തുടങ്ങിയിരുന്നു.
അന്തിമ തീരുമാനമാകാത്തതിനെത്തുടർന്ന് ഉയരപ്പാതയും താഴെയുള്ള റോഡുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ തെക്കോട്ടുള്ള ജോലികൾ നിലച്ചിരുന്നു.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തൂണുകൾക്ക് മുകളിൽ പാത കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ടാറിങ് ജോലികൾ ആരംഭിച്ചു. നിലവിൽ 86 ശതമാനം ജോലികൾ പൂർത്തിയായി.
തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമിച്ചിരിക്കുന്നത്. പുതിയ ഡിസൈൻ പ്രകാരം 361 തൂണുകളാണ് ഉണ്ടാകുന്നത്.
നിലവിൽ അരൂരിൽ 3 തൂണുകൾ തമ്മിൽ 14 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കാനുണ്ട്. ഇവിടെ പാതയ്ക്കു കുറുകെ 11 കെവി ലൈൻ പോകുന്നതിനാൽ ടവർ ഉയർത്തുന്ന ജോലികൾ നടക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

