ചെങ്ങന്നൂർ ∙ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷമാകുന്നു, ഗവ.ഐടിഐയിൽ അക്കാദമിക്ക് ബ്ലോക്കും ഹോസ്റ്റലും അടഞ്ഞു തന്നെ. കിഫ്ബി ഫണ്ടിൽ നിന്നും 20 കോടി രൂപ ചെലവഴിച്ച് നിർമിച്ച അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചത് 2024 ഒക്ടോബർ 24നാണ്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഈ കെട്ടിടങ്ങൾ ഇനിയും തുറക്കാനായില്ല.
ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾ വാടകവീട് അന്വേഷിക്കുകയാണ്. പഴയ ഹോസ്റ്റൽ കെട്ടിടം ജീർണാവസ്ഥയിലാണ്. തോട്ടം തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിരിക്കുന്ന എംഎംവി ട്രേഡുകളിലെ 20 സീറ്റുകളിൽ വടക്കൻ ജില്ലകളിൽ നിന്നാണു ട്രെയിനികൾ എത്താറുള്ളത്.
എന്നാൽ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ പലരും അവിടത്തെ പഠനമുപേക്ഷിച്ച് മടങ്ങുകയാണ്.പുതിയ കെട്ടിടം പണിതിട്ടും പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്.
1960ൽ ആരംഭിച്ച ഗവ. ഐടിഐയിലെ കെട്ടിടങ്ങൾ ജീർണാവസ്ഥയിലായതിനാൽ മന്ത്രി സജി ചെറിയാന്റെ നിർദേശത്തെത്തുടർന്ന് 20 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട
സമുച്ചയം നിർമിച്ചത്. മൂന്നു നിലകളിലായി 72 ,345 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച അക്കാദമിക്ക് ബ്ലോക്കിൽ 30 സ്മാർട്ട് ക്ലാസ് മുറികൾ, 5 വർക് ഷോപ്പുകൾ, 200 സീറ്റുകൾ ഉള്ള കോൺഫറൻസ് ഹാൾ, ഡ്രോയിങ് ഹാൾ, ലൈബ്രറി, സ്റ്റോർ , ശുചിമുറികൾ എന്നിവയുണ്ട്. 12,917 ചതുരശ്രയടിയിൽ നാലു നിലകളിലായി നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടത്തിൽ 68 വിദ്യാർഥികൾക്ക് താമസിക്കാം.
ഫർണീച്ചറുകളും വെറുതേ കിടന്നുനശിക്കുന്നു.
പ്രവർത്തനസജ്ജമാകാൻ കാത്തിരിപ്പു നീളും
വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനും ട്രാൻസ്ഫോമർ ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികൾ ക്രമീകരിക്കാനുമായി കെഎസ്ഇബിക്ക് കിഫ്ബി നൽകേണ്ട തുക നൽകാൻ വൈകിയതാണ് കണക്ഷൻ ലഭിക്കാൻ താമസമെന്ന് പ്രിൻസിപ്പൽ സി.എൽ.അനുരാധ പറഞ്ഞു. കഴിഞ്ഞ മാസം കിഫ്ബി 17.65 ലക്ഷം രൂപ അടച്ചതായും ഇതേത്തുടർന്നു ട്രാൻസ്ഫോമർ, എബിസി കേബിൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെയുള്ള ജോലികൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. അനുബന്ധ ജോലികൾ പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ ലഭിക്കണമെങ്കിൽ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]