അമ്പലപ്പുഴ ∙ ആയിരങ്ങൾ സാക്ഷിയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിപ്പാനയുടെ ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചു. തിരക്കു നിയന്ത്രിക്കാൻ പ്രത്യേകം ബാരിക്കേഡ് ഉപയോഗിച്ചാണ് ഭക്തരെ പള്ളിപ്പാന പന്തലിലേക്കു കടത്തിവിട്ടത്. ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് കോയ്മ വടി പുറത്തെടുത്ത് ശുദ്ധീകരിച്ച് നാലമ്പലത്തിനകത്ത് മണ്ഡപത്തിൽ വച്ചു.
തുടർന്ന് മണ്ഡപത്തിൽ നിന്നും കോയ്മസ്ഥാനി ശ്രീകുമാർ വലിയമഠം കോയ്മ വടിയെടുത്ത് ശ്രീകോവിൽ പടിയിൽ സമർപ്പിച്ചു. മേൽശാന്തി ബ്രഹ്മദത്തൻ നമ്പൂതിരി കോയ്മവടി ബിംബത്തിൽ ചേർത്തുവച്ച് ദേവചൈതന്യം ആവാഹിച്ച് വെള്ളിത്തളികയിൽ വച്ച് കിഴക്കേ ആനക്കൊട്ടിലിൽ എത്തിച്ചു.
വാദ്യമേളങ്ങളുടെയും കുരവകളുടെയും അകമ്പടിയോടെ മേൽശാന്തിമാരായ ബ്രഹ്മദത്തൻ നമ്പൂതിരി , കണ്ണമംഗലം കേശവൻ നമ്പൂതിരി, യദു കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ചു.
തേങ്ങാപ്പന്തവും വിത്തുവട്ടിയും കുത്തുവിളക്കുമായി വാര്യന്മാർ അകമ്പടിസേവിച്ചു. വാളും പരിചയുമായി കോയ്മസ്ഥാനി അനുഗമിച്ചു.
പള്ളിപ്പന്തലിനു പ്രദക്ഷിണം ചെയ്ത ശേഷം പ്രത്യേകം തയാറാക്കിയ ശരകൂടത്തിലും പീഠത്തിലുമായി കോയ്മവടി സ്ഥാപിച്ചു. ജപിക്കുന്നതിനായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.അജിത് കുമാർ കാപ്പുകൾ കൂത്താടികൾക്ക് കൈമാറി.
ജപിച്ച കാപ്പുകൾ കൂത്താടികൾ കോയ്മസ്ഥാനിക്കു കൈമാറി. കോയ്മസ്ഥാനിൽ നിന്നും കാപ്പുകൾ വാങ്ങി വെറ്റില ചേർത്തുവച്ച് മേൽശാന്തി കോയ്മവടിയിൽ കെട്ടി.
ആദ്യം അമ്പലപ്പുഴ കൂത്താടി പൂജിച്ച കാപ്പും തുടർന്ന് കോയിക്കരി, നെട്ടാശ്ശേരി, ചെമ്പകശ്ശേരി, കുന്നകരി, ഏറമുണ്ട കൂത്താടികൾ പൂജിച്ച കാപ്പുമാണ് കെട്ടിയത്.
കാപ്പുകെട്ടു കഴിഞ്ഞശേഷം മേൽശാന്തി അരത്തം പൂജിച്ചു കോയ്മവടിയിൽ തിരി ഉഴിയുകയും അക്ഷതം കൂത്താടികളുടെ തലയിലിട്ട് ഓത്തിനു അനുവാദം നൽകുകയും ചെയ്തു.
ദേവന്റെയും നാടിന്റെയും നാട്ടുകാരുടെയും കാലദോഷം അകറ്റാൻ പാനപ്പാട്ടിന്റെ ശീലുകൾ കൂത്താടി പന്തലുകളിൽ മുഴങ്ങി. ഗണപതി സ്തുതി, ശിവസ്തുതി, കേശാദിപാദ വർണന എന്നിവയാണ് ആദ്യദിവസം നടന്നത്.
പകൽ ഓത്തും രാത്രി മുറോത്തുമാണ് നടക്കുന്നത്. വേല സമുദായത്തിലെ സ്ത്രീകളാണ് മുറോത്തു നടത്തിയത്.
രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ അമ്പനാട് പണിക്കൻ കുടുംബ കാരണവർ ശശിധരപ്പണിക്കരെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു.
തുടർന്ന് അമ്പനാട് പണിക്കൻ, ദേവസ്വം ഭാരവാഹികൾ, പള്ളിപ്പാന സ്വാഗതസംഘം ഭാരവാഹികൾ എന്നിവർ ചേർന്ന് കൂത്താടികളെ സ്വീകരിച്ചു. ചടങ്ങുകളുടെ അവകാശി അമ്പലപ്പുഴ വേലൻപറമ്പിൽ ഹരിദാസിന്റെ വീട്ടിൽ നിന്നും വേലൻപറമ്പ് കുടുംബക്ഷേത്രത്തിലെ പൂജകൾക്കു ശേഷം എത്തിയ കൂത്താടികൾക്കൊപ്പം പുറനാടികൾ, അമ്പലപ്പുഴ തച്ചൻ, അമ്പലപ്പുഴ കണിയാൻ, എന്നിവരെയും സ്വീകരിച്ച് കുടിലുകളിൽ ഇരുത്തി.
ക്ഷേത്രം തന്ത്രിയും സ്വാഗതസംഘം ചെയർമാനുമായ പുതുമന എസ്.ദാമോദരൻ നമ്പൂതിരി, വർക്കിങ് ചെയർമാൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജനറൽ കൺവീനർ ടി.ആർ.രാജീവ്, രാജപ്രതിനിധി തെക്കേടത്ത് നാരായണ ഭട്ടതിരി, കോയ്മസ്ഥാനി ശ്രീകുമാർ വലിയമഠം ദേവസ്വം സെക്രട്ടറി പി.എൻ.ഗണേശരൻ പോറ്റി, ഡപ്യൂട്ടി കമ്മിഷണർ കെ.ഇന്ദുകുമാരി, അസി.കമ്മിഷണർ വി.ഈശ്വരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

