പൂച്ചാക്കൽ ∙ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിൽ പൂച്ചാക്കൽ തെക്കേക്കരയിലൂടെ എൽഡിഎഫിന്റെ പ്രചാരണ വാഹനം കടന്നു പോകുന്നതു സംബന്ധിച്ചുണ്ടായ തർക്കം രണ്ടര മണിക്കൂറോളം സംഘർഷത്തിൽ കലാശിച്ചു. എൽഡിഎഫ് പ്രചാരണ വാഹനത്തിന്റെ ചില്ല് തകർത്തു, പോസ്റ്ററുകൾ നശിപ്പിച്ചു.
എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്ക് മർദനമേറ്റു. സംഘർഷത്തെ തുടർന്ന് സ്വകാര്യ കെട്ടിട
സമുച്ചയ മുറിയിൽ കയറിയ കോൺഗ്രസ് പ്രവർത്തകനെ എൽഡിഎഫ് പ്രവർത്തകർ വളഞ്ഞു. മണിക്കൂറുകൾക്കു ശേഷം വൻ പൊലീസ് സംഘമെത്തിയാണ് ഇയാളെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി സ്ഥിതി ശാന്തമാക്കിയത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം.
തൈക്കാട്ടുശേരി പഞ്ചായത്തിലെ കലാശക്കൊട്ട് നടത്താൻ യുഡിഎഫിന് പൂച്ചാക്കൽ തെക്കേക്കരയിലും എൽഡിഎഫിന് മാക്കേക്കവലയിലുമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. മാക്കേക്കവലയിലേക്ക് പ്രവർത്തകരുമായി തെക്കേക്കരയിലൂടെ എൽഡിഎഫിന്റെ പ്രചാരണ വാഹനം കടന്നു പോകുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം.
എൽഡിഎഫ് പ്രചാരണ വാഹനം തങ്ങളുടെ ഇടയിലൂടെ പോയെന്നും കൊടി തങ്ങളുടെ ദേഹത്ത് തട്ടിയെന്നും യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നു. തർക്കത്തെ തുടർന്ന് വാഹനത്തിന്റെ ചില്ല് തകർത്തു.
യുഡിഎഫ് പ്രവർത്തകരാണ് ചില്ലു തകർത്തതെന്ന് എൽഡിഎഫ് പറഞ്ഞു. ഇരുപക്ഷത്തും ഉള്ളവർക്ക് മർദനമേറ്റു.
സംഘർഷത്തെ തുടർന്നു സമീപത്തെ സ്വകാര്യ കെട്ടിട സമുച്ചയത്തിന്റെ മുറിയിലേക്കു കോൺഗ്രസ് പ്രവർത്തകൻ ഷെമീർ ഓടിക്കയറി.
ഷെമീറിന്റെ കുടുംബവും അവിടെയുണ്ടായിരുന്നു. ഷെമീർ മുറിയിലേക്ക് ഓടിക്കയറിയത് അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ അവിടം വളഞ്ഞു. ചിലർ മുറിയിലേക്ക് കല്ലേറും നടത്തി.
ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും നൂറോളം പൊലീസും സ്ഥലത്തെത്തി. പൊലീസ് എൽഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി.
വാഹനം തകർത്തവർക്കെതിരെ നിയമ നടപടി എടുക്കാമെന്ന് അറിയിച്ച്, പ്രശ്നം ഉണ്ടാക്കില്ലെന്ന ഉറപ്പിൽ പൊലീസിന്റെ വാഹനത്തിലാണ് ഷെമീറിനെയും കുടുംബത്തെയും പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയത്.
പിന്നീട് ഷെമീറിനെ ജാമ്യത്തിലെടുക്കാൻ കോൺഗ്രസ് പ്രവർത്തകർ രാത്രി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും വിടരുതെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ സ്റ്റേഷനിൽ തമ്പടിച്ചത് വീണ്ടും സംഘർഷത്തിന് കാരണമായി. മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തി. കൂടുതൽ പൊലീസ് സംഘവും സ്ഥലത്തെത്തി.
കലാശക്കൊട്ടിനുപോയ യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നു പരാതി
വെൺമണി ∙ വെൺമണി പുന്തലയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നു പരാതി. യൂത്ത് കോൺഗ്രസ് വെൺമണി മണ്ഡലം വൈസ് പ്രസിഡന്റ് പുന്തല കക്കട
മണ്ണിലയ്യത്ത് അലിഫ്ലാം (22), നിയോജകമണ്ഡലം സെക്രട്ടറി വാഴപ്പിടിശേരിൽ അബ്ദുൽ മുഹസ്സിൻ (23) എന്നിവർക്കാണു മർദനമേറ്റത്. ഇന്നലെ വൈകിട്ട് 5 മണിയോടെ പുന്തല മാർത്തോമ്മാ പള്ളിക്കു പടിഞ്ഞാറാണ് സംഭവം.
കലാശക്കൊട്ടിനായി കല്യാത്ര ഭാഗത്തേക്കു ബൈക്കിൽ വരികയായിരുന്ന ഇരുവരെയും തടഞ്ഞുനിർത്തി മർദിച്ചെന്നാണ് പരാതി.ഇടതുമുന്നണിയുടെ ജാഥ കടന്നു പോകുന്നതിനിടെ ഇതേ ദിശയിൽ സഞ്ചരിച്ച തങ്ങളെ ഡിവൈഎഫ്ഐക്കാർ മർദിക്കുകയായിരുന്നെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. നേരത്തെ അപകടത്തെ തുടർന്നു ശസ്ത്രക്രിയ കഴിഞ്ഞ വലതുകാലിൽ ചവിട്ടിയതായും പരുക്കേറ്റതായും അലിഫ് പറയുന്നു.തലയ്ക്കും മർദനമേറ്റു.ഇരുവരെയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

