ആലപ്പുഴ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭയപ്പെടുന്നതുപോലെ യുഡിഎഫിനു ബിജെപിയെ ഭയമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിയമസഭയിൽ ബിജെപിയെ വിമർശിക്കേണ്ടി വരുമ്പോൾ വോക്കൗട്ട് ആണ് യുഡിഎഫ് ശീലമാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ കഴുത്തിലെ കുരുക്കാണു ഇന്ത്യ–യുഎസ് വ്യാപാരക്കരാർ. യുഎസിന്റെ താൽപര്യങ്ങൾക്കു മേലുള്ള സമ്പൂർണ കീഴടങ്ങലാണിത്.
ജനജീവിതത്തെ ബാധിക്കുന്ന ഒരു കാര്യവും പറയാതെ വിഷയത്തിൽ നിന്നു ശ്രദ്ധമാറ്റാനാണു കേരളത്തിൽ യുഡിഎഫും ബിജെപിയും സംഘടിതമായി ശ്രമിക്കുന്നത്.
യുഡിഎഫിന്റെ ജാഥയിലൂടെ 10 വർഷം മുൻപത്തെ കാര്യങ്ങൾ ജനങ്ങളെ ഓർമിപ്പിക്കുന്നത് എൽഡിഎഫിനു ഗുണം ചെയ്യും. ശബരിമലയിലെ ഒരുതരി സ്വർണമെങ്കിലും അപഹരിച്ചെന്നു തെളിഞ്ഞാൽ ഏതു വ്യക്തിയാണെങ്കിലും അയാളെ എൽഡിഎഫ് സംരക്ഷിക്കില്ല. അങ്ങനെ പറയാൻ യുഡിഎഫിനാകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ഫോട്ടോ പൊതുപരിപാടിയുടേത് ആണെന്നും എന്നാൽ സോണിയ ഗാന്ധിയുടേത് അങ്ങനെയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു.എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ടവരുമായി നേതാക്കൾ മുഖാമുഖം പരിപാടി നടത്തി.
ഇന്നലെ ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്വീകരണത്തോടെ ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഇന്നു രാവിലെ ചെങ്ങന്നൂർ മുളക്കുഴയിൽ വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ടവരുമായി ജാഥാ അംഗങ്ങൾ സംവദിക്കും.
തുടർന്നു ജാഥ കൊല്ലം ജില്ലയിൽ പ്രവേശിക്കും.
കയർ മേഖലയെ എൽഡിഎഫ് കൈവിടില്ല
‘കയർ മേഖലയിലെ പ്രശ്നങ്ങൾ എൽഡിഎഫിന് അറിയാം, കയർ മേഖലയ്ക്ക് എൽഡിഎഫിനെയും അറിയാം’ എന്നു ബിനോയ് വിശ്വം. കയർ കോൺക്ലേവ് ഉൾപ്പെടെ നടത്തിയിട്ടും കയർമേഖലയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നത് ഉന്നയിച്ചപ്പോഴായിരുന്നു മറുപടി.
കയർ മേഖലയെ എൽഡിഎഫ് കൈവിടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

